കോഴിക്കോട്: ടിപി വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സിബിഐ തള്ളിയതില്‍ സിപിഎം അമിതമായി ആഹ്ലാദിക്കാന്‍ വരട്ടെയെന്ന് കേന്ദ്രമന്ത്രി എ.കെ ആന്റണി. സപിഎം നേതൃത്വം അറിഞ്ഞുതന്നെയാണ് ടിപി വധം ഉണ്ടായിട്ടുള്ളത്. ഒന്നിനും അവസാനമായിട്ടില്ല. എത്ര മൂടിവെച്ചാലും ഒരിക്കല്‍ സത്യം പുറത്തുവരും. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യുമെന്നും ആന്റണി പറഞ്ഞു.
കോഴിക്കോട് പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി. സിബിഐ കേസ് ഏറ്റെടുക്കില്ലെന്ന വാര്‍ത്ത വന്നപ്പോള്‍ പായസം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് സിപിഎം ആഘോഷിച്ചത്. ഇതില്‍ നിന്നെല്ലാം തന്നെ ടിപിയുടെ കൊലയില്‍ അവരുടെ പങ്ക് വ്യക്തമാണെന്നും ആന്റണി പറഞ്ഞു. ടി.പി കേസില്‍ സിപിഎമ്മിന് പങ്കില്ലെന്ന് അരിയാഹാരം കഴിക്കുന്ന ജനങ്ങള്‍ വിശ്വസിക്കില്ല.
ടിപിക്കേസില്‍ പഴയ നിലപാടില്‍ തന്നെയാണോയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വ്യക്തമാക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ വിഎസ് ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നും ആന്റണി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: