കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. വലിയ വാഗ്ദാനങ്ങളേക്കാളുപരിയായി ജനങ്ങളുടെ സുരക്ഷിതമായ നിലനില്‍പ്പിനുവേണ്ട നടപടികളും അനിവാര്യമായ വികസനപ്രവര്‍ത്തനങ്ങളുമാണ് താന്‍ വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.
എറണാകുളത്തുകാര്‍ക്ക് ചിരപരിചിതനായ രാധാകൃഷ്ണന് തനിക്ക് അവസരം നല്കിയാല് വര്‍ഷങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന ഉറപ്പാണ് നല്‍കുന്നത്. പരമാവധി ആളുകളെ നേരില്‍ കണ്ട പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളിലുടനീളം അദ്ദേഹം അവരോട് പറഞ്ഞതും ഇതുതന്നെയാണ്.
തീരദേശ പരിപാലന നിയമം നിലവിലുള്ള സാഹചര്യത്തില്‍ തീരദേശവാസികള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. എറണാകുളം മറൈന്‍ ഡ്രൈവില്‍ 24 നില കെട്ടിടം നിര്‍മ്മിക്കാം. പക്ഷെ തൊട്ടപ്പുറത്ത് പോഞ്ഞിക്കരയില്‍ ചെറിയൊരു വീടുവയ്ക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഈ സ്ഥിതി മാറേണ്ടതുണ്ട്.
വര്‍ഷങ്ങളായി നാടു ഭരിക്കുന്നവരുടെ തെറ്റായ സമീപനവും നാടിന്റെ ജനപ്രതിനിധികളുടെ ഉദാസീനതയും മൂലമാണ് മണ്ഡലത്തിലെ പല മേഖലകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നത്. ഭൂഗര്‍ഭജലത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയസമീപനത്തെക്കുറിച്ച് ആരും ചിന്തിക്കുന്നതേയില്ല. നദികളുടെ സംരക്ഷണത്തിനും കുടിവെള്ളലഭ്യതയ്ക്കും കാര്യക്ഷമമായ നടപടി വേണം. കൊടും വേനലിലും കുടിവെള്ളം ലഭ്യമാക്കുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങളുടെ മാതൃക ഗുജറാത്തിലുണ്ട്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കുടിവെള്ള ക്ഷാമം പരിഹഹരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് രാധാകൃഷ്ണന് പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സുരക്ഷിതമായ നിലനില്‍പ്പ് ഉറപ്പാക്കുന്നതിന് നടപടികള്‍ അനിവാര്യമാണ്. എഫ്.എ.സി.ടിക്ക് അടിയന്തിര പാക്കേജ് വേണ്ടതുണ്ട്. പാക്കേജ് നല്‍കുമെന്ന വാഗ്ദാനങ്ങളല്ലാതെ പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടികളൊന്നുമുണ്ടായിട്ടില്ല. ഫാക്ടിന് നിലവില്‍ എല്‍.എന്‍.ജി നല്‍കുന്നത് കൊച്ചിയിലെ എല്‍.എന്‍.ജി. ടെര്‍മിനലില്‍ നിന്നാണ്. എട്ടു ശതമാനം മാത്രം ഉത്പാദനം നടക്കുന്ന ഇവിടെനിന്നും വന്‍ വില നല്കി എല്‍.എന്‍.ജി. വാങ്ങി ഫാക്ടിന് അധികകാലം പിടിച്ചു നില്‍ക്കാനാവില്ല.
എച്ച്.എം.ടിയിലെ ജീവനക്കാര്‍ സമരം ചെയ്യുന്നത് ശമ്പളം കൂട്ടുന്നതിനുവേണ്ടിയല്ല. ഉള്ള ശമ്പളം കിട്ടുന്നതിനായാണ്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഇനിയും പൂര്‍ണ്ണതോതിലായിട്ടില്ല. രാജീവ് ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനവും പേരിനുമാത്രമാണ്. 2007ല്‍ ശിലാസ്ഥാപനം നടത്തിയ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി ഇതിനോടകം ഏഴു ഘട്ടം പൂര്‍ത്തീകരിക്കേണ്ടതാണ്. ഒന്നാമത്തെ ഘട്ടത്തിന്റെ പെയിലിംഗ് മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. മാത്രമല്ല, അവിടെ അന്പതേക്കര് സ്ഥലം വില്‍ക്കുകയും ചെയ്തു. തൊണ്ണൂറായിരം പേര്‍ക്ക് ജോലി കിട്ടുന്ന പദ്ധതിയാണിത്.
സൗത്ത് റെയില്‍വേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുമെന്ന് റെയില്‍വേ ബജറ്റില്‍ വാഗ്ദാനം ചെയ്തിരുന്നു. അവിടെ ഒരു എസ്കലേറ്റര്‍ വച്ചതല്ലാതെ ഒന്നും നടന്നില്ല. ഐ.ഐ.ടി, അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിക്കല്‍ കോളേജ്, എടപ്പള്ളി-മൂത്തകുന്നം ഹൈവേ തുടങ്ങി പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങുന്ന പദ്ധതികളുടെ പട്ടിക നീളുകയാണ്. കൂടുതല്‍ വാഗ്ദാനങ്ങള്‍ നിരത്തി ജനങ്ങളെ വോട്ടര്‍മാരെ കബളിപ്പിക്കാതെ അവര്‍ക്കുമുന്നില്‍ ഇതിനോടകം അവതരിപ്പിക്കപ്പെട്ട പദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടത്. അതുതന്നെയാണ് ലക്ഷ്യമിടുന്നതും-രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: