മലയാള സിനിമയിലെ അമ്മയായിരുന്ന സുകുമാരി ഓര്‍മ്മയായിട്ട് ഒരുവര്‍ഷം. നൂറുകണക്കിനു സിനിമകളിലൂടെ ഇന്നും പ്രേക്ഷകരുടെ മുന്നില്‍ സുകുമാരി എത്തുമ്പോള്‍ അവരുടെ മരണത്തെ താത്ക്കാലികമായിട്ടെങ്കിലും നമുക്കു മറക്കാനാവും. അഞ്ച് പതിറ്റാണ്ടുകളോളം തെന്നിന്ത്യന്‍ സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന അവരുടെ ഒന്നിനൊന്ന് വ്യത്യസ്ത വേഷങ്ങള്‍ കാഴ്ച്ചക്കാരില്‍ ഫിലിംറോള്‍ പോലെ ചുറ്റുകയാണ്. ബാലികയായും കാമുകിയായും ഭാര്യയായും അമ്മയായും അമ്മൂമ്മയായുമുള്ള സുകുമാരിയുടെ വേഷങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് ആവേശമാണ്. മലയാളം, തമിഴ്, തെലുങ്ക്. ഒറിയ ഹിന്ദി തുടങ്ങിയ ഭാഷകളിലായി രണ്ടായിരത്തിലേറെ സിനിമകളില്‍ വേഷമിട്ട സുകുമാരി ദക്ഷിണേന്ത്യന്‍ സിനിമയിലെ പല തലമുറകള്‍ക്കൊപ്പം അഭിനയിച്ചു. പലരും അന്യരുടെ ശബ്ദംകൊണ്ട് കഴിവുതെളിയിച്ചപ്പോള്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു ഈ നടി.
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ലളിത, പത്മിനി, രാഗിണിമാരുടെ ബന്ധു കൂടിയായ സുകുമാരി പത്താം വയസില്‍ ഒരറിവ് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലെത്തി.
52 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയില്‍ സുകുമാരി കൂടുതലും ചെലവഴിച്ചത്് കേരളത്തിലാണ്. സ്വയം ഊതി വീര്‍പ്പിച്ച് ആളാകുന്ന സിനിമാ ലോകത്ത് ഒരു തന്നടക്കമുണ്ടായിരുന്നു സുകുമാരിക്ക്. സിനിമാക്കാര് നേട്ടങ്ങള്‍ക്കായി നെട്ടോട്ടമോടുമ്പോള്‍ നേട്ടങ്ങളെക്കുറിച്ച് ഓര്മ്മിക്കാറില്ലായിരുന്നു അവര്‍. ആകെ എത്ര ചിത്രത്തില്‍ അഭിനയിച്ചു എന്ന് ചോദിച്ചാല്‍ സുകുമാരിക്ക് ഓര്‍മ്മയുണ്ടാകില്ല. എല്ലാ റോളുകളും നല്ലതെന്നായിരുന്നു സുകുമാരിയുടെ സിദ്ധാന്തം.
അതുകൊണ്ട് റോളുകളുടെ വലിപ്പച്ചെറുപ്പങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. സ്വാഭാവികമായ അഭിനയശൈലിയാണ് സുകുമാരിയുടെ ജനപ്രിയതയ്ക്ക് കാരണം. ഏതു വേഷവും സുകുമാരിക്കിണങ്ങും. അത് അവരുയ്ട മാത്രം പ്രത്യേകത. അമ്മ വേഷം (കുശുമ്പുകുത്തുന്നതും, കുശുമ്പില്ലാത്തതും), ചട്ടക്കാരി, മോഡേണ്‍ വേഷം, ഇനി കോമഡി വേണോ? എന്തും സുകുമാരിയുടെ കയ്യില്‍ ഭദ്രം. സുകുമാരിയാണ് റോളിലെങ്കില്‍ സംവിധായകര്‍ക്ക് ചുമ്മാ ബീഡിവലിച്ചിരിക്കാമെന്നൊരു പറച്ചിലുണ്ടായിരുന്നു സെറ്റില്‍. എല്ലാം ക്യാമറാമാന് നോക്കിക്കൊള്ളുമെന്നും.
1940ല്‍ മാധവന് നായരുടെയും സത്യഭാമ അമ്മയുടെയും മകളായി നാഗര്‍കോവിലിലായിരുന്നു സുകുമാരിയുടെ ജനനം. അന്ന് കേരളത്തിന്റെ ഭാഗമായിരുന്നു നാഗര്‍കോവില്‍. ജനനത്തീയതി പോലും കൃത്യമായി അറിയാതിരുന്ന അവര്‍ പിന്നീട് പാസ്പോര്‍ട്ട് ആവശ്യങ്ങള്‍ക്കായി ഒരു തീയതി കണ്ടെത്തുകയായിരുന്നു. തന്റെ ജനനത്തീയതി അമ്മയോട് ചോദിക്കുമ്പോള്‍ അമ്മ പറയുന്ന മറുപടി ‘നമ്മുടെ വീട്ടിന്റെ കതകില്‍ എഴുതി വച്ചിട്ടുണ്ടായിരുന്നു എന്നായിരുന്നു’. പില്ക്കാലത്ത് നാഗര്‍കോവിലില്‍ താന്‍ ജനിച്ചുവളര്‍ന്ന വീട് കാണാന്‍ പോയ സുകുമാരിയെ വരവേറ്റത് ഇടിഞ്ഞുപൊളിഞ്ഞുവീണ ഏതാനും മണ്‍കട്ടകളായിരുന്നു.
തിരുവനന്തപുരം പൂജപ്പുരയിലെ മലയകോട്ടേജിലായിരുന്നു സുകുമാരിയുടെ ബാല്യം. അച്ഛന്റെ സഹോദരി കാര്‍ത്ത്യായനി അമ്മയായിരുന്നു സുകുമാരിയെ വളര്‍ത്തിയത്. പിന്നീട് സുകുമാരിയുടെ വലിയമ്മയും ലളിത, രാഗിണി, പത്മിനിമാരുടെ അമ്മയുമായ സരസ്വതി അമ്മ മദ്രാസിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മദ്രാസിലെത്തിയ സുകുമാരി നൃത്തം പഠിച്ചു. ചെറുപ്പത്തിലേ നൃത്തനാടകങ്ങളില്‍ അഭിനയിച്ചു. അഭിനയരംഗത്തെ തിരക്ക് കൂടിയപ്പോള്‍ മൂന്നാം ക്ലാസ്സില്‍ പഠനം നിര്‍ത്തി. നാടകത്തിലൂടെയാണ് അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചതെന്ന് സുകുമാരി പറയാറുണ്ടായിരുന്നു. ഡയലോഗ് എങ്ങനെ പറയണം, എങ്ങനെ മുഖത്ത് വികാരങ്ങള്‍ വരുത്തണം എന്നെല്ലാം പഠിപ്പിച്ചത് നാടകമാണ്.
തിക്കുറിശി, സത്യന്, പ്രേംനസീര്‍ എന്നിവര്‍ നായകവേഷങ്ങളില്‍ നിറഞ്ഞുനിന്ന കാലം മുതല്‍ തിരക്കുള്ള സഹനടിയായിരുന്നു സുകുമാരി. ഓമനക്കുട്ടന്, അമ്മു, ഭൂമിയിലെ മാലാഖ, കളഞ്ഞുകിട്ടിയ തങ്കം, കായംകുളി കൊച്ചുണ്ണി, തച്ചോളി ഒതേനന്, യക്ഷി, ചേട്ടത്തി, കുഞ്ഞാലി മരക്കാര്‍, അന്വേഷിച്ചു കണ്ടെത്തിയില്ല, ഉദ്യോഗസ്ഥ, അശ്വമേധം, ശ്യാമളച്ചേച്ചി, കുപ്പിവള, ചിത്രമേള, നഗരമേനന്ദി, ഖദീജ, കളക്ടര്‍ മാലതി, അനാഛാദനം, തറവാട്ടമ്മ, ലക്ഷപ്രഭു തുടങ്ങി അറുപതുകളില്‍ നിരവധി ചിത്രങ്ങളില്‍ സുകുമാരി ശ്രദ്ധേയമായ വേഷം ചെയ്തു. പില്ക്കാലത്ത് പ്രിയദര്‍ശന്റെ ചിത്രങ്ങളിലൂടെ ഹാസ്യവും വഴങ്ങുമെന്ന് തെളിയിച്ചു. പ്രിയദര്‍ശന്റെ പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവ ആളറിയാം, ബോയിംഗ് ബോയിംഗ്, വന്ദനം എന്നിവയിലെ അഭിനയം ഇന്നും പ്രേക്ഷകമനസ്സില്‍ മായാത്ത ഓര്‍മയാണ്.
തസ്കരവീരനാണ് ആദ്യ മലയാള ചിത്രം. പിന്നീട് ചേട്ടത്തി, കുസൃതിക്കുട്ടന്, കുഞ്ഞാലിമരക്കാര്‍, തച്ചോളി ഒതേനന്, യക്ഷി, കരിനിഴല്‍ തുടങ്ങിയവയിലൂടെ സുകുമാരി മലയാളത്തില്‍ ശ്രദ്ധേയയായി. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ‘പട്ടിക്കാടാപട്ടണമാ’ എന്ന ചിത്രത്തില്‍, ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അമ്മയും ശിവാജിഗണേശന്റെ അമ്മായിയമ്മയുമായ കഥാപാത്രത്തെ അവതരിപ്പിക്കാനായി എന്ന അപൂര്‍വതയും സുകുമാരിയ്ക്ക് മാത്രം സ്വന്തമാണ്. ജയലളിതയുമായി അന്ന് തുടങ്ങിയ സൗഹൃദത്തിന് മരിക്കും വരെ കോട്ടം തട്ടിയിരുന്നില്ല. മരണത്തിന്റെ തലേ ദിവസം സുകുമാരിയെ സന്ദര്‍ശിക്കാന്‍ ജയലളിത എത്തിയിരുന്നു.
അഭിനയ ജീവിതത്തില്‍ ഗിന്നസ് റെക്കോഡിന്റെയടക്കമുളള പുരസ്കാരങ്ങളുടെ തിളക്കമുണ്ടായെങ്കിലും അവര്‍ ഒരിക്കലും നേട്ടങ്ങളില്‍ അഹങ്കരിച്ചിരുന്നില്ല. സിനിമാ ലോകത്തെ എല്ലാവരുമായും ഒരേപോലെ സ്നേഹം പങ്കുവച്ചിരുന്ന സുകുമാരിക്ക് ആരുമായും നിരന്തര ശത്രുതയില്ലായിരുന്നു. സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഈ നടിയോളം ശ്രദ്ധപുലര്‍ത്തുന്ന മറ്റൊരു താരവുമുണ്ടായിരിക്കില്ല. 2013 മാര്‍ച്ച് 26നായിരുന്നു സുകുമാരി നമ്മെ വിട്ടുപോയത്. കാലം മടക്കിവിളിച്ചെങ്കിലും മലയാളി മനസ്സില്‍ എന്നും അഭിനയ പ്രതിഭയുടെ സാക്ഷ്യപത്രമായി സുകുമാരിയുണ്ടാവും.
എം. രാജു
പ്രതികരിക്കാൻ ഇവിടെ എഴുതുക: