തിരുവനന്തപുരം: ഇതുവരെ ഇടതു വലതു മുന്നണികള്‍ക്ക് വോട്ട് ചെയ്തിരുന്ന സമുദായങ്ങള്‍ ബിജെപിക്കൊപ്പം. മുന്നണികള്‍ വാഗ്ദാനങ്ങള്‍ മാത്രം നല്കി കാലമിത്രയും വഞ്ചിച്ചതില്‍ മനം നൊന്താണ് പാര്ശ്വവല്ക്കരിക്കപ്പെട്ടു കിടന്ന സമുദായങ്ങള്‍ ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചത്. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് തണ്ടാന്‍ സമുദായവും വിശ്വകര്‍മ്മജരുടെ സംഘടനയായ ആര്‍ട്ടിസാന്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷനും പരസ്യമായി രംഗത്തു വന്നു.
രാഷ്ട്രീയത്തിലും ഭരണത്തിലും തണ്ടാന്‍ സമുദാത്തോട് നീതി പുലര്‍ത്താത്ത കേരളത്തിലെ ഇടത്,വലത് രാഷ്ട്രീയ കക്ഷികളുടെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് തണ്ടാന്‍ സര്‍വ്വീസ് സൊസൈറ്റി ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ ശ്രീനിവാസന്, വൈസ്പ്രസിഡന്റ് പി.അനുകുമാര്‍, ജില്ലാ പ്രസിഡന്റ് ഒരുവാതില്‍ കോട്ട പി.ശശി, സെക്രട്ടറി തിരുവല്ലം വിജയന്, ഖജാന്‍ജി അഡ്വ.എസ്.ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തണ്ടാന്‍ സമുദായം വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ പട്ടികജാതിയില്‍ പെട്ട ഒരു സമുദായമെന്ന പരിഗണനപോലും നല്‍കിയില്ല. തണ്ടാന്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ നിരാകരിക്കുകയാണ് ഉണ്ടായത്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തുമ്പോള്‍ തണ്ടാന്‍ സമുദായത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിക്കുമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
കേരളത്തിലെ വിശ്വകര്‍മ്മജ സമൂഹം നിലനില്‍പ്പിനായുള്ള സമരത്തിലാണെന്ന് ആര്‍ട്ടിസാന്‍ വെല്‍ഫയര്‍ ഓര്ഗനൈസേഷന് ഭാരവാഹികള്‍ പറഞ്ഞു. കുത്തക കമ്പനികളുടെ കടന്നു കയറ്റം മൂലം കുലത്തൊഴില്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. മാറിമാറി ഭരിക്കുന്ന മുന്നണികള്‍ വിശ്വകര്‍മ്മജരെ അവഗണിക്കുകയും ആവശ്യങ്ങള്‍ക്കു നേരെ മുഖംതിരിക്കുകയുമാണ്. തൊഴില്‍ ചെയ്യാനുള്ള സാഹചര്യമില്ലാതെ ജീവിതം വഴിമുട്ടി നില്ക്കുന്ന സമൂഹത്തിന് ആശ്വാസമായത് ബിജെപിയുടെ ഇടപെടലാണെന്ന് ഓര്ഗനൈസേഷന് ഭാരവാഹികളായ വി.വിശ്വനാഥന്, പി.പി.ബാലന്, ശശാങ്കശേഖരന്, കെ.സി.മോഹനന്, ആര്.എസ്.മണിയന് എന്നിവര്‍ പറഞ്ഞു. വിശ്വകര്‍മ്മ സമുദായത്തിന്റെ പ്രശ്നങ്ങളെ സമഗ്രമായി വിലയിരുത്തി പ്രത്യേക മന്ത്രാലയം ഉള്‍പ്പെടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍ട്ടിസാന്‍സ് മേഖലയെ കേന്ദ്ര ടെക്സ്റ്റൈല്‍ വകുപ്പില്‍ നിന്ന് മാറ്റി സ്വതന്ത്രവകുപ്പാക്കുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപിക്ക് വോട്ട് ചെയ്യാന്‍ എല്ലാ വിശ്വകര്മ്മജരോടും അഭ്യര്‍ത്ഥിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: