ലോക്സഭാ തെരഞ്ഞെടുപ്പിനോട നുബന്ധിച്ച് ബിജെപി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യസഖ്യം (എന്‍ഡിഎ) കേരളത്തില്‍ പുറത്തിറക്കിയ നയരേഖ സംസ്ഥാനത്തിന്റെ മുരടിപ്പകറ്റാനും ഗുണപരമായ മാറ്റത്തിന് തുടക്കംകുറിക്കാനും ഉപകരിക്കും. ദേശീയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചും സംസ്ഥാനത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടിയും തയ്യാറാക്കിയതാണ് രേഖ. അഞ്ചരപ്പതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസ് കാഴ്ചവച്ചത് കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും അസന്തുലിതാവസ്ഥയുമാണ്. ധനികന് കൂടുതല്‍ ധനികനും ദരിദ്രര്‍ കൊടിയ ദരിദ്ര്യവാസികളുമായി മാറിയതാണ് അനുഭവം. സുദീര്ഘ്യമായ ഭരണം നടത്തിയിട്ടും ഇപ്പോള്‍ പട്ടിണി മാറ്റുമെന്നും കിടന്നുറങ്ങാന്‍ കൂരനല്കുമെന്നും മറ്റുമുള്ള മുദ്രാവാക്യങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. ഇത് ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണ്. നിഷ്ക്രിയതയുടെയും അഴിമതിയുടെയും നീണ്ട ചരിത്രമാണ് കോണ്‍ഗ്രസിനു പറയാനുള്ളത്. വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റുകയാണ് കോണ്‍ഗ്രസിനെപ്പോലെ ഇടതുപക്ഷവും ചെയ്യുന്നത്. ന്യൂനപക്ഷസമുദായങ്ങളെ ഭയപ്പെടുത്തി കൂടെ നിര്‍ത്താനാണ് ശ്രമം. വര്‍ഗീയ വിദ്വേഷവും കാലഹരണപ്പെട്ട കലാപങ്ങളുടെ ഓര്‍മ്മപ്പെടുത്തലും കപടമതേതരത്വ വാചകമടിയുമെല്ലാമാണ് അവരുടെ ആയുധങ്ങള്‍. കേരളത്തിന് സാധ്യതകളേറെയാണ്. അവ പ്രയോജനപ്പെടുത്താന്‍ ഒരു ശ്രദ്ധയും ശ്രമവുമില്ല. അതില്‍ പ്രധാനപ്പെട്ടതാണ് ഐടി. രാജ്യത്തെ ഐടി കയറ്റുമതിയില്‍ വളരെ ചെറിയ സംഭാവന മാത്രമാണ് ഇന്ന് കേരളത്തിലുള്ളത്. ഇതിന്റെ പതിന്മടങ്ങ് കര്‍ണാടകത്തിനുണ്ട്. അവിടെ ഈ രംഗത്ത് ജോലി ചെയ്യുന്നവരില്‍ ഏറിയഭാഗവും മലയാളികളാണെന്നുള്ളതാണ് വിരോധാഭാസം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന പങ്കാണ് പ്രവാസി മലയാളികള്‍ക്കുള്ളത്.
പ്രവാസികളുടെ സഹകരണം പരമാവധി ഗുജറാത്ത് പ്രയോജനപ്പെടുത്തുന്നുണ്ട്. ആ മാതൃക എന്‍ഡിഎ കേരളത്തിലും കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് രേഖയില്‍ പറയുന്നു. എല്ലാവര്ക്കും തൊഴിലും അതിലൂടെയുള്ള സാമ്പത്തിക ശാക്തീകരണവുമാണ് എന്‍ഡിഎ മുന്നോട്ടു വയ്ക്കുന്ന മുഖ്യലക്ഷ്യം. ജനങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആത്മബലം പകര്ന്നുനല്കുന്ന കര്‍മ്മപദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. കോണ്‍ഗ്രസും സിപിഎമ്മും നാമമാത്രമായ ആനുകൂല്യങ്ങള്‍ നല്കി ജനങ്ങളെ വഞ്ചിക്കുകയാണ്. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ച് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്കിയതൊഴിച്ചാല് വികസനത്തിന്റെ പന്ഥാവിലേക്ക് നയിച്ചില്ല. പ്രാഥമിക വിദ്യാഭ്യാസം നല്‍കിയെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണയും പ്രോത്സാഹനവും ലഭ്യമാക്കിയില്ല. സഹതാപമല്ല അവര്‍ക്കു വേണ്ടത് ശാക്തീകരണമാണ്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള കരുത്തും അധ്വാനിക്കാനുള്ള അവസരവുമാണ് വേണ്ടതെന്ന് വികസന രൂപരേഖയില്‍ പറയുന്നു. പന്ത്രണ്ട് വര്‍ഷമായി ഗുജറാത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസനപദ്ധതിയാണ് കേരളത്തിന്റെ മുന്നിലുള്ള ഒരു മാതൃക. മൂന്നരപതിറ്റാണ്ടിലധികമായി പശ്ചിമബംഗാളില്‍ സിപിഎം ഉണ്ടാക്കിയ മാതൃകയാണ് രണ്ടാമത്തേത്. ബംഗാളില്‍ നിന്നെത്തി 25 ലക്ഷത്തില്‍പരം യുവാക്കള്‍ കേരളത്തില്‍ തൊഴിലെടുക്കുന്നു. ഗുജറാത്തില്‍ നിന്നാകട്ടെ വ്യാപാരികളും വ്യവസായികളുമാണ് ഇവിടെ വരുന്നത്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷ വികസനപദ്ധതി ചോദ്യം ചെയ്യപ്പെടുന്നത്.
ഇന്ത്യയിലേറ്റവും കൂടുതല്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ളത് ഗുജറാത്താണെങ്കില്‍ അത്തരം അന്തരീക്ഷം തീരെയില്ലാത്തത് കേരളത്തിലും ബംഗാളിലുമാണെന്ന് നയരേഖ ചൂണ്ടിക്കാട്ടുന്നു. ഒരു നാടിനെയും അതിന്റെ പൈതൃകത്തെയും അട്ടിമറിക്കുന്ന ആറന്മുള വിമാനത്താവള പദ്ധതി അംഗീകരിക്കില്ലെന്നും നയരേഖ വ്യക്തമാക്കുന്നുണ്ട്. വികസനത്തിന്റെ മറവില്‍ നടത്തുന്ന ഇത്തരം ജനദ്രോഹനടപടികള്‍ക്കെതിരെ പൊതുജനാഭിപ്രായം ഉയര്‍ത്തും. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട കേരളത്തിലെ ഭരണകക്ഷി നടത്തിയ അഴിമതികള്‍ അന്വേഷിക്കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് എന്‍ഡിഎ രൂപരേഖയില്‍ പറയുന്നു. ജനപങ്കാളിത്തത്തോടെ പശ്ചിമഘട്ടത്തെ സംരക്ഷിക്കും. ഗാഡ്ഗില്‍കമ്മറ്റി റിപ്പോര്‍ട്ട് ആശങ്കയകറ്റി നടപ്പാക്കാന്‍ ശ്രമിക്കും. പരിസ്ഥിതി സംരക്ഷണം ജനവിരുദ്ധമാകാതെ നടപ്പാക്കണം. ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്ന ജനവിരുദ്ധനടപടികള്‍ അവസാനിപ്പിക്കുമെന്നും എന്‍ഡിഎ രൂപരേഖയില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തും. മത്സ്യത്തൊഴിലാളികള്‍ക്കെതിരായ ഇറ്റാലിയന്‍ നാവികരുടെ അക്രമങ്ങള്പോലുള്ള സംഭവങ്ങള്‍ അനുവദിക്കില്ല. സര്‍വ്വധര്‍മ്മ സമഭാവനയാണ് ഭാരതീയ ദര്‍ശനം. ആരോടുമില്ല പ്രീണനം. എല്ലാവര്ക്കും തുല്യനീതി എന്നതാണ് എന്‍ഡിഎയുടെ നയം. ബഹുസ്വരത സംരക്ഷിച്ച് അത് രാജ്യത്തിന്റെ കരുത്താക്കി മാറ്റാനാണ് എന്‍ഡിഎ ശ്രമിക്കുകയെന്നും രേഖയില്‍ പറയുന്നു. മറ്റൊരു മുന്നണിയും മുന്നോട്ടു വയ്ക്കാത്ത നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടും എന്‍ഡിഎ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത് പ്രതീക്ഷയ്ക്ക് വക നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: