തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങള്‍ രേഖപ്പെടുത്തിയ ഭൂപടങ്ങളിലെ അപാകതകള്‍ പരിഹരിച്ച് പുതുക്കിയ ഭൂപടം പ്രസിദ്ധീകരിക്കാന്‍ നല്കിയ സമയം ഇന്ന് അവസാനിക്കും. എന്നാല്‍ പുതുക്കിയ മാപ്പ് തയ്യാറാക്കുന്നതിന്റെ പ്രാരംഭ നടപടകിള്‍ പോലും ആരംഭിച്ചില്ല. പുതിയ ഭൂപടം തെരഞ്ഞെടുപ്പിന് ശേഷം പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. സര്‍വെ വകുപ്പിന്റെ പക്കലുള്ള ക്രഡസ്ട്രല് മാപ്പുകള്‍ ജൈവ വൈവിധ്യ ബോര്‍ഡിന് നല്‍കരുതെന്ന് മുഖ്യമന്ത്രി കര്‍ശ്ശന നിര്‍ദ്ദേശം നല്കിയിയതിനാലാണിത്. സര്‍വെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് വാക്കാല്‍ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.
വില്ലേജ് ഓഫീസറുടെ പക്കലുള്ള സര്‍വെ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള ക്രഡസ്ട്രല് മാപ്പ് ഉപയോഗിച്ച് ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും തോട്ടങ്ങളും വേര്‍തിരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭൂപടം 10 ദിവസത്തിനുള്ളില്‍ തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്കിയ നിര്‍ദ്ദേശം മുഖ്യമന്ത്രി തന്നെ അട്ടിമറിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങിയ 27ന് തന്നെ എല്ലാ പഞ്ചായത്തുകള്‍ക്കും വില്ലേജ് ഓഫിസുകള്‍ക്കും അടിയന്തരമായി മാപ്പുകള്‍ കൈപ്പറ്റണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പഞ്ചായത്തു പ്രസിഡന്റ്, വില്ലെജ് ഓഫിസര്‍, കൃഷി ഓഫിസര്‍, റവന്യൂ ഓഫിസര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സമിതി പരിശോധിച്ചു സ്ഥലങ്ങള്‍ അടയാളപ്പെടുത്തണമെന്ന നിര്‍ദേശവും നടപ്പിലായില്ല. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സര്‍വെ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ജൈവ വൈവിദ്യബോര്ഡിന് രേഖകള്‍ കൈമാറാന്‍ തയ്യാറായില്ല.
അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്കിയ കാര്യമാണ് മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഉദ്യോഗസ്ഥര്‍ മുക്കിയത്. പുതുക്കിയ ഭൂപടം തയ്യാറാക്കുന്നതില്‍ വന്ന കാലതാമസം കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംഭവം വീണ്ടും വിവാദമാകാമെന്ന് മന്ത്രിമാര്‍ ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്പ്പെടുത്തിയുരുന്നു. പരിസ്ഥിതിലോല പ്രദേശങ്ങള്‍ കണക്കാക്കിയതില്‍ കസ്തൂരി രംഗന് സമിതിക്ക് തെറ്റുസംഭവിച്ചെന്ന് സംസ്ഥാന റിമോട്ട് സെന്‍സിങ് വിഭാഗം കണ്ടെത്തിയിരുന്നു. ഇത് വിവാദമായപ്പോഴാണ് അപാകതകള്‍ പരിഹരിച്ച് പുതിയ മാപ്പു തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
കസ്തൂരി രംഗന് പ്രശ്നത്തില്‍ ഇടുക്കി, വയനാട് അടക്കമുള്ള മലയോര മേഖലകളില്‍ കോണ്‍ഗ്രസിന് വിരുദ്ധമായ വികാരം പടരുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പുതിയ വിവാദങ്ങള്‍ ഉണ്ടായാല്‍ അത് കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാക്കും. ഇത് മുന്നില്‍കണ്ടാണ് പുതിയ ഭൂപടത്തിന്റെ പ്രസിദ്ധീകരണം വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: