ഉണരൂ സിംഹമേ, ധീര
ഭാരതീയ യുവത്വമേ!
ധര്മമിന്നു വിളിക്കുന്നു
ധര്മരക്ഷയ്ക്കു നിങ്ങളെ.
ഉണരൂ സിംഹമേ, വീര
ഭാരതീയ യുവത്വമേ!
രാജ്യമിന്നു വിളിക്കുന്നു
രാജ്യരക്ഷയ്ക്കു നിങ്ങളെ.
നിങ്ങള്‍ തന് നഷ്ടമാം പൂര്‍വ
ജനസംസ്കൃതി പിന്നെയും
ഉദ്ധരിച്ചു നവാഹ്ലാദം
നുകരാന്‍ എഴുന്നേല്ക്കുക.
ഭരണം കിട്ടിയാല്‍ പിന്നെ
ചൂഷണം വ്രതമാക്കുവോര്‍;
അവരെസ്സേവനപ്പാഠം
പഠിപ്പിക്കാനൊരുങ്ങുക.
നീതിപീഠം അനീതിക്കു
കൂട്ടുനില്‍ക്കും വ്യവസ്ഥിതി
അടിച്ചുടച്ചു നന്നാക്കാന്‍
ധീരരേ, എഴുന്നേല്ക്കുക.
ഉദ്യോഗം സ്വാര്ത്ഥതയ്ക്കെന്നു
നിനപ്പോരെ ഒതുക്കുവാന്‍
ധനത്തിന് മീതെയായ് മര്‍ത്ത്യ
മഹത്വം അറിയിക്കുക.
സത്യധര്മങ്ങളെക്കൂട്ടി-
യിണക്കിക്കര്മധീരരായ്
ജനശക്തി ജ്വലിപ്പിച്ചു
ദുഃഖങ്ങള്‍ ഭസ്മമാക്കുക.
വിദ്യകൊണ്ട് വിവേകത്തിന്
യജ്ഞദീപം തെളിക്കുക,
കര്മശുദ്ധിയിലാനന്ദ-
ത്തൂവിയര്പ്പമൃതാക്കുക.
ആലസ്യം വെടിയൂ, ധീര
ഭാരതീയ യുവത്വമേ
വിളിപ്പൂ പൂവുമായ് പൂര്‍വ്വ
ദിങ്മുഖം കുങ്കുമാഭമായ്!
– പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: