കേരളത്തില്‍ പതിവുപോലെ മാറിമാറി അധികാരത്തില്‍ വരുന്ന ഇടതു-വലതു മുന്നണികള്‍ വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്. വികസന പ്രക്രിയയില്‍നിന്നും വലിയൊരു വിഭാഗം ജനങ്ങളെ വിശേഷിച്ച് അവശ പിന്നോക്ക ജനവിഭാഗത്തെ അകറ്റിനിര്‍ത്തിയ കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റു രാഷ്ട്രീയം കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നും വികസനരംഗത്ത് ഒരു മാതൃകയാണെന്നും അവകാശപ്പെടുകയാണ്. കാര്‍ഷിക മേഖലയിലും വ്യാവസായിക മേഖലയിലും യാതൊരു വളര്‍ച്ചയും നേടാത്ത കേരളം ഉയര്‍ന്ന മാനവവികസന സൂചിക ചൂണ്ടിക്കാട്ടി മേനി നടിക്കുകയാണ്.
കേരളം ചില മേഖലകളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടുള്ള വികസനമല്ല ഇവിടുണ്ടായത്. രാഷ്ട്രീയ നേതൃത്വം അവകാശപ്പെടുന്ന പുരോഗതിയുടെ ഗുണഭോക്താക്കളാകാന്‍ എല്ലാ വിഭാഗങ്ങള്‍ക്കും അവസരം ഉണ്ടാകാത്തത് ചര്‍ച്ചചെയ്യേണ്ടതുണ്ട്. സംഘടിത ശക്തിയുടെ ബലത്തില്‍ ചില വിഭാഗങ്ങള്‍ രാഷ്ട്രീയ, സാമ്പത്തിക, വ്യാവസായിക, വാണിജ്യ, കാര്‍ഷിക മേഖലകളിലൊക്കെ പുരോഗതി കൈവരിച്ചപ്പോള്‍ വലിയൊരു വിഭാഗം ജനത അവഗണിക്കപ്പെട്ടു. മുന്നണി സംവിധാനത്തില്‍ “വോട്ടു ബാങ്ക്” ഉള്ളവര്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അസംഘടിത വിഭാഗങ്ങള്‍ നോക്കുകുത്തികളായി. ജാതികളിലായി വിഭജിച്ചുനില്‍ക്കുന്ന ഭൂരിപക്ഷമെന്ന് പറയപ്പെടുന്ന സമൂഹം വിശേഷിച്ച്, പട്ടികജാതി, പട്ടികവര്‍ഗ്ഗ, അവശ പിന്നോക്ക വിഭാഗങ്ങള്‍ എല്ലാ മേഖലയിലും പിന്നിലാണ്. രാഷ്ട്രീയ രക്തസാക്ഷികളിലും സമരഭടന്മാരിലും അവര്‍ക്ക് മേല്‍കോയ്മ ലഭിച്ചുവെങ്കിലും രാഷ്ട്രീയാധികാരത്തില്‍ വിശേഷിച്ച് നയരൂപീകരണഫോറങ്ങളില് അവര്‍ പിന്നിലായി. സാക്ഷരത നേടി എന്നല്ലാതെ ഉന്നതവിദ്യാഭ്യാസ മേഖലയിലോ, സാങ്കേതിക വിദ്യാഭ്യാസ മേഖലയിലോ, ഈ ജനവിഭാഗങ്ങള്‍ ഇല്ല. സര്‍ക്കാര്‍ മേഖലയിലെ വിദ്യാലയങ്ങളിലെ സംവരണ സീറ്റിനപ്പുറം മറ്റ് അവസരങ്ങള്‍, വിശേഷിച്ച് ന്യൂജനറേഷന് കോഴ്സുകളില്‍ ഒന്നും ഈ വിഭാഗക്കാര്‍ക്ക് അവസരം നല്‍കുന്നില്ല. തുല്യവോട്ട് അവകാശമുള്ള കീഴാളര്‍ ജനാധിപത്യ വ്യവസ്ഥയില്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നു. മാത്രമല്ല അവഗണനയും നേരിടുന്നു. കേരളത്തിലെ ജനസംഖ്യയില്‍ 23 ശതമാനം വരുന്ന പിന്നോക്ക വിഭാഗമായ ഈഴവ ജനസമൂഹം ഹിന്ദു സമൂഹത്തിന്റെ 41 ശതമാനം വരും. എന്നാല്‍ 20 ശതമാനം വരുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ ഹിന്ദുക്കളിലെ 38 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. കേരളത്തിന്റെ വികസന പ്രക്രിയയില്‍ ഈ വിഭാഗങ്ങളെല്ലാം അവഗണിക്കപ്പെട്ടവരാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ടത് പട്ടികജാതി-പട്ടികവര്‍ഗ്ഗ- മറ്റ് പിന്നോക്ക ഹിന്ദുവിഭാഗങ്ങളാണ്. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി ഈ വിഭാഗങ്ങളെ സാക്ഷരരാക്കാന്‍ കഴിഞ്ഞുവെങ്കിലും കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് നേതൃത്വം രാഷ്ട്രീയലാഭത്തിനായി ഈ ജനവിഭാഗങ്ങളെ ചൂഷണംചെയ്യുകയായിരുന്നു. അവരുടെ മാനവ വിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിനോ പരമ്പരാഗത മേഖലയ്ക്കപ്പുറമുള്ള തൊഴില്‍ അവസരം നേടിയെടുക്കാനോ, വിദേശ രാജ്യങ്ങളില്‍ കേരളത്തിലെ മറ്റു ജനവിഭാഗങ്ങള്‍ നേടിയെടുത്തതുപോലെ തൊഴില്‍ അവസരങ്ങള്‍ പ്രാപ്തമാക്കാനോ അവര്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല, കേരളത്തില്‍ കാര്‍ഷിക, വ്യാവസായിക മേഖലയില്‍ പതുതായി തൊഴില്‍ അവസരം ഉണ്ടായതുമില്ല. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ വഞ്ചനയുടെ ബാക്കിപത്രമാണ് കേരളത്തിലെ അവശപിന്നോക്ക ജനവിഭാഗങ്ങള്‍. സംഘടിത ജനവിഭാഗങ്ങള്‍ എല്ലാം നേടിയെടുക്കുമ്പോള്‍ തങ്ങള്‍ അനുഭവിക്കുന്ന അവഗണന മനസ്സിലാക്കാന്‍പോലും പ്രാപ്തിയില്ലാത്തവരായി പിന്നോക്ക വിഭാഗങ്ങള്‍ മാറിയിരിക്കുന്നു. സംവരണത്തിന്റെ പിന്‍ബലത്തില്‍ തൃത്താല പഞ്ചായത്തുകളിലും നിയമസഭയിലും തെരഞ്ഞെടുക്കപ്പെടുന്നതൊഴിച്ചാല് പൊതുമണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ ഈ വിഭാഗങ്ങളെ കോണ്‍ഗ്രസോ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയോ അനുവദിക്കാറില്ല.
കേരള വികസനവും പട്ടികജാതി-വര്‍ഗവും
കേരള വികസന മാതൃകയുടെ വക്താക്കളായ മാര്‍ക്സിസ്റ്റുപാര്‍ട്ടിയും കോണ്‍ഗ്രസും മൂടിവയ്ക്കുന്ന വസ്തുതകളെ കൂടുതല്‍ ചര്‍ച്ചാവിഷയമാക്കേണ്ടതുണ്ട്. കേരളത്തിലെ ഹിന്ദുക്കളിലെ 38 ശതമാനം വരുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ രാഷ്ട്രീയ, സാമ്പത്തിക, വ്യാവസായിക, വാണിജ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലും മാനവവികസന സൂചികകളിലും എവിടെ നില്ക്കുന്നു എന്നത് വിലയിരുത്തപ്പെടണം. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്കരണപ്രക്രിയയില്നിന്ന് ഈ വിഭാഗങ്ങളെ ഒഴിവാക്കി. ബഹുഭൂരിപക്ഷം കര്ഷകത്തൊഴിലാളികളായതിനാല് കൃഷിഭൂമി അവര്‍ക്ക് ലഭിച്ചില്ല. മൂന്നു സെന്റ് മുതല്‍ അഞ്ചുസെന്റു വരെ ഭൂമി മാത്രമാണ് അവര്‍ക്ക് വീടുവയ്ക്കാന്‍ ലഭിച്ചത്.
2011-ല്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികജാതി-പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ അടിസ്ഥാന വിവരശേഖരണം (ഡേറ്റാ പ്രോസസിംഗ് സെന്റര്‍, തിരുവനന്തപുരം, 2011) ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. കേരള മോഡല്‍ വികസനത്തിന്റെ വക്താക്കള്‍ ബോധപൂര്‍വ്വം ഈ റിപ്പോര്‍ട്ടിനെ അവഗണിച്ചു. കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് ഭരണകൂടങ്ങള്‍ അവശജനവിഭാഗങ്ങളെ എങ്ങനെയാണ് വഞ്ചിച്ചതെന്ന് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നു. പട്ടിജാതി വിഭാഗങ്ങളോട് കാണിച്ച ഏറ്റവും വലിയ ക്രൂരത അവരില്‍ വലിയൊരു വിഭാഗത്തെ 26,198 കോളിനികളിലാക്കി(സങ്കേതം) അധിവസിപ്പിച്ചു എന്നതാണ്. 5.58 ലക്ഷം പട്ടികജാതി കുടുംബങ്ങളില്‍ 3.41 ലക്ഷം കുടുംബങ്ങള്‍ കോളനികളിലാണ് വസിക്കുന്നത്. പൊതുസമൂഹത്തില്‍നിന്നും പട്ടികജാതി വിഭാഗങ്ങളെ അങ്ങനെ അന്യരാക്കി. മനുഷ്യാവകാശത്തിന്റെ മറവില്‍ ഭീകരവാദ സംഘടനകളും, മതപരിവര്‍ത്തന ശക്തികളും ലക്ഷ്യമാക്കുന്നത് ഈ പട്ടികജാതി കോളനികളെയാണ്. 25,408 കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും ഇല്ല. ഭൂമിയുണ്ടായിട്ടും വീടില്ലാത്ത കുടുംബങ്ങള്‍ 15,989 ആണ്. കോളനികളിലെ 45,929 വീടുകള്‍ വാസയോഗ്യമല്ലാതായിരിക്കുന്നു. 88,333 കുടുംബങ്ങളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. 68,555 കുടുംബങ്ങള്‍ക്ക് കക്കൂസ് ഇല്ല. 1,23,871 വീടുകള്‍ ഒറ്റമുറി മാത്രമുള്ളതാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വീടുകള്‍ 67,911 ആണ്.
കേരളത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സ്ഥിതിയും ഏറെ പരിതാപകരമാണ്. പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ ആകെ വീടുകള്‍ 100912 ആണ്. ഇതില്‍ 50,414 വീടുകള്‍ ജീര്‍ണ്ണാവസ്ഥയിലാണ് (55.32%). 39,580 വീടുകള്‍ക്ക് (43.75%) അടുക്കള ഇല്ല. താമസയോഗ്യമല്ലാത്ത വീടുകള്‍ 31,648 ആണ്. 49,406 വീടുകള്‍ക്ക് കക്കൂസ് സൗകര്യം ഇല്ല. 8781 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീട് ഇല്ല. അവിവാഹിത അമ്മമാരും ഭവനരഹിതരായ സ്ത്രീകളും പട്ടികവര്‍ഗ്ഗവിഭാഗത്തില്‍ ഏറെയുണ്ട്.
പട്ടികജാതി വിഭാഗങ്ങളില്‍ ബഹുഭൂരിപക്ഷവും കാര്‍ഷിക മേഖലയിലാണ് പണിയെടുക്കുന്നത്. കാര്‍ഷികമേഖല തകര്‍ച്ചയുടെ വക്കിലാണെങ്കിലും 63 ശതമാനം തൊഴിലാളികളെ സംഭാവന ചെയ്യുന്നത് പട്ടികജാതിക്കാരാണ്. 5.21 ലക്ഷം പട്ടികജാതിക്കാര്‍ കാര്‍ഷിക മേഖലയില്‍ പണിയെടുക്കുമ്പോള്‍ 1.30 ലക്ഷം കാര്‍ഷികേതര മേഖലയില്‍ ജോലിനോക്കുന്നു. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ മുപ്പതിനായിരം മാത്രമാണ്. അതുപോലെ സ്ഥിരം തൊഴിലുള്ളവര്‍ 51,000 ആണ്. പ്രധാനമായും സര്‍ക്കാര്‍ മേഖലയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 26 ലക്ഷം പേര് തൊഴിലെടുക്കുന്നതില്‍ ഒരു ശതമാനം പോലും പട്ടികജാതിക്കാരില്‍ നിന്നില്ല. ഐ.റ്റി, ദൃശ്യമാധ്യമങ്ങള്‍ തുടങ്ങിയവയിലൊന്നും പട്ടികജാതിക്കാര്‍ക്ക് ഇടമില്ല. വ്യാപാര വ്യവസായ മേഖലകളിലും വിദ്യാലയങ്ങളുടെ നടത്തിപ്പിലും ഈ വിഭാഗങ്ങളില്ല.
സംസ്ഥാനത്തെ സര്‍ക്കാര്‍ ശമ്പളം നല്കുന്ന ഒരുലക്ഷത്തിരണ്ടായിരം എയ്ഡഡ് സ്കൂള്‍ അധ്യാപകരില്‍ പട്ടികജാതി വിഭാഗക്കാര്‍ കേവലം മൂന്നൂറ്റിമുപ്പത് പേര് മാത്രമാണ്. പട്ടികവര്‍ഗ്ഗക്കാര്‍ വെറും 55 പേരും. അതുപോലെ യുജിസി ശമ്പളം പറ്റുന്ന ഒന്‍പതിനായിരം എയ്ഡഡ് കോളേജ് അദ്ധ്യാപകരില്‍ പട്ടികജാതിക്കാര്‍ പതിനഞ്ചിനു താഴെയാണ്. സ്വകാര്യ മാനേജുമെന്റിന്റെ ഈ അനീതിയെ ചോദ്യം ചെയ്യാന്‍ കേരളം മാറി മാറി ഭരിച്ച ഇടതു-വലതു സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളവും പെന്‍ഷനും നല്കുന്ന ജീവനക്കാരില്‍ സംസ്ഥാന ജനസംഖ്യയില്‍ 20 ശതമാനം വരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ പൂര്‍ണ്ണമായി അകറ്റി നിര്‍ത്തുന്നതിന്റെ ന്യായീകരണം നല്‍കേണ്ടത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസുമാണ്. ഈ നീതിനിഷേധം ഇനിയും തുടരണോ എന്ന് ജനങ്ങള്‍ വിധി എഴുതണം.
സാക്ഷരതയും വിദ്യാഭ്യാസവും
പട്ടികജാതി-പട്ടികവര്‍ഗ്ഗ-അവശപിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥയാണ് ഏറെ ഗുരുതരമായത്. സാക്ഷരതയില്‍ പട്ടികജാതിക്കാര്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്നിലാണ്. എന്നാല്‍ സാങ്കേതിക വിദ്യാഭ്യാസമേഖലയിലോ, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അവരുടെ പങ്കാളിത്തം കുറവാണ്. സംവരണത്തിന്റെ പരിരക്ഷ ലഭിക്കുന്ന സര്‍ക്കാര്‍ സാങ്കേതിക സ്ഥാപനങ്ങളില്‍ മാത്രമാണ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് പഠിക്കാന്‍ കഴിയുന്നത്. സംസ്ഥാനത്ത് ഇന്ന് എന്‍ജിനീയറിംഗ്, മെഡിക്കല്‍, പാരാ മെഡിക്കല്‍, മാനേജുമെന്റ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎഡ്, ടിടിസി, എല്‍എല്‍ബി, നഴ്സിംഗ്, ബയോടെക്നോളജി, ജേര്‍ണലിസം തുടങ്ങിയവ പഠിപ്പിക്കുന്ന ആയിരത്തില്‍പ്പരം സ്വാശ്രയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
കൂടാതെ കല്‍പ്പിത സര്വ്വകലാശാലയുമുണ്ട്. ഈ സ്ഥാപനങ്ങളില്‍ നാമമാത്രമായ പ്രാതിനിധ്യംപോലും പട്ടികജാതി, പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് ഇല്ല. രാജ്യത്തും വിദേശത്തും കൂടുതല്‍ തൊഴില്‍ ലഭിക്കുന്ന ന്യൂജനറേഷന് കോഴ്സുകളില്‍ പഠിക്കാന്‍ അവര്‍ക്ക് അതുകൊണ്ടുതന്നെ അവസരമില്ല. പട്ടികജാതി വിഭാഗത്തില്‍ 2.46 ലക്ഷം പേര് അതായത് 11.48% നിരക്ഷകരാണ്. മാത്രമല്ല, പട്ടികജാതിക്കാരില്‍ 65 ശതമാനവും സ്കൂള്‍ പഠനത്തോടെ വിദ്യാഭ്യാസരംഗത്തുനിന്ന് പുറത്താകുന്നു. അതുകൊണ്ടുതന്നെ പട്ടികജാതിക്കാരിലെ തൊഴില്‍രഹിതരില്‍ 55 ശതമാനവും എസ്എസ്എല്‍സി തോറ്റവരോ അതിനുതാഴെ പഠനം നിര്‍ത്തിയവരോ ആണ്.
പട്ടികജാതിവിഭാഗങ്ങള്‍ക്ക് ചില വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്കുന്നുവെങ്കിലും അതു ഉപയോഗിക്കാനുള്ള അവസരം ലഭിക്കുന്നില്ല. അത് നേടിയെടുക്കാനുള്ള അറിവോ, പ്രാപ്തിയോ അവര്‍ക്കില്ല. ഇടതും വലതും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പട്ടികജാതിക്കാരുടെ പിന്നോക്കാവസ്ഥയെ ചൂഷണം ചെയ്യുന്നവരാണ്.
മദ്യപാനവും സാമൂഹിക തിന്മകളും പട്ടിജാതി കോളനികളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്കുന്നുണ്ടല്ലോ എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ബഹുഭൂരിപക്ഷം കുടുംബങ്ങളില്‍നിന്നും വരുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ സഹായം നേടി എടുക്കാന്‍ കഴിയാറില്ല. ഉദാഹരണത്തിന് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തു മാത്രം 11709 പട്ടികജാതി വീടുകളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. ഈ വീടുകളില്‍നിന്ന് പഠിക്കാന്‍ വരുന്ന കുട്ടികളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. വാട്ടര്‍ കണക്ഷനും, കക്കൂസും, ഇവര്‍ക്ക് അന്യമാണ്. ഒറ്റമുറി മാത്രമുള്ള വീടുകളില്‍നിന്ന് വരുന്ന കുട്ടികളുടെ അവസ്ഥയും പരിതാപകരമാണ്.
പട്ടികജാതി വിഭാഗങ്ങളില്‍ ഭൂരിപക്ഷവും ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം നില്‍ക്കുന്നവരാണ്. കോണ്‍ഗ്രസിനോട് കൂറുപുലര്‍ത്തുന്നവരും ഏറെയുണ്ട്. തിരഞ്ഞെടുപ്പ് വേളയില്‍ മദ്യവും പണവും ഏറെ ഒഴുകുന്നത് പട്ടികജാതി വിഭാഗങ്ങളിലേക്കാണ്. സമരങ്ങള്‍ക്കും ജാഥകള്‍ക്കും ഇവരെ ഉപയോഗിക്കുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നാളിതുവരെ ഒരു പട്ടികജാതിക്കാരനും കടന്നുവന്നിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്. സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോയില്‍ പ്രവേശിക്കാന്‍ ഇതുവരെ ഒരു പട്ടികജാതിക്കാരനും അവസരമുണ്ടായിട്ടില്ല.
പട്ടികജാതി സംവരണം അട്ടിമറിക്കുന്നു
പട്ടികജാതി വിഭാഗങ്ങളുടെ വളര്‍ച്ചയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ് രംഗനാഥമിശ്ര കമ്മീഷന് ശുപാര്‍ശ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത്. 1950ലെ എസ്സി/എസ്റ്റി ഓര്‍ഡര്‍ ഭേദഗതി ചെയ്ത് ദളിത് ക്രിസ്ത്യാനികളെയും ദളിത് മുസ്ലിങ്ങളെയും കൂടി ഉള്‍പ്പെടുത്തി സംവരണ ആനുകൂല്യം നല്‍കണമെന്നാണ് രംഗനാഥമിശ്ര കമ്മീഷന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയും സിപിഎമ്മും ഈ നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്തിരിക്കുകയാണ്. ചരിത്രപരമായ കാരണങ്ങളാല്‍ നീതിനിഷേധിക്കപ്പെട്ട ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഭരണഘടന ഉറപ്പാക്കുന്ന സംരക്ഷണമാണ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്കുന്ന സംവരണം. കേന്ദ്രസര്‍വ്വീസില്‍ 15 ശതമാനവും കേരളത്തില്‍ എട്ട് ശതമാനവുമാണ് പട്ടികജാതി സംവരണം. പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കേന്ദ്രത്തില്‍ 7.5 ശതമാനവും സംസ്ഥാനത്ത് രണ്ട് ശതമാനവുമാണ് സംവരണം. പട്ടികജാതി വിഭാഗങ്ങളുടെ പട്ടികയില്‍ ഇരുപത് ലക്ഷം വരുന്ന പരിവര്‍ത്തിത ക്രിസ്ത്യാനികളെ കൂടെ ഉള്‍പ്പെടുത്തിയാല്‍ പട്ടികജാതി സംവരണം പൂര്‍ണ്ണമായും പരിവര്‍ത്തിത വിഭാഗങ്ങള്‍ കരസ്ഥമാക്കും. കാരണം വിദ്യാഭ്യാസപരമായും സാമ്പത്തികമായും രാഷ്ട്രീയമായും പരിവര്‍ത്തിത വിഭാഗങ്ങള്‍ ശക്തരാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എഴുപത് ശതമാനവും ക്രിസ്തീയ വിഭാഗത്തിനാണെന്നതും പട്ടികജാതി വിഭാഗങ്ങള്‍ക്ക് വിരലിലെണ്ണാവുന്ന സ്ഥാപനങ്ങള്‍ പോലും ഇല്ലെന്നതും ചേര്‍ത്തുവായിക്കണം. 1904ല്‍ മഹാത്മാ അയ്യാങ്കാളി വെങ്ങാനൂരില്‍ ആരംഭിച്ച സ്കൂള്‍ 110 വര്‍ഷം കഴിഞ്ഞിട്ടും യു.പി സ്കൂള്‍ മാത്രമായി നിലകൊള്ളുന്നത് എടുത്തുപറയേണ്ടതാണ്. കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റു സര്‍ക്കാരുകള്‍ അയ്യങ്കാളിയോട് കാണിക്കുന്ന ക്രൂരത ഇനിയെങ്കിലും തിരിച്ചറിയപ്പെടാതെ പോകാന്‍ പാടില്ല.
ഡോ. കെ. ജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: