പുതൂരിന്റെ ഒരു കഥയെങ്കിലും വേണം വാര്‍ഷികപ്പതിപ്പില്‍. പുതൂര്‍ കഥ ഇല്ലാതില്ല ഒരു വാര്‍ഷികപ്പതിപ്പും. അങ്ങനെ കുറെക്കാലം. വായനക്കാരില്തന്നെ ഒരുകുട്ടം പുതൂര്‍ കമ്പക്കാരായിരുന്നു. സാഹിത്യരീതിയിലും വിഷയത്തിലും എഴുത്തുകാര്‍ പുതുപരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ മാറാതെ നിന്ന എഴുത്തുശീലമായിരുന്നു പുതൂര്‍ ഉണ്ണികൃഷ്ണന്റേത്. അതുപക്ഷേ തന്റെ ചട്ടക്കൂടില്‍ അവസാനിക്കാത്തത്ര പറയാനുണ്ടായിരുന്നതുകൊണ്ടാവണം.
ഗുരുവായൂര്‍ ആയിരുന്നു പുതൂരിന്റെ തട്ടകം. ഗുരുവായൂര്‍ ക്ഷേത്രമാകട്ടെ അദ്ദേഹത്തിന്റെ കര്‍മത്തിലെ സ്വക്ഷേത്രവും. അടുത്തറിഞ്ഞതില്നിന്നായിരുന്നു പുതൂരിന്റെ രചന. ഒളിഞ്ഞും തെളിഞ്ഞും ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും രചനയിലെ സ്ഥലകാലങ്ങളായിരുന്നു. അവിടെ കണ്ടവരും അറിഞ്ഞവരുമൊക്കെ പുതൂര്‍ എഴുത്തിലെ കഥാപാത്രങ്ങളായി. അനുഭവങ്ങളിലൂടെ കഥകളെന്നും ചുറ്റിലുണ്ടായിരുന്നു. അറിഞ്ഞ കഥകള്‍ തീരാതെ കഥ തേടി പോകേണ്ടിവന്നില്ല അദ്ദേഹത്തിന്. ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ ക്ലാര്‍ക്കായി തുടങ്ങി ലൈബ്രറിയുടെ തലവനായി തീര്‍ന്നതുവരെയുള്ള അനേകവര്‍ഷങ്ങളുടെ ഔദ്യോഗിക ജീവിതംതന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്വന്തം ജീവിതവും. ഗുരുവായൂര്‍ എന്ന ഇട്ടാവട്ടത്തില്‍ ലോകം എന്ന വലിയ വട്ടമുണ്ടായിരുന്നു. ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആളുകളെത്തുന്നു എന്നതുതന്നെ ഈ വലിയ വട്ടത്തിന് കാരണം.
ഭക്തിയും ആധ്യാത്മികതയും മുട്ടിയുരുമ്മി നിന്നതാണ് പുതൂര്‍ സാഹിത്യത്തിലെ പൂമ്പൊടി. ഭക്തിവിതാനം ചുറ്റിപ്പറ്റി നിന്ന ഒരന്തരീക്ഷം അതിലുണ്ട്.
കഥയുടെ ചുറ്റുവട്ടങ്ങള്‍ വികസിച്ചുവരുന്ന ചേരുവകളുടെ രസഗുളയുണ്ടാക്കുന്ന നല്ലൊരു കഥാപാചകക്കാരനാണ് പുതൂര്‍. കഥകളിലും നോവലുകളിലും ഇത്തരമൊരു കഥപറച്ചിലുണ്ട്. ആനയുടെയും ആനക്കാരുടെയും അനുബന്ധക്കാരുടെയും കഥ പറയുന്ന ആനപ്പക എന്ന ബൃഹത് നോവലില്‍പ്പോലും ഇങ്ങനെയൊരു കഥാചട്ടക്കൂടുണ്ട്. വിഷയംപോലെ അതവതരിപ്പിക്കാനുള്ള കഥാരീതിയാണ് പുതൂര്‍ രചനകളുടെ സവിശേഷത. പല എഴുത്തുകാരും ഇത്തരമൊരു ശീലം ഉപേക്ഷിച്ചപ്പോള്‍ അതില്‍ മുറുകെപ്പിടിക്കുകയായിരുന്നു പുതൂര്‍. ക്ഷേത്രം, ആചാരാനുഷ്ഠാനങ്ങള്‍, ഭക്തര്‍ ഇതെല്ലാം ചേര്‍ന്നൊരു ധര്‍മ്മം ഈ എഴുത്തുകാരന് പരിപാലിച്ചു. അതുകൊണ്ട് ജീവിതത്തിന്റെ ധാര്‍മികതയിലൂന്നി പുതൂര്‍ എഴുതി. അദ്ദേഹത്തിന്റെ ഒരു നോവലിന്റെ പേരുതന്നെ ‘ധര്‍മചക്ര’മായത് യാദൃശ്ഛികമല്ല. ആദ്യനോവലായ ബലിക്കല്ലില്തന്നെ ഉണ്ണികൃഷ്ണന് പുതൂര്‍ എന്ന എഴുത്തുകാരന് നിര്‍ണയിക്കപ്പെടുന്നത് കാണാം.
ജീവിതത്തിന്റെ ആന്തരിക-ബാഹ്യ സംഘര്‍ഷങ്ങളുടെ ബലിക്കല്ലിനെയാണ് ഈ നോവല്‍ ചൂണ്ടിക്കാട്ടുന്നത്. കഠിനപ്രാരാബ്ധങ്ങളും തീവ്രവേദനകളുംകൊണ്ട് ജീവിതം ബലിക്കല്ലാവുമ്പോള് അതിനുണര്ച്ചയായി ധാര്‍മികതയുടെയും ആധ്യാത്മികതയുടെയും തലോടല്‍ ഇതില്‍ ഇഴപാകുന്നുണ്ട്. എന്നാല്‍ ആട്ടുകട്ടില്‍, അമൃതമഥനം എന്നീ നോവലുകളില്‍ മഞ്ഞച്ച അശ്ലീലതയുടെ ജീര്‍ണതയില്ലാത്ത ലൈംഗികത കടന്നുവരുന്നുണ്ട്. ഭാരതീയ ദര്‍ശനം ലൈംഗികതയുടെ ഉദാത്തഭാവം അംഗീകരിക്കുന്നതുകൊണ്ടാവണം ഇത് നഗ്നതയിലേക്കും അശ്ലീലതയിലേക്കും വഴുതാത്തത്.
സേവ്യര്‍. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: