കൊടുങ്ങല്ലൂര്‍: ഭക്തിലഹരിയില്‍ പതിനായിരങ്ങള്‍ ശ്രീകുരുംബക്കാവു തീണ്ടി സായൂജ്യമടഞ്ഞു, കലിയിറങ്ങിയ ക്ഷേത്രാങ്കണത്തില്‍ നിന്നും ഭക്തര്‍ മടക്കമായി. ഉറഞ്ഞുതുള്ളിയ കോമരക്കൂട്ടങ്ങളും ദേവീഭക്തരും ഇന്നലെ വൈകിട്ട് 4.17 നാണ് കാവു തീണ്ടിയത്.
കാവുതീണ്ടലിന് അനുമതി നല്കി തമ്പുരാന്റെ പ്രതിനിധി കോയ്മ ചുവന്ന പട്ടുകുട നിവര്‍ത്തും മുമ്പെ തന്നെ ഭഗവതിയുടെ അനുജ്ഞ എന്നവണ്ണം കൃഷ്ണപ്പരുന്തുകള്‍ കാവിനുമുകളില് വട്ടമിട്ടു പറന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് പൂജ കഴിഞ്ഞ് ക്ഷേത്ര നടയടച്ചത്. ഉച്ചക്ക് 12 മണിയോടെ അശ്വതി പൂജക്ക് അടികള്‍മാര്‍ തുടക്കം കുറിച്ചു. രാവിലെ വലിയതമ്പുരാന്‍ ചിറക്കല്‍ കോവിലകത്ത് രാമവര്‍മ രാജ ക്ഷേത്രത്തിലെത്തി. ദേവിയുടെ ഭിഷഗ്വരന് എന്നു സങ്കല്‍പ്പിക്കുന്ന പാലക്കവേലന്‍ ദേവീദാസനും പടിഞ്ഞാറെ നടയില്‍ വസൂരിമാലക്കു സമീപം ഇരുന്നു. ശാക്തേയവിധിപ്രകാരമുള്ള രഹസ്യപൂജയായ തൃച്ചന്ദനചാര്‍ത്ത് വൈകിട്ട് നാലുമണിക്ക് മുമ്പ് പൂര്‍ത്തിയായി. കുന്നത്ത് മഠത്തിലെ പരമേശ്വരനുണ്ണി അടികള്‍, നീലത്ത് മഠം പ്രദീപ് കുമാര്‍ അടികള്‍, മഠത്തില്‍ മഠം രവീന്ദ്രനാഥ് അടികള്‍ എന്നിവരാണ് അശ്വതി പൂജ നടത്തിയത്. പൂജ കഴിഞ്ഞ് വലിയതമ്പുരാന്‍, തന്ത്രി ടി.എം.ശങ്കരന് നമ്പൂതിരിപ്പാട്, അടികള്‍മാര്‍ എന്നിവര്‍ പരിവാര സമേതം കിഴക്കെ നടയിലൂടെ പുറത്തേക്കിറങ്ങി. തമ്പുരാന് നിലപാടുതറക്കു മുകളില്‍ ഉപവിഷ്ടനായി കാവുതീണ്ടലിന് അനുമതി നല്‍കിയതോടെ കോയ്മ ചുവന്ന പട്ടുകുട നിവര്‍ത്തി. ഇതോടെ മണിക്കൂറുകളോളം അവകാശത്തറകളിലും മറ്റും അക്ഷമരായി കാത്തുനിന്ന ഭക്തര്‍ ശരണം വിളികളോടെ ഓട്ടപ്രദക്ഷിണം നടത്തി കാവുതീണ്ടി. വടികള്‍കൊണ്ട് ക്ഷേത്രത്തിന്റെ ചെമ്പോലകളിലടിച്ചും വഴിപാട് പൊതികള്‍ ക്ഷേത്രത്തിനകത്തേക്ക് വലിച്ചെറിഞ്ഞുമാണ് ഭക്തര്‍ കാവു തീണ്ടിയത്. തുടര്‍ന്ന് തമ്പുരാന് ദക്ഷിണ സമര്‍പ്പിച്ച് മടക്കയാത്ര ആരംഭിച്ചു. ഭരണിനാളായ ഇന്ന് രാവിലെ ദേവിക്ക് വരിയരി പായസം നിവേദിക്കും. തുടര്‍ന്ന് ദേവിയെ കിഴക്കേ വിളക്കുമാടത്തില്‍ സങ്കല്‍പ്പിച്ചിരുത്തും. പട്ടാര്യസമാജം കുശ്മാണ്ഡലി നടത്തി വെന്നിക്കൊടി പാറിക്കുന്നതോടെ ഭരണിനാളിലെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: