അച്ഛന് കര്‍ഷകനായിരുന്നു.
ധാരാളം വയലുകളും കുന്നുകളും പറമ്പുകളും സ്വന്തമായുള്ള, മോന്തിയോളം മണ്ണില്‍ അദ്ധ്വാനിക്കുന്ന കര്ഷകന്.
പണിക്കാരുമൊന്നിച്ച് അദ്ധ്വാനിച്ചുകൊണ്ടിരിക്കെ മണ്ണില്‍ക്കിടന്നു മരിച്ചു.
അച്ഛന്റെ മരണശേഷം ഏകമകനായ ഞാന്‍ കുന്നെടുത്ത് വയലിലിട്ട് പറമ്പാക്കി കോണ്‍ക്രീറ്റ് കൃഷിചെയ്തു.
ഭവനങ്ങള്‍… ക്വാര്‍ട്ടേഴ്സുകള്‍… ഉയര്‍ന്നുകൊണ്ടിരുന്നു.
എഞ്ചിനീയറായ ഞാന്‍ നിര്‍മ്മാണത്തില്‍ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തി.
എന്റെ മകന് കര്‍ഷകന്റെ മനസാണ്.
മണ്ണില്ലാത്ത മകന് ടെറസ്സ് കൃഷിഭൂമിയാക്കി.
ടെറസ്സ് കര്‍ഷകനായി പേരെടുത്ത മകന്റെ കൃഷിയിടത്തിന്റെ സുഖശീതളിമയില്‍ എ.സി ഓഫാക്കി ജാള്യത്തോടെ ഞാന്‍ ചാരുകസേരയിലേക്ക് മലര്‍ന്നു.
– നന്ദകുമാര്‍ പയ്യന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: