മനുഷ്യമനഃസാക്ഷിയെ നടുക്കിയ ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണപ്രഖ്യാപനം സര്‍ക്കാരിന്റെ വൈകിവന്ന വിവേകമായിരുന്നു. ഫെബ്രുവരി 20ന് സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കാന്‍ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെ സത്യാഗ്രഹം മാത്രം പോരായിരുന്നു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ കത്തും വേണ്ടിവന്നു. പ്രതിപക്ഷനേതാവിന്റെ കത്ത് പരിഗണിച്ചാണ് അന്വേഷണം സിബിഐക്ക് വിടാന്‍ നിശ്ചയിച്ചതെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചിരുന്നത്. പ്രതിപക്ഷനേതാവ് അന്നത്തെ നിലപാട് മാറ്റി.
പാര്‍ട്ടി അന്വേഷണത്തില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചതിനെയും ചന്ദ്രശേഖരന്റെ ദേഹത്ത് 52-ാമത്തെ വെട്ടാണ് വിഎസ് നടത്തിയതെന്ന് കെ.കെ.രമയും പറഞ്ഞതിനെചുറ്റിപ്പറ്റി വിവാദം തുടരുകയാണ്. അതിനിടയിലാണ് സിബിഐയുടെ നിലപാട് വക്താവ് കാഞ്ചന് പ്രസാദ് അറിയിച്ചിരിക്കുന്നത്. ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളുന്നു എന്നാണ് കാഞ്ചന്‍പ്രസാദ് അറിയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ സിബിഐ സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമായിരുന്നെങ്കില്‍ നേരത്തെ പ്രഖ്യാപിക്കേണ്ടിയിരുന്നുവെന്ന് നേരത്തെതന്നെ സിബിഐക്ക് അഭിപ്രായമുണ്ടായിരുന്നു. തെളിവുകള്‍ നശിപ്പിക്കുകയും സാക്ഷിമൊഴികള്‍ അട്ടിമറിക്കുകയും ചെയ്തുകഴിഞ്ഞു. ഗൂഢാലോചന സംബന്ധിച്ച് ഇനി എന്തെങ്കിലും വ്യക്തമായ തെളിവ് ലഭിക്കേണ്ടത് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ നിന്നാണ്. ഇതിന് സാധ്യത കുറവാണെന്നുമാണ് സിബിഐയുടെ ആദ്യനിഗമനം.
കേസ് ആദ്യഘട്ടത്തില്‍ സമര്‍ത്ഥമായി അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായ ദുരനുഭവമാണ് സിബിഐ ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇതിനു മുന്‍പ് സിബിഐ ഏറ്റെടുത്ത കേസുകളിലെല്ലാം രാഷ്ട്രീയ ഇടപെടലുകളാണ് ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ത്തതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ലാവ്ലിന് കേസ്, കിളിരൂര്‍- കവിയൂര്‍ പീഡനക്കേസ്, അഭയകേസ് എല്ലാത്തിലും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനായെങ്കിലും അവര്‍ രക്ഷപ്പെടുന്ന സാഹചര്യമാണുണ്ടായത്. ടിപി കേസിലും ഇതു സംഭവിക്കുമെന്നാണവര്ക്ക് ആശങ്ക. ഗൂഢാലോചന അന്വേഷണം ആരംഭിക്കേണ്ടത് പി.മോഹനനില്‍ നിന്നാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫായിസ് ജയിലില്‍ പി.മോഹനനെ കണ്ട വിവരങ്ങള്‍ ഇനിയും പുറത്തുവരേണ്ടുണ്ട്.
എന്നാല്‍ ഫായിസ് സിപിഎം നേതാക്കള്‍ക്കു മാത്രമല്ല ഭരണ മുന്നണിയിലെ പലര്‍ക്കും വേണ്ടപ്പെട്ടവനാണ്. കേസ് അന്വേഷണം അട്ടിമറിക്കാനുള്ള സിപിഎം – യുഡിഎഫ് ഒത്തുകളിയുടെ ഭാഗമായിരുന്നു ഫായിസിന്റെ ജയില്സന്ദര്ശനമെന്നാണ് സംശയം. ഫായിസിന്റെ സന്ദര്‍ശനം അന്നേ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കിലും തുടര്‍ അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു ആഭ്യന്തര വകുപ്പും സര്‍ക്കാരും. സിബിഐ അന്വേഷണം ഏറ്റെടുത്താലും കാര്യമായി മുന്നോട്ടു പോകാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നു. കൊലപാതക സംഘവും സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ ഫയാസും തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും ഉള്‍പ്പെടെ കേസ് സിബിഐക്ക് വിടാനുള്ള കാരണങ്ങള്‍ അന്ന് മന്ത്രി വിശദീകരിച്ചതാണ്. കൊലപാതകത്തിനുശേഷം ചില പ്രതികള്‍ക്ക് ഗോവ, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിവില്‍ പോകാന്‍ ബൊലേറോ വാഹനമടക്കമുള്ള സൗകര്യങ്ങള്‍ സിപിഎം ഏര്‍പ്പെടുത്തിയതായിരുന്നു.
ജയിലിനുള്ളില്‍ നിന്നുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി. കൊലപാതകം അന്വേഷിച്ച ക്രൈംബ്രാഞ്ച് സിഐഡി ഒരുപാടു സാമ്പത്തിക ഇടപടു നടന്നതായി വിലയിരുത്തിട്ടുണ്ട്. എന്നാല്‍, സാമ്പത്തിക സ്രോതസ് വെളിവായിട്ടില്ല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു ഫയാസിന്റെ പങ്ക് അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവാവിന്റെ അഭിപ്രായവും ശ്രദ്ധേയമായിരുന്നു. മറ്റൊരു ഏജന്‍സിയെ അന്വേഷണ ചുമതല ഏല്പിക്കുന്നതു ഉചിതമായിരിക്കുമെന്നും സംഘം ശുപാര്‍ശ ചെയ്യുന്നതായി ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. ഫയാസിന് രാജ്യാന്തരബന്ധങ്ങളുള്ളതിനാല് സിബിഐ അന്വേഷണത്തില്ക്കൂടിയെ യഥാര്‍ത്ഥ വസ്തുതതകള്‍ വെളിച്ചത്തുവരൂ എന്നാണ് അന്വേഷണ സംഘം വിലയിരുത്തിയിരുന്നത്. ഫയാസിനെതിരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം നടക്കുന്ന കാര്യവും അന്വേഷണസംഘം ചൂണ്ടിക്കാട്ടിയതാണ്. ടിപിയുടെ വിധവ രമ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. രമ നല്കിയ പരാതിയില്‍ സിപിഎം സെക്രട്ടറി പിണറായി വിജയനും ജയരാജനും കോടിയേരി ബാലകൃഷ്ണനും ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് പറഞ്ഞിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്താല്‍ ഇവരെല്ലാം ചോദ്യംചെയ്യപ്പെടും. അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കാന്‍ സിപിഎം ആഗ്രഹിക്കുന്നില്ല. അതൊഴിവാക്കാനാണ് ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഗൂഢാലോചന നടന്നിരിക്കുന്നത്. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് സംശയിച്ചത് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: