ഷാര്‍നെല്‍ ഹ്യൂസ്, ഓര്‍മ്മയില്‍ സൂക്ഷിക്കുക ഈ പേര്. കൊടുങ്കാറ്റിന്റെ വേഗമുള്ള ജമൈക്കന്‍ ഇതിഹാസം യു.എസ്.എീന്‍ ബോള്‍ട്ടും ബോള്‍ട്ടിന്റെ ഒത്തയെതിരാളി യൊഹാന്‍ ബ്ലേക്കും 2016 റിയോ ഒളിംപിക്സിന്റെ സ്പ്രിന്റ് ട്രാക്കിലെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ വെടിയൊച്ച കാതോര്‍ക്കുമ്പോള്‍ അരികിലെ ലാപ്പില്‍ ഫിനിഷിങ് പോയിന്റിലേക്ക് തുറിച്ചുനോക്കി അവനും കാണും. ഒരുപക്ഷേ ബോള്‍ട്ടിനെയും ബ്ലേക്കിനെയും നിഷ്പ്രഭമാക്കിയെന്നും വരും. ബോള്‍ട്ടിനൊപ്പം പരിശീലനം… പതിനെട്ടാം വയസില്‍ ബ്ലേക്ക് പുറത്തെടുത്തതിനെക്കാള് വേഗം.. ഇപ്പോഴെ പയ്യന്‍സ് ആള്‍ക്കൂട്ടത്തിന്റെ മനംകവര്‍ന്നു തുടങ്ങിയിരിക്കുന്നു.
ലോക കായിക വിഹായസില് അണയാതാരകങ്ങളായി ജ്വലിച്ചുനില്ക്കുന്നവരില് അധികവും ജീവിതവ്യഥകളുടെ കഠിനപാതകള്‍ ചവിട്ടിക്കയറിയവരാണ്. ഹ്യൂസും വ്യത്യസ്തനല്ല. കരീബിയന്‍ രാജ്യമായ ആംഗുലിയയിലെ ഒരു ടാക്സി ഡ്രൈവറുടെയും സാധാരണക്കാരിയായ വീട്ടമ്മയുടെയും മകനായി പിറന്ന ഹ്യൂസ് ആദ്യമൊന്നും ഓട്ടത്തിനെയും ചാട്ടത്തിനെയും കുറിച്ച് ചിന്തിക്കുകപോലുമുണ്ടായില്ല. എന്നാല്‍ പത്താം വയസില്‍ ഹ്യൂസിന്റെ ജീവിതഗതി മാറി.
കോമണ്‍വെല്‍ത്ത് ദിനാഘോഷത്തിന്റെ ഭാഗമായുള്ള കായിക മേളയില്‍ ഹ്യൂസും പങ്കെടുത്തു. അതിലെ മികച്ച പ്രകടനം ആ കൊച്ചുമിടുക്കന് സ്കൂള്‍ ടീമില്‍ ഇടംനേടിക്കൊടുത്തു. ആദ്യ മീറ്റില്‍ തന്നെ ഹ്യൂസ് അഞ്ച് മെഡലുകള്‍ സ്വന്തമാക്കി. പിന്നെയും വിജയകഥകള്‍ ഏറെ പിറന്നു. പതിനാറാം വയസില്‍ കിങ്ങ്സ്റ്റണിലെ എലൈറ്റ് ട്രയിനിങ് സെന്ററില്‍ ചേര്‍ന്നു പഠിക്കുന്നതിനുള്ള സ്കോളര്‍ഷിപ്പ് ഹ്യൂസിന് കൈവന്നു. അവിടെ പരീശിലിക്കുമ്പോഴും ഒരു പെയിലറ്റ് ആകാനായിരുന്നു ഹ്യൂസ് മോഹിച്ചത്. ഗ്രൗണ്ടില്‍ ചെലവിട്ടതിനെക്കാളും ഏറെ നേരം പാട്ടുകള്‍ കേള്‍ക്കാനും കംപ്യൂട്ടര്‍ ഗെയിം കളിക്കാനുമൊക്കെ വിനിയോഗിച്ചു. എന്നാല്‍ ബോള്‍ട്ടിനും ബ്ലേക്കിനുമൊപ്പമുള്ള പരിശീലനം അവനെ അപ്പാടെ മാറ്റിമറിച്ചു. ഇക്കഴിഞ്ഞ ജമൈക്കന്‍ ഇന്റര്‍ സെക്കന്ററി സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 16നും 19നും വയസിനിടയിലുള്ളവരുടെ വിഭാഗത്തില്‍ മാറ്റുരച്ച ഹ്യൂസ് നൂറുമീറ്ററില്‍ ബ്ലേക്കിന്റെ (10.21 സെക്കന്റ്) റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. 10.12 സെക്കന്റില്‍ ഹ്യൂസ് ഫിനിഷിങ് ലൈന്‍ തൊട്ടപ്പോള്‍ അതു ചരിത്രമായി. ഈ വര്‍ഷത്തെ ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസാണ് ഹ്യൂസിന്റെ മനസിലെ ഏറ്റവും അടുത്ത ലക്ഷ്യം. ബോള്‍ട്ടും ബ്ലേക്കും കൂട്ടുകാരനെ ഏറെ സഹായിക്കുന്നുമുണ്ട്.
രണ്ടുപേരും (ബോള്‍ട്ടും ബ്ലേക്കും) എന്നെ ഉത്തേജിപ്പിക്കുന്നു. കഠിനം തന്നെയാണ് പരിശീലനം. ഒട്ടുംവിട്ടുകൊടുക്കാത്തവരാണവര്, ഹ്യൂസ് പറഞ്ഞു. ബോള്‍ട്ട് ഇടയ്ക്ക് അഭിനന്ദിക്കും. ബ്ലേക്ക് ചൊടിപ്പിക്കും. ആരെയും കുറിച്ച് ആലോചിച്ച് പരിഭ്രാന്തിവേണ്ടെന്നും ഉപദേശിക്കും, താരം കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, ഒളിംപിക്സിന് ഇറങ്ങണമെങ്കില്‍ ഹ്യൂസ് ചില പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകേണ്ടിവരും. ബ്രിട്ടീഷ് കോളനിയായതിനാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കുന്നതിന് ആംഗുലിയയ്ക്ക് തടസമില്ല. എന്നാല്‍ ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിയുടെ അംഗീകാരമില്ലാത്തതിനാല്‍ ഒളിംപിക്സില്‍ അവര്‍ക്ക് പ്രവേശനം ലഭിക്കില്ല. അതിനാല്‍ത്തന്നെ ഹ്യൂസിന് മറ്റൊരു രാജ്യത്തിന്റെ പതാകയ്ക്കു കീഴില്‍ മാത്രമെ മഹാ കായിക മാമാങ്കത്തിനെത്താനാവു. 2010ല്‍ ആംഗുലിയന് വനിതാ ലോങ്ങ് ജംപിങ് താരമായ ഷാറ പ്രോക്റ്റര്‍ ബ്രിട്ടനിലേക്ക് ചുവടുമാറിയിരുന്നു.
ഷാറയുടെ പാത പിന്തുടരുകയാവും ഹ്യൂസിനു മുന്നിലെയും പോംവഴി. ഞാന്‍ എല്ലായ്പ്പോഴും ചിന്തിക്കുന്ന കാര്യങ്ങളിലൊന്നാണത്. ബ്രിട്ടനുവേണ്ടി മത്സരിക്കുകയാവും ഏറ്റവും നല്ല മാര്‍ഗം, അതു മഹത്തരമായ കാര്യമാണ്, ഹ്യൂസ് വ്യക്തമാക്കി. ഹ്യൂസ് വാക്കുകളില്‍ ഉറച്ചുനിന്നാല്‍ ബ്രിട്ടന്റെ ഒളിംപിക് മെഡല്‍ സ്വപ്നങ്ങള്‍ക്ക് അതു മുതല്‍ക്കൂട്ടാവും. ലിന്‍ഫോര്‍ഡ് ക്രിസ്റ്റിക്കുശേഷം ലോകോത്തര നിലവാരമുള്ള സ്പ്രിന്റര്ക്കുവേണ്ടിയുള്ള അവരുടെ കാത്തിരിപ്പിനും വിരാമമാകും.
എസ്പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: