കൊച്ചി: കൈരളി ചാനല്‍ തലപ്പത്ത് മമ്മൂട്ടി തുടരുന്നതിനെതിരെ പാര്‍ട്ടിയിലും ഡയറക്ടര്‍ ബോര്‍ഡിലും എതിര്‍പ്പുയരുന്നതായി സൂചന. അമൃതാനന്ദമയി മഠത്തിനെതിരെ ചാനല്‍ സംപ്രേഷണം ചെയ്ത അഭിമുഖം മമ്മൂട്ടിയുടെ താത്പര്യ പ്രകാരമായിരുന്നുവെന്ന് വെളിപ്പെട്ടതോടെയാണ് പ്രതിഷേധം കനക്കുന്നത്. ഗെയ്ലിന്റെ അഭിമുഖം ലോക്സഭ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി സമ്മാനിക്കും എന്ന് ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ കമ്മറ്റികള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
ആലപ്പുഴ, കൊല്ലം ജില്ലാ കമ്മറ്റികളാണ് പരാതി നല്‍കിയിട്ടുള്ളത്. സംസ്ഥാന നേതാക്കളില്‍ ചിലരും ഇതേ പരാതി ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വം ആദ്യം വിലക്കിയ അഭിമുഖം ചെയര്‍മാനായ മമ്മൂട്ടിയുടെ താത്പര്യ പ്രകാരമാണ് സംപ്രേഷണം ചെയ്തത്. ചാനല്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഭൂരിപക്ഷവും ഇതറിഞ്ഞിരുന്നില്ല. ഡയറക്ടര്‍ ബോര്‍ഡിന്റെ അനുവാദത്തോടെയാണ് അഭിമുഖം സംപ്രേഷണം ചെയ്തതെന്ന ജോണ്‍ ബ്രിട്ടാസിന്റെ അവകാശവാദം തെറ്റാണെന്ന് ചില അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഡയറക്ടര്‍ ബോര്‍ഡ് ചേരുകയോ ബോര്‍ഡിന്റെ ഏതെങ്കിലും യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. സാധാരണ ഗതിയില്‍ എഡിറ്റോറിയല്‍ കാര്യങ്ങളില്‍ ഡയറക്ടര്‍ ബോര്‍ഡ് ഇടപെടാറില്ലെന്നും ചില അംഗങ്ങള്‍ വെളിപ്പെടുത്തുന്നു. മമ്മൂട്ടിയുടെ വ്യക്തിപരമായ താത്പര്യമായിരുന്നു അഭിമുഖം സംപ്രേഷണം ചെയ്തതിന് പിന്നിലെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്. സംഭവം വിവാദമായതോടെ ഡയറക്ടര്‍ ബോര്‍ഡിന്റെ തലയില്‍ കെട്ടിവച്ച് മമ്മൂട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
മമ്മൂട്ടിക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ രാജി വക്കുമെന്ന നിലപാടിലാണ് ചില അംഗങ്ങള്‍. ചാനല്‍ പ്രവര്‍ത്തനത്തെ മമ്മൂട്ടിയും ബ്രിട്ടാസും ഏകപക്ഷീയമായി ഹൈജാക്ക് ചെയ്തിരിക്കയാണെന്നും ഇവരുടെ വ്യക്തിപരമായ അജണ്ടകള്‍ക്കാണ് പ്രാധാന്യം ലഭിക്കുന്നതെന്നും അംഗങ്ങള്‍ക്കിടയില്‍ ആക്ഷേപമുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഇവരെ സംരക്ഷിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടി മെമ്പര്‍ പോലുമല്ലാത്ത മമ്മൂട്ടി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വരെ ഇടപെട്ടതും അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
വിവാദ അഭിമുഖം സൃഷ്ടിച്ച ഡാമേജ് പരിഹരിക്കണമെങ്കില്‍ മമ്മൂട്ടിക്കും ബ്രിട്ടാസിനുമെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്നാണ് ഇവരുടെ വാദം. അതിനിടെ പ്രതിഷേധം ശക്തമായതോടെ അമൃതാനന്ദമയി മഠവുമായി അനുരഞ്ജനത്തിനുള്ള വഴികളും ചാനല്‍ തേടുന്നുണ്ട്. മാതാ അമൃതാനന്ദമയിയുടേയോ സന്യാസിമാരുടേയോ അഭിമുഖം പകരം കൊടുക്കാമെന്നും ഗെയിലിനു നല്കിയതിനേക്കാള് കൂടുതല്‍ സമയം അനുവദിക്കാമെന്നും ചാനല്‍ മഠത്തെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ അമൃതാനന്ദമയി മഠം ഇതിന് താത്പര്യമില്ലെന്ന നിലപാട് അറിയിക്കുകയായിരുന്നു. അനുരഞ്ജനത്തിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നതായാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘം മഠത്തിന്റെ ഭാരവാഹികളെ സന്ദര്‍ശിച്ചിരുന്നു. എതിര്‍പ്പ് രൂക്ഷമായി തുടരുകയും തെരഞ്ഞടുപ്പില്‍ അത് പ്രതിഫലിക്കുകയും ചെയ്താല്‍ കൈരളി ചാനലിന്റെ തലപ്പത്ത് പല തലകളും ഉരുളുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: