ബെയ്റൂട്ട്: സുറിയാനി സഭയുടെ പുതിയ പാത്രിയര്‍ക്കീസ് ബാവയായി മാര്‍ സിറിള്‍ അപ്രേം കരീം കുറിലോസിനെ തിരഞ്ഞെടുത്തു. ആഗോള സുറിയാനി സഭയുടെ വടക്കേ അമേരിക്കന്‍ ഭദ്രാസനാധിപന്‍ മാര്‍ സിറിള്‍ അപ്രേം കരീം കുറിലോസിനെ സിറിയയില്‍ നടന്ന സുന്നഹദോസില്‍ തിരഞ്ഞെടുത്തു. മാര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് എന്ന പേരിലാകും പാത്രീയാര്‍ക്കീസ് ബാവ അറിയപ്പെടുക.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ അച്ചാനെയിലെ യാക്കോബ് ബുര്‍ദാന പള്ളിയില്‍ നാല്പതോളം മെത്രാന്മാര് ചേര്‍ന്നാണ് പുതിയ പാത്രീയാര്‍ക്കീസ് ബാവയെ തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് ശ്രേഷ്ഠ കാതോലിക്ക ബാവയടക്കം ആറു പേര് വോട്ടവകാശം വിനിയോഗിച്ചു. 1965 മേയ് മൂന്നിന് സിറിയയിലെ കാമിഷ്ലിയിലാണ് സിറിള്‍ അപ്രേമിന്റെ ജനനം. 1977ല്‍ ലെബനനിലെ തിയോളജിക്കല്‍ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനം ആരംഭിച്ചു. 1982ല്‍ അലപ്പോയില്‍ സിറിയന്‍ ഓര്‍ത്തഡോക്സ് ആര്‍ച്ച് ബിഷപ്പായി. പിന്നീട് ഈജിപ്തില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഉന്നത ബിരുദം നേടി. 1985ലാണ് പൂര്‍ണ വൈദികവൃത്തിയിലേക്ക് സിറിള്‍ കടക്കുന്നത്.
1988-89 കാലത്ത് ഇഗ്നേഷ്യസ് സഖാ പ്രഥമന്‍ ബാവയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ഇതോടൊപ്പം ദമാസ്കസിലെ സെന്റ് ഇഫ്രേം തിയോളജിക്കല്‍ സെമിനാരിയില്‍ അദ്ധ്യാപനവും തുടര്‍ന്നു. 1996 ജനുവരി 28ന് കിഴക്കന്‍ അമേരിക്കയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ മെത്രാപ്പൊലീത്തയായി നിയമിക്കപ്പെട്ടു. 1996ല്‍ അമേരിക്കയിലെത്തിയ സിറിള്‍ അഫ്രേമിനെ ന്യൂജേഴ്സിയിലെ സെന്റ് മാര്‍ക് സിറിയക് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ചുമതലക്കാരനായി. ഇന്‍ ദ ട്രീ ഹൗസ് എന്ന പേരില്‍ കുട്ടികള്‍ക്കായുള്ള പുസ്തകം അടക്കമുള്ളവ രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: