കൊച്ചി: ബിജെപി എറണാകുളം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ കൊച്ചി നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പര്യടനത്തിന് ഇന്നലെ പര്യവസാനമായി. രാവിലെ ഒമ്പത് മണിയോടെ പള്ളുരുത്തി വെളിയില്‍ നിന്നാരംഭിച്ച സ്ഥാനാര്‍ത്ഥി പര്യടനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ ബി. രാധാകൃഷ്ണമേനോന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, ജില്ലാ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, കൗണ്‍സിലര്‍ ശ്യമള എസ്. പ്രഭു, പി.ബി. സുജിത്ത്, കെ. ശശിധരന്‍മാസ്റ്റര്‍, പി.ഡി. പ്രവീണ്‍, വിമലാ രാധാകൃഷ്ണന്, സജിനി രവികുമാര്‍, സഹജാ ഹരിദാസ്, ഇ.എസ്. പുരുഷോത്തമന് തുടങ്ങിയവര്‍ സംബന്ധിച്ചു.
തീരദേശത്തെ ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന തീരദേശപരിപാലന നിയമത്തെയും, രൂക്ഷമായ കുടിവെള്ള ക്ഷാമത്തെ കണ്ടില്ലന്ന് നടിക്കുന്ന ഇടത് – വലതുമുന്നണികളുടെ നിസംഗതെയെയും സ്ഥാനാര്‍ത്ഥി പര്യടനത്തില്‍ എ.എന്‍. രാധാകൃഷ്ണന് രൂക്ഷമായി വിമര്‍ശിച്ചു. ബിഒടി പാലത്തിലെ ടോള്‍ പിരിവെന്ന പേരില്‍ നടക്കുന്ന കൊള്ള നിര്‍ത്തലാക്കാന്‍ ഇതുവരെ സംസ്ഥാനം ഭരിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒന്നും ചെയ്തിട്ടില്ലന്ന് എ.എന്‍. രാധാകൃഷ്ണന് ആരോപിച്ചു. പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്ക് വീട് പോലും പണിയാന്‍ കഴിയാത്ത തരത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള തീരദേശപരിപാലന നിയമം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പള്ളുരുത്തി വെളിയില്‍ നിന്നാരംഭിച്ച പര്യടനം വൈകീട്ട് ആറ് മണിയോടെ ഫോര്‍ട്ട് കൊച്ചി ബീച്ചിലെത്തി. അവിടെ സ്ഥാനാര്‍ത്ഥിയുടെ ചിത്രം ആലേഖനം ചെയ്ത നൂറുക്കണക്കിന് പട്ടങ്ങളുമായി ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും കാത്ത് നില്‍പ്പുണ്ടായിരുന്നു. എ.എന്‍. രാധാകൃഷ്ണന് എത്തിയതോടെ നൂറുക്കണക്കിന് പട്ടങ്ങള്‍ ആകാശത്തിലേക്കുയര്‍ന്നു. പട്ടങ്ങള്‍ പറത്തിക്കൊണ്ടുള്ള പ്രചരണം കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗത്ത് നൂതനമായ ആശയമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. അതിന് ശേഷം മട്ടാഞ്ചേരി, ആനവാതില്‍, ചാക്കാമാടം വഴി രാത്രി ഒമ്പതരയോടെ ചെറളായിയില്‍ സ്ഥാനാര്‍ത്ഥി പര്യടനം സമാപിച്ചു. ഇന്ന് വൈപ്പിന്‍ മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം രാവിലെ ഒമ്പതിന് കടമക്കുടിയില്‍ നിന്നാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: