ബിജെപി മുന്നില്‍ വയ്ക്കുന്ന വികസനപദ്ധതി എല്ലാവര്ക്കും തൊഴിലും അതിലൂടെയുള്ള സാമ്പത്തിക ശാക്തീകരണവും സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആത്മബലം പകര്ന്നുനല്കുന്ന കര്‍മ്മപദ്ധതികളുമാണ്. കോണ്‍ഗ്രസും സിപിഎമ്മും ഏതാനും ചില ആനുകൂല്യങ്ങള്‍ നല്കി പാവപ്പെട്ട ജനവിഭാഗങ്ങളെ വഞ്ചിക്കുകയായിരുന്നു. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വിശേഷിച്ച് പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ചില പെന്‍ഷനും ആനുകൂല്യങ്ങളും നല്കിയതൊഴിച്ചാല് വികസനത്തിന്റെ പന്ഥാവിലേക്ക് അവരെ നയിച്ചില്ല. മാത്രമല്ല, പ്രാഥമിക വിദ്യാഭ്യാസം നല്കി എങ്കിലും, മറ്റു സംസ്ഥാനങ്ങളിലും ഗള്‍ഫ് നാടുകളിലുമുണ്ടായ തൊഴില്‍ അവസരങ്ങള്‍ പ്രാപ്തമാക്കാന്‍ വേണ്ട വിദ്യാഭ്യാസമോ, മാനവവിഭവശേഷി വികസനമോ നല്‍കിയില്ല. കേരളത്തിന്റെ വികസന പദ്ധതികളുടെ ഗുണഭോക്താവായത് സംഘടിത വോട്ട് ബാങ്ക് ഉള്ളവരും മതപരമായ സംഘടനാശേഷി തെളിയിച്ചുവര്ക്കുമാണ്.br/> അതായത് കേരളത്തിലുണ്ടായ വികസനം എക്സ്ക്ലൊാസെവ് വികസനമാണ്. തൊഴില്‍രഹിതര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും വേണ്ടത് ആത്മാഭിമാനത്തോടെ ഈ രാജ്യത്ത് ജീവിക്കാനുള്ള അവസരമാണ്. സഹതാപമല്ല, അവര്‍ക്ക് വേണ്ടത് ശാക്തീകരണമാണ്, പങ്കാളിത്തമാണ്. കണ്ണില്‍ പൊടിയിടുന്ന പദ്ധതികള്‍ ഇനി വേണ്ട എന്ന് ജനങ്ങള്‍ ഉറക്കെപ്പറയാം. പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടത് സ്വന്തം കാലില്‍ നില്‍ക്കാനുള്ള കരുത്താണ്. അദ്ധ്വാനിക്കാനുള്ള അവസരവും സാമ്പത്തിക ശാക്തീകരണവുമാണ്.
ബിജെപി മുന്നില്‍ വയ്ക്കുന്നത് വികസന പദ്ധതികളാണ്. അടിസ്ഥാന ജനവിഭാഗത്തിന്റെ ദൈന്യത ചൂഷണം ചെയ്യാനല്ല, അവരെ ശാക്തീകരിക്കാനും എല്ലാ മേഖലയിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കാനുമുള്ള പദ്ധതികള്‍ നരേന്ദ്ര മോദിയുടെ നേതൃത്വം മുന്നില്‍ വയ്ക്കുന്നു.
ഗുജറാത്ത് – കേരള വികസന മാതൃകകള്‍
കേരളത്തിന്റെ മുന്നില്‍ രണ്ടു വികസനമാതൃകകളാണ് നിലവിലുള്ളത്. ഒന്ന്: പന്ത്രണ്ട് വര്‍ഷമായി ഗുജറാത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസനപദ്ധതി. രണ്ട്: മുപ്പത്തയേഴു വര്‍ഷം തുടര്‍ച്ചയായി ഇടതുഭരണം പശ്ചിമബംഗാളില്‍ നടപ്പാക്കിയ വികസന പരിപാടികള്‍. ബംഗാളില്‍നിന്ന് ഏതാണ്ട് 25 ലക്ഷം ബംഗാളി യുവാക്കള്‍ കേരളത്തില്‍ തൊഴില്‍ തേടി വരുന്നു. അവര്‍ക്ക് സംഘടനാ സംവിധാനമോ, തൊഴിലുറപ്പോ, ക്ഷേമപദ്ധതികളോ ഇല്ല. എന്നാല്‍ ഗുജറാത്തില്‍ നിന്നും വ്യാപാരികളും വ്യവസായികളുമാണ് ഇവിടെ വരുന്നത്. ഈ പശ്ചാത്തലത്തിലാണ് കേരളം സ്വീകരിച്ച ഇടതുപക്ഷ വികസന പദ്ധതി ചോദ്യം ചെയ്യപ്പെടുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപസൗഹൃദ അന്തരീക്ഷമുള്ളത് ഗുജറാത്താണെങ്കില്‍ അത്തരം ഒരു അന്തരീക്ഷം ഏറ്റവും കുറച്ചുള്ളത് മാര്‍ക്സിസ്റ്റുപാര്‍ട്ടിക്ക് സ്വാധീനമുള്ള കേരളത്തിലും ബംഗാളിലുമാണ്. കേരളത്തിന് ലഭ്യമാകുമായിരുന്ന മൂന്നു വിപ്ലവങ്ങളെ, അതായത് കാര്‍ഷിക വിപ്ലവം, വ്യാവസായിക വിപ്ലവം, ഐടി വിപ്ലവം എന്നിവയെ തടഞ്ഞ കമ്മ്യൂണിസ്റ്റു വരട്ടുതത്വശാസ്ത്രത്തെ പരിത്യജിക്കേണ്ട സമയം വൈകിയിരിക്കുന്നു. മാത്രമല്ല കോണ്‍ഗ്രസ്-സിപിഎം രാഷ്ട്രീയ നേതൃത്വം സംഘടിത വിഭാഗങ്ങളുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്ന് നാം കണ്ടു. ഈ പശ്ചാത്തലത്തിലാണ് ഗുജറാത്ത് വികസനമാതൃക കേരളത്തിന് സ്വീകാര്യമാകുന്നത്. അടിസ്ഥാനപരമായി വേണ്ടത് കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നടപടികള്‍ കേരളത്തില്‍ പ്രായോഗികമാക്കണം. കേരളത്തിന് അനുയോജ്യമായ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് നടപടികള്‍ ഉണ്ടാവണം. ഐ.റ്റി മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ വലിയൊരു ശതമാനം മലയാളികളാണെങ്കിലും രാജ്യത്തിന്റെ ഐ.റ്റി വ്യവസായത്തില്‍ കേരളത്തിന്റെ സംഭാവന തീരെ ചെറുതാണ്. ഈ വൈരുദ്ധ്യം മാറണം.
പ്രവാസി നിക്ഷേപത്തെ മൂലധനമാക്കി മാറ്റാന്‍ കഴിയണം. പ്രവാസി മലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണം കേവലം ബാങ്ക് നിക്ഷേപമായി കിടക്കുകയാണ്. കേരളത്തിന്റെ വികസനത്തിനും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് ഈ നിക്ഷേപത്തെ മൂലധനമാക്കാന്‍ വേണ്ട സാഹചര്യം ഒരുക്കണം. പൊതു-സ്വകാര്യ പദ്ധതികള്‍ ആരംഭിക്കണം. കേരളത്തിന് സമ്പത്ത് ഉണ്ടായിട്ടും നിക്ഷേപമാക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റു നയങ്ങള്‍കൊണ്ടാണ്. ദാരിദ്ര്യത്തെ രാഷ്ട്രീയായുധമാക്കുന്ന സിപിഎം വികസനത്തെ ഭയപ്പെടുന്നു. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിന് ഇച്ഛാശക്തിയുള്ള നേതൃത്വവും ഇല്ല. നിക്ഷേപങ്ങള്‍ക്ക് ആത്മവിശ്വാസം പകര്ന്നുനല്കാന് രാഷ്ട്രീയ നേതൃത്വത്തിന് ബാദ്ധ്യതയുണ്ട്.
ഗുജറാത്തിലെ വികസനത്തിന് അവിടുത്തെ പ്രവാസികള്‍ നല്കുന്ന സംഭാവന വളരെ വലുതാണ്. കേരളത്തില്‍ അത്തരം ഒരു അന്തരീക്ഷം വരണമെങ്കില്‍ ബിജെപിയുടെ നേതൃത്വം ഉണ്ടാവണം. ഐ.റ്റി, ടൂറിസം, ആരോഗ്യം, ആയുര്‍വേദം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സാദ്ധ്യതകളെ കണ്ടെത്തണം. രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമാണ് കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തെ തകര്‍ത്തത്. സ്വാര്‍ത്ഥമായ ജാതി-മതതാല്പര്യങ്ങള്ക്കപ്പുറം രാഷ്ട്രസ്നേഹപരമായ സമീപനവും കരുത്തുറ്റ നേതൃത്വവും വേണം. ഇടതു-വലത് മുന്നണികള്‍ക്ക് ബദലായി ഒരു രാഷ്ട്രീയ മണ്ഡലം രൂപപ്പെടുത്താന്‍ ബിജെപി പ്രതിജ്ഞാബദ്ധമാകുന്നത് അതുകൊണ്ടാണ്.
മാര്‍ക്സിസ്റ്റു പാര്‍ട്ടി മുപ്പത്തിയേഴു വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാളിന്റെ വികസന മുരടിപ്പിന്റെയും സാമ്പത്തിക തകര്‍ച്ചയുടെയും സാക്ഷിപത്രമാണ് കോടിക്കണക്കിന് ബംഗാളി യുവാക്കള്‍ മറ്റു സംസ്ഥാനങ്ങളില്‍ അസംഘടിത മേഖലകളില്‍ ജോലി നോക്കുന്നത്. എന്നാല്‍ ഗുജറാത്തില്‍ നിന്നും ജനങ്ങള്‍ ഇങ്ങനെ തൊഴില്‍തേടി പോകുന്നില്ല. അതുകൊണ്ടുതന്നെ സിപിഎമ്മിന്റെ മാതൃകയും നരേന്ദ്ര മോദിയുടെ മാതൃകയും വോട്ടര്‍മാര്‍ താരതമ്യം ചെയ്യണം. പശ്ചിമ ബംഗാളിന്റെ അവസ്ഥ കേരളത്തിന് വരാതിരിക്കാന്‍ വിധി എഴുതണം. മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഏറ്റവും പിന്നോക്കാവസ്ഥയില്‍ കഴിയുന്നത് സിപിഎം നീണ്ടനാള്‍ ഭരിച്ച ബംഗാളിലാണ്. ഈ സാഹചര്യത്തില്‍ മാര്‍ക്സിസ്റ്റ് വികസന സംസ്കാരം തിരിച്ചറിയാന്‍ കേരള ജനത ഇനിയെങ്കിലും തയ്യാറാവണം.
ഭീകരവാദികള്‍ക്ക് തണലേകുന്ന സംസ്ഥാനം എന്ന പേര് കേരളത്തിനുണ്ട്. ഇടതു-വലതു മുന്നണികളുടെ പ്രീണന രാഷ്ട്രീയമാണ് തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് സഹായകമായത്. ഭീകരവാദത്തിന് മതമില്ല. അതുകൊണ്ട് മുഖം നോക്കാതെ നടപടിയുണ്ടാവണം. നിര്‍ഭാഗ്യവശാല്‍ ഭീകരവാദത്തെ മുസ്ലിം സമുദായവുമായി കൂട്ടിയിണക്കുന്ന ശൈലിയാണ് ഇടതു-വലതു മുന്നണികള്‍ സ്വീകരിച്ചിരിക്കുന്നത്. അതായത് ഭീകരവാദികള്‍ക്കെതിരായ നടപടി മുസ്ലിം ജനസമൂഹത്തിനെതിരായ നടപടിയായി ചിത്രീകരിക്കപ്പെടും എന്ന ഭയമാണ് ഇടതു-വലതു മുന്നണി ഭരണകൂടത്തെ ശക്തമായ നടപടികള്‍ എടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. കേരളത്തില്‍നിന്നും ഭീകരപ്രവര്‍ത്തനത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായത് അങ്ങനെയാണ്. അതുകൊണ്ടുതന്നെ യുവാക്കളെ ദേശസ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശവാഹകരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഭീകരവാദത്തിന് മതമില്ല. മതത്തിന്റേ ആനുകൂല്യം നല്‍കാനും പാടില്ല എന്ന സമീപനമാണ് ബിജെപി മുന്നില്‍വയ്ക്കുന്നത്. കേരളത്തില്‍ ഒരു പുതിയ വികസന സംസ്കാരമുണ്ടാകണമെങ്കില് സംസ്ഥാനം ഭീകരവാദികളുടെ ഭീഷണയില്നിന്നും മുക്തമാകണം.
ന്യൂനപക്ഷങ്ങള്‍ വോട്ട് ബാങ്കോ ?
സര്‍വ്വധര്‍മ്മ സമഭാവന അഥവാ സര്‍വ്വമത സമഭാവനയാണ് ബിജെപിയുടെ ദര്‍ശനം. “ആരോടുമില്ല പ്രീണനം, എല്ലാവര്ക്കും തുല്യനീതി” എന്നതാണ് പാര്‍ട്ടിയുടെ നയം. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാനും അത് രാജ്യത്തിന്റെ കരുത്താക്കി മാറ്റാനുമാണ് ബിജെപി ശ്രമിക്കുന്നത്. കോണ്‍ഗ്രസ് അഞ്ചര പതിറ്റാണ്ട് രാജ്യം ഭരിച്ചിട്ടും രാജ്യത്തെ മുസ്ലീങ്ങള്‍ പിന്നോക്കം നില്‍ക്കുന്നതെന്തുകൊണ്ട്? അതുപോലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി മുപ്പത്തിയേഴു വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാളിലാണ് സച്ചാര്‍ റിപ്പോര്‍ട്ട് പ്രകാരം മുസ്ലീങ്ങള്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. 27 ശതമാനം വരുന്ന മുസ്ലീങ്ങള്‍ക്ക് അവിടുത്തെ സര്‍ക്കാര്‍ സര്‍വ്വീസില്‍ കേവലം നാലു ശതമാനം പോലും പങ്കാളിത്തമില്ല. ഇതു സൂചിപ്പിക്കുന്നത് കപടമതേതര രാഷ്ട്രീയം മുസ്ലിങ്ങളെ വെറും ‘വോട്ട് ബാങ്കാ’യി മാത്രം കാണുന്നു എന്നതാണ്. എന്നാല്‍ ബിജെപി ന്യൂനപക്ഷങ്ങളുടെ ഹൃദയത്തിലാണ് ഇടം തേടുന്നത്. വോട്ടിനുവേണ്ടി ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്നതിനെ ബിജെപി എതിര്‍ക്കുന്നു.
ഭാരതത്തില്‍ വിവിധ മതവിഭാഗങ്ങള്‍ നൂറ്റാണ്ടുകളായി സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത്. കപട മതേതരരഷ്ട്രീയമാണ് ആ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയത്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് രാഷ്ട്രീയം തകര്‍ത്ത പരസ്പര വിശ്വാസവും സൗഹൃദവും വീണ്ടെടുക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. വിവിധ മതവിഭാഗങ്ങളെയും സമൂഹങ്ങളെയും സമഭാവനയോടെ വികസനപന്ഥാവിലേയ്ക്ക് നയിക്കുകയാണ് ബിജെപിയുടെ ദൗത്യം. വോട്ടിനുവേണ്ടി മൂല്യങ്ങളെ ത്യജിക്കുന്ന കപട മതേതര രാഷ്ട്രീയം ന്യൂനപക്ഷ സമൂഹം തിരിച്ചറിയണം. കപടമതേതര രാഷ്ട്രീയമാണ് ന്യൂനപക്ഷങ്ങളുടെ ശത്രു എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.
1977ല്‍ ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനും അടിയന്തരാവസ്ഥയ്ക്കും എതിരായി രാജ്യം വിധിയെഴുതിയപ്പോള്‍ കേരളത്തിലെ എല്ലാ ലോക്സഭാ സീറ്റിലും ഇന്ദിരാപക്ഷമാണ് വിജയിച്ചത്. അത് കേരളത്തിന്റെ ജനാധിപത്യസംസ്കാരം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാക്കി. അത്തരം ഒരു സാഹചര്യം ഇനി ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ടുതന്നെ യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്തിലും എല്ലാ ദേശസ്നേഹികളായ വോട്ടര്‍മാരും ജാഗ്രത പാലിക്കണം. ദേശീയ വികാരം കേരളത്തിലും പ്രതിഫലിക്കണം. ജാതി-മത താല്പര്യങ്ങള് വിലങ്ങുതടിയാകരുത്. 2014 ഒരു ചരിത്രപരമായ വിധിയെഴുത്താണ്. ഇനി ഒരു ദുര്‍ഭരണവും കുടുംബാധിപത്യവും അംഗീകരിക്കാന്‍ പാടില്ല. 1977ല്‍ കേരളത്തിലുണ്ടായ കളങ്കം 2014ല്‍ ആവര്‍ത്തിക്കില്ലാ എന്ന് നമുക്ക് ഉറപ്പാക്കാം.
കേരളത്തിനു വേണ്ടത് വരട്ടുവാദത്തിന്റെ ഇടതുപക്ഷമല്ല, അഴിമതിയും വര്‍ഗ്ഗീയതയും മുഖമുദ്രയാക്കിയ വലതുപക്ഷവും അല്ല. സമദൂരം ഒരു പോംവഴിയുമല്ല. വേണ്ടത് ഒരു ശരിപക്ഷമാണ്. അത് വികസനത്തിന്റെ പന്ഥാവുമാണ്. സമദൂരത്തിന്റെയും നിഷേധവോട്ടിന്റെയും വക്താക്കള്‍ ഉണര്‍ന്ന് ചിന്തിക്കുക. ഇടതിനെ തോല്പിക്കാന് വലതിനും വലതിനെ തോല്പിക്കാന് ഇടതിനും വോട്ടുചെയ്യുന്ന കേരളത്തിന്റെ നിഷേധ വോട്ടിംഗ് ശൈലിയാണ് മാറേണ്ടത്. വികസനത്തിന്റെ നായകനെയും പ്രസ്ഥാനത്തെയും ജയിപ്പിക്കാനായി ഇനി വോട്ടുചെയ്യുകയാണ് വേണ്ടത്. നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും പുതിയൊരു വികസന രാഷ്ട്രീയ സംസ്കാരം കേരളത്തിന് ഉറപ്പാക്കും.
ഡോ. കെ. ജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: