കൊച്ചി: കേരളത്തില്‍ ഇടതുമുന്നണിയും വലതുമുന്നണിയും തമ്മില്തല്ലാണെങ്കിലും കേന്ദ്രത്തില്‍ ചെന്നാല്‍ ഇരുമുന്നണികളും ഒറ്റക്കെട്ടാണെന്ന് വെള്ളപ്പള്ളി നടേശന്. ഇവരെക്കൊണ്ട് കേരളത്തിന് പ്രത്യേകിച്ച് നേട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് പാര്‍ട്ടിയായാലും ഈഴവ സമുദായത്തിന്റെ ആശയത്തോട് യോജിച്ച് പോകുന്നവര്‍ക്കായിരിക്കും വോട്ട് നല്‍കുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു പാര്‍ട്ടികളുടേയും മതേതര സ്വഭാവം നഷ്ടമായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ന്യൂനപക്ഷ പ്രീണനം പ്രകടനമാണ്.
കേന്ദ്രത്തില്‍ മോദി നേതൃത്വം നല്കുന്ന ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ മോഡി കൂടിക്കൂടി വരികയാണെന്നും അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് ജനം വിശ്വസിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. മോദി എറണാകുളത്ത് കെപിഎംഎസിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പട്ടികജാതിക്കാരനായതിന്റെ പേരില്‍ വേദി പങ്കിടാന്‍ വിസമ്മതിച്ച നേതാക്കളാണ് ഇവിടുള്ളത്. മോദി പ്രധാനമന്ത്രിയായ ശേഷം കേരളത്തില്‍ എത്തിയാല്‍ ചിമ്മിണി റാന്തലുമായി ചെല്ലേണ്ടിവരില്ലേയെന്ന് മേയര്‍ ടോണി ചമ്മണിയുടേ പേര് പരാമര്‍ശിക്കാതെ അദ്ദേഹം ചോദിച്ചു. നന്മ ചെയ്തതുകൊണ്ടാണ് ഗുജറാത്തില്‍ ജനം മോദിയെ വീണ്ടും തെരഞ്ഞെടുത്തതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ഇടുക്കിയില്‍ പി.ടി. തോമസിനെ തഴഞ്ഞാണ് ഡീന്‍ കുര്യാക്കോസിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. കോണ്‍ഗ്രസിന്റെ ഗതികേടും അധപതനവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇവിടെ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജോയ്സ് ജോര്‍ജ് വിജയിക്കുകയാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ കൂറ് മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും അച്ചന്മാരുടെ ഇടപെടല്‍ കാണാം.
കേരളത്തിലിപ്പോള്‍ യുഡിഎഫിന്റെ ഗ്രാഫ് താഴ്ന്ന് നില്‍ക്കുകയാണെന്നും എല്‍ഡിഎഫിന്റേത് ഉയര്‍ന്നുവരുന്നതായും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം 400 ഓളം ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയ നടപടി തെറ്റായിപ്പോയെന്നും നോട്ടീസ് പോലും നല്കാതെയുള്ള ഏകപക്ഷീയമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 20,000 ത്തോളം ബാര്‍ ജീവനക്കാരുടെ എതിര്‍പ്പ്്് പ്രകടമാകുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: