ആറന്മുള: കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ആറന്മുള വിമാനത്താവളപദ്ധതിയെന്നും അതിന്റെ പുറകിലെ സാമ്പത്തിക സ്രോതസ്സ് അന്വേഷണ വിധേയമാക്കണമെന്നും കേരള വെള്ളാള മഹാസഭ യൂണിയന് പ്രസിഡന്റ് പി.കെ. ഭാസ്ക്കരന്‍പിള്ള അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ അമ്പത്തിയൊന്നാം ദിവസം സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.കെ. ഭാസ്ക്കരന്‍പിള്ള.
രാജ്യത്തിന്റെ സുരക്ഷയെ വരെ ബാധിക്കുമെന്ന് നാവിക സേന പറഞ്ഞ പദ്ധതിക്ക് പിന്‍വാതിലൂടെ അനുമതി നേടിയെടുത്ത ആന്റോ ആന്‍ണി എം.പി രാജ്യതാല്പര്യം ബലികഴിച്ചുവെന്ന് പി.കെ. ഭാസ്ക്കരന്‍പിള്ള അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ ഭൂമി പരിസ്ഥിതി നിയമങ്ങളെയും കാറ്റില്‍ പറത്തി കൊണ്ടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നതെന്നും, നിയമങ്ങള്‍ പാലിക്കേണ്ട ബാധ്യത സാധാരണക്കാരനു മാത്രമായി മാറിയിരിക്കുന്നുവെന്നും സത്യാഗ്രഹത്തില്‍ അദ്ധ്യക്ഷം വഹിച്ച കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം പി.കെ. ഹരീന്ദ്രനാഥകുറുപ്പ് അഭിപ്രായപ്പെട്ടു. രാജ്യസുരക്ഷയെ ബാധിക്കുന്ന നിയമങ്ങള്‍ വരെ അട്ടിമറിക്കുവാന്‍ സ്ഥലം എം.പി ഒത്താശ ചെയ്തു എന്ന ഗുരുതരമായ പ്രശ്നമാണ് ആറന്മുളയിലേതെന്നും പി.കെ. ഹരീന്ദ്രനാഥകുറുപ്പ് പറഞ്ഞു.
സത്യഗ്രഹപന്തല്‍ സന്ദര്‍ശിച്ച ചെങ്കോട്ടുകോണം ശ്രീരാമാദാസാശ്രമം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി.
വിമാനത്താവള വിരുദ്ധ ഏകോപനസമിതി കണ്‍വീനര്‍ പി.ആര്. ഷാജി സ്വാഗതം പറഞ്ഞു. കേരള വെള്ളാള സഭ മുന്‍ വൈസ് പ്രസിഡന്റ് പി.വി. രാമന്‍പിള്ള, ട്രഷറാര്‍ എം.പി. ഉണ്ണികൃഷ്ണന്, ബാലഗോകുലം താലൂക്ക് രക്ഷാധികാരി കെ.ജി. രാജപ്പന്, പരിസ്ഥിതി പ്രവര്ത്തകന് രവീന്ദ്രന് എരുമേലി, പൊന്നപ്പന്‍പിള്ള, പി. ഇന്ദുചൂഡന്, ആറന്മുള വിജയകുമാര്‍, കെ.ഐ. ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: