ശ്ലോകം: 74.
വ്യോമാസുരവിനാശകോ വ്യോമചാരീജനസ്തുതഃ
ദുഷ്ടകം സവധോദ്യുക്തോ മഥുരാപുരിമാപ്തവാന്
314. വ്യോമാസുരവിനാശക:
വ്യോമന് എന്നുപേരുള്ള അസുരനെ നശിപ്പിച്ചവന്. മായാസുരന്റെ മകനായിരുന്ന വ്യോമന് എന്ന അസുരന് മായാവിയായിരുന്നു. ഒരിക്കല്‍ കൃഷ്ണനും കൂട്ടുകാരും കളിച്ചുകൊണ്ടിരിക്കുമ്പോള്‍ വ്യമാസുരന് ഒരു ഇടയക്കുട്ടിയുടെ രൂപത്തില്‍ അവരുടെ കൂട്ടത്തില്‍ ചേര്‍ന്നു. കളിയുടെ ഭാഗമെന്ന മട്ടില്‍ ഗോപാലബാലന്മാരെയും പശുക്കളെയും ഗുഹകള്ക്കകത്താക്കി കല്ലുകൊണ്ട് ഗുഹാദ്വാരങ്ങള് അടച്ചു. കാലികളുടെയും കൂട്ടുകാരുടെയും എണ്ണം കുറഞ്ഞപ്പോള്‍ കൃഷ്ണന് വ്യോമന്റെ കളി കണ്ടുപിടിച്ചു. ഉടനെ തന്ന വ്യോമനെ വധിച്ചു. (നാരായണീയം 71-ാം ദശകത്തില്‍ ഈ ലീല വായിക്കാം.)
315. വ്യോമചാരീജനസ്തുത : വ്യോമചാരികളാല് സ്തുതിക്കപ്പെട്ടവന്‍. വ്യോമചാരി എന്ന പദത്തിന് ആകാശത്ത് സഞ്ചരിക്കുന്നവന് എന്നര്‍ത്ഥം. സന്ദര്‍ഭത്താല്‍ ദേവന്മാരെയും ദേവര്‍ഷികളെയും കുറിക്കുന്നു. ഭഗവാന്റെ ലീലകള്‍ കണ്ടുസന്തോഷിച്ച ദേവര്‍ഷികളും ദേവന്മാരും ഭഗവാനെസ്തുതിച്ചു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: