ഇരുന്നൂറ്റി എണ്‍പത്തൊമ്പതാം ജന്മദിനത്തിന്റെ പ്രത്യേകത എന്താണെന്നറിയില്ല. കേരള സാഹിത്യ അക്കാദമി കഴിഞ്ഞയാഴ്ചയില്‍ മലയാള സാഹിത്യത്തിന് മറക്കാനാവാത്ത സംഭാവന നല്കിയ അര്‍ണോസുപാതിരിയുടെ 289-ാമത് ജന്മദിനം പ്രമാണിച്ച് ഒരനുസ്മരണ സമ്മേളനം നടത്തുകയും അതില്‍ മലയാള സര്‍വകലാശാലയുടെ ഉപകുലപതി കെ.ജയകുമാര്‍ സംസാരിക്കുകയും ചെയ്തതായി വാര്‍ത്ത വായിക്കാനിടയായി. അര്‍ണോസ് പാതിരിയുടെയും അതുപോലെ ബെഞ്ചമിന്‍ ബെയ്ലിയുടേയും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെയും മറ്റും മലയാള പ്രേമം, യഥാര്‍ത്ഥത്തില്‍ ക്രിസ്തുമത പ്രേമമായിരുന്നുവെന്നു പറഞ്ഞാല്‍ ഒരുപക്ഷേ മതേതരക്കാര്‍ക്ക് ഇഷ്ടമായി എന്നുവരില്ല. കേരളത്തിലെ ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് കൊണ്ടുവന്നു നിത്യനരകത്തില്‍നിന്നും കരകയറ്റാനുള്ള അടങ്ങാത്ത ദൈവനിയോഗ ബോധം മൂലമാണ് മനസ്സിലാകുന്ന ഭാഷയില്‍ സത്യവേദം അവതരിപ്പിക്കാന്‍ അവര്‍ ഒരുങ്ങിയത്. മലയാളഭാഷ അവരും മറ്റു പാതിരിമാരും പഠിച്ചു. അതിന്റെ ഉപയോഗത്തിനാവശ്യമായ വ്യാകരണ ഗ്രന്ഥങ്ങളും അവര്‍ നിര്‍മിച്ചു. അവരുടെ ഉദ്ദേശ്യം മലയാള നാട്ടില്‍ ക്രിസ്തുമതം പ്രചരിപ്പിക്കാനായി ഇവിടുത്തെ ജനങ്ങളെ മാര്‍ഗം കൂട്ടുക, മാമോദീസ മുക്കുക എന്നതുതന്നെയായിരുന്നു. അവരുടെ പ്രവര്‍ത്തനം, ഉര്‍വശീശാപം പോലെ മലയാള ഭാഷയുടെ ആധുനീകരണത്തിനും ഗദ്യശാഖയുടെ വളര്‍ച്ചക്കും വികസനത്തിനും വഴിയൊരുക്കുകയും ചെയ്തു. തമിഴ്, കന്നഡ, തെലുങ്ക് മുതലായ മറ്റു ഭാഷകളുടെയും സമാനമായ സ്ഥിതി തന്നെയായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളുമായുണ്ടായി വന്ന സമ്പര്‍ക്കവും ബ്രിട്ടീഷ് അധിനിവേശവും മൂലം ഭാരതീയ സംസ്കൃതസാഹിത്യവും വൈജ്ഞാനിക കൃതികളും പഠിക്കാന്‍ പാശ്ചാത്യ പണ്ഡിതന്മാര് പ്രേരിതരായി. വേദങ്ങളും ഉപനിഷത്തുക്കളും ഭഗവദ്ഗീതയും മറ്റു ദാര്‍ശനിക ഗ്രന്ഥങ്ങളും പഠിക്കാന്‍ അവരെ പ്രേരിപ്പിച്ചതും അവയെല്ലാം തന്നെ ക്രിസ്തുമത തത്വങ്ങളെക്കള് എത്രയെത്ര താഴെയാണ് എന്നു സ്ഥാപിക്കാനുള്ള ആഗ്രഹമായിരുന്നു. എന്നാല്‍ അവയുടെ ആഴങ്ങളിലേക്കിറങ്ങാന്‍ കഴിഞ്ഞ അവര്‍, അതില്‍ ആമഗ്നരായി, നവബോധം ഉദിച്ചവരായിത്തീര്ന്നു. അര്‍ണോസ് പാതിരിക്കും ഗുണ്ടര്‍ട്ടിനും സാഹിത്യശാസ്ത്ര രംഗത്ത് നല്കിയ സംഭാവനകളുടെ പേരില്‍ ആദരവ് നല്‍കുന്നത് ഉചിതം തന്നെ. പാറേമ്മാക്കല്‍ തോമാക്കത്തനാരുടെ റോമായാത്ര വിവരണ വര്‍ത്തമാനപ്പുസ്തകം മലയാളത്തിലെ ആദ്യയാത്രാ വിവരണമാണല്ലൊ.
അര്‍ണോസ് പാതിരിയുടെ അനുസ്മരണ പരിപാടിയില്‍ ഉപകുലപതി ജയകുമാര്‍ നടത്തിയ വിലാപമാണ് ഇത്രയും ഓര്‍മിക്കാന്‍ ഇടയാക്കിയത്. മലയാള ഭാഷയുടെ വളര്‍ച്ചക്ക് കേരള ഭരണ സംവിധാനത്തില്‍ നിന്ന് കാര്യമായ സഹകരണം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ സ്ഥാനം വൈസ് ചാന്‍സലറുടെതാണ് ഉപകുലപതിയുടെതല്ല. മലയാള ഭാഷയ്ക്ക് മാത്രമാണീ അവസ്ഥ ഇത്രയും മോശമായിട്ടുള്ളത്. ഇവിടത്തെ ഭരണസംവിധാനം തന്നെയാണ് ഏറ്റവും വലിയ വിലങ്ങുതടി സ്ഥാപിച്ചിട്ടുള്ളതെന്നതും സുവ്യക്തമാണ്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇംഗ്ലീഷിന്റെ സ്ഥാനം ഹിന്ദിയും പ്രാദേശിക ഭാഷകളും ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പഴയതിരുവിതാംകൂര്‍ സര്‍വകലാശാലയുടെ സ്ഥാപനോദ്ദേശങ്ങളില് മലയാള ഭാഷയ്ക്ക് ആധുനിക പുരോഗതിയുടെ നാനാതുറകളില്‍ ഉന്നതിപ്രാപിക്കാന്‍ തക്ക പദസമ്പത്ത് ലഭ്യമാക്കുക എന്നതും ഉള്‍പ്പെട്ടിരുന്നു. മാത്രമല്ല 1945 മുതല്‍ തന്നെ ദിവാന് സര് സി.പി. മലയാളം മാധ്യമത്തില്‍ ഉന്നതവിദ്യാഭ്യാസം നടപ്പാക്കാന്‍ നീക്കമാരംഭിച്ചിരുന്നു. ഹൈസ്കൂള്‍ ക്ലാസുകളിലെ മലയാള മാധ്യമം ഏര്‍പ്പെടുത്തി. ആ രീതിയിലെ ആദ്യവിദ്യാര്‍ത്ഥികളില്‍ ഈ ലേഖകനും പെടും. ശാസ്ത്ര, ഗണിത വിഷയങ്ങളില്‍ ഭാരതീയ സാഹിത്യ പാരമ്പര്യപ്രകാരം ധാരാളം പുതിയ സാങ്കേതിക പദങ്ങള്‍ നിലവില്‍ വന്നു. പല വാക്കുകളും അതേ രീതിയില്‍ സംജ്ഞാനാമങ്ങളെന്നപോലെ സ്വീകരിക്കപ്പെട്ടു. അത്തരം പദങ്ങള്‍ ഇംഗ്ലീഷ് മൂലത്തിലുള്ളവയായിരുന്നില്ല. ഫ്രഞ്ചും ജര്‍മനും ഗ്രീക്കും ലത്തീനുമൊക്കെയായിരുന്നു.
1960 ല്‍ ആര്.ശങ്കര്‍ വിദ്യാഭ്യാസ മന്ത്രിയാകുന്നതുവരെ തത്പര കക്ഷികളുടെ സമ്മര്‍ദ്ദമുണ്ടായിട്ടും ആ നില തുടര്‍ന്നു. എന്നാല്‍ പള്ളിക്കൂടങ്ങളില്‍ ആംഗല മാധ്യമം ആരംഭിക്കാന്‍ ശങ്കര്‍ തീരുമാനിച്ചതോടെ മലയാളത്തിന്റെ ഗതികേടു തുടങ്ങി. മലയാളികളുടെ ദേശീയതലത്തിലുള്ള അന്തസ്സിനും നിലവാരത്തിനുമൊന്നും ആ പതിനാലു വര്‍ഷക്കാലത്ത് ഒട്ടും ഗ്ലാനി വന്നിരുന്നില്ല. ദേശീയതലത്തിലുള്ള മത്സരപ്പരീക്ഷകള്‍ക്ക് ആദ്യത്തെ പത്തുപേരില്‍ മൂന്നുനാലുപേരെങ്കിലും ഒരുകാലത്തും ഇല്ലാതിരുന്നിട്ടില്ല.
സ്വന്തം ഭാഷയെ ഇത്രയേറെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു ജനത മലയാളികളെപ്പോലെയുണ്ടാവില്ല. മലയാള ടിവി ചാനലുകളുടെ അവതാരക വൃന്ദം തന്നെയാണ് മലയാളഭാഷയെ ചിത്രവധം ചെയ്യുന്നതിന്റെ മുന്‍നിരയില്‍. ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടേണ്ട ആവശ്യമില്ലാത്തവിധം അത്രകണ്ട് സാര്വത്രികമാണത്. മാതൃഭൂമി ആ രംഗത്തു പ്രവേശിപ്പിച്ചപ്പോള്‍ മാറ്റം വരുമെന്ന പ്രത്യാശ, ആശാഭംഗമായിത്തീര്ന്നു. അവരുടെ ‘കപ്പ’ ചാനലിലെ ഒരിനത്തിനുപോലും മലയാളത്തില്‍ പേരില്ല. മലയാളത്തിനുവേണ്ടി വാചകമടികള്‍ മാത്രമാണ് നടക്കുന്നത്.
മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനുവേണ്ടി ഒരു വകുപ്പുതന്നെ തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിലുണ്ടായിരുന്നു. ഇപ്പോഴും ഉണ്ടാവണം.
കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും ഭരണത്തിന്റെ സിരാകേന്ദ്രത്തിന് സെക്രട്ടറിയേറ്റ് എന്ന പേരുണ്ടാവില്ല. മിക്കയിടങ്ങളിലും സചിവാലയുമാണ്. തമിഴ്നാട്ടില്‍ ‘ആലുവലക’മാണെന്നുതോന്നുന്നു. അവിടെ പഴയ ചോള, പാണ്ഡ്യ, പല്ലവ പാരമ്പര്യത്തിലുള്ള ഭരണശബ്ദാവലിയെത്തന്നെ പരിഷ്ക്കരിച്ച് അവര്‍ നടപ്പാക്കി. ഒരാവശ്യത്തിനും ഇംഗ്ലീഷ് ആവശ്യമില്ലാതാക്കി. ഔദ്യോഗിക ഭാഷയ്ക്കുള്ള കേരള സെക്രട്ടറിയേറ്റിലെ മുറിയില്‍ ഒരിക്കല്‍ പോയപ്പോള്‍ കണ്ടത് ഏതോ മന്ത്രിയുടെ തിരുവുള്ളക്കേടിന് പാത്രമായ എന്റെ സുഹൃത്ത് അവിടെ വിഷാദമഗ്നനായിരിക്കയാണ്. ഒരു സഹായിയെപ്പോലും നല്‍കാതെ ആ മനുഷ്യന്റെ ശേഷി അവിടെ പാഴാക്കപ്പെട്ടു.
ഏതു വിഷയം കൈകാര്യം ചെയ്യാനും മലയാള ഭാഷയ്ക്ക് കഴിവുണ്ട്. ബ്രിട്ടീഷുകാര്‍ വരുന്നതിനുമുമ്പും കേരളത്തിലെ രാജാക്കന്മാരും ഭരണാധികാരിമാരും എല്ലാ രാജ്യങ്ങളുമായി കത്തിടപാടും നടത്തിയത് മലയാളത്തിലായിരുന്നുവല്ലൊ. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് മാര്‍പാപ്പായ്ക്കയച്ച കത്തുകള്‍ നമുക്ക് ലഭ്യമാണ്. പഴശ്ശിരാജാവും ഈസ്റ്റിന്ത്യാ കമ്പനിയും നടത്തിയ എഴുത്തുകുത്തുകള്‍ ഏതാണ്ട് മുഴുവനായും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയിലെ ഭാഷയുടെ അര്‍ത്ഥവും താല്‍പ്പര്യങ്ങളും എത്രയും കൃത്യമാണ്. വേലുത്തമ്പിദളവയുടെ കുണ്ടറ വിളംബരം പ്രസിദ്ധമാണല്ലൊ.
കേരളത്തില്‍ മലയാളത്തിനര്ഹമായ സ്ഥാനം ലഭിക്കാന്‍ സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടായാല്‍ മാത്രം മതി. ഉദ്ഘാടനം, ശിലാസ്ഥാപനം മുതലായ ചടങ്ങുകള്‍ക്കായി സ്ഥാപിക്കുന്ന ഫലകങ്ങളിലെ എഴുത്തുകള്‍ മലയാളത്തിലാവണമെന്ന് അതിന്റെ മുഖ്യ ആള്‍ക്ക് നിര്ബന്ധിക്കാമല്ലൊ. അയോധ്യാ മുദ്രണാലയത്തിന്റെ ശിലാസ്ഥാപനത്തിനും ഉദ്ഘാടനത്തിനും വെച്ച ഫലകത്തിലെ ലിഖിതങ്ങള്‍ മലയാളത്തിലും സംസ്കൃതത്തിലും മാത്രമേയുള്ളൂ. ഇംഗ്ലീഷ് അത്യാവശ്യമില്ലാത്ത അവസരങ്ങളില്‍ മലയാളം മാത്രം ഉപയോഗിക്കുമെന്ന തീരുമാനമെടുക്കാന്‍ അധികൃതര്‍ തയ്യാറാവണം. മന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ വളരെക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. സ്വകാര്യ എഴുത്തുകളുടെ ആരംഭവും (മൈഡിയര്‍) അവസാനവും (യുവേഴ്സ്) ഒപ്പം ഇംഗ്ലീഷിലാവണമെന്ന ശീലവും ഉപേക്ഷിക്കാം.
ഏത് പ്രശ്നവും കൈകാര്യം ചെയ്യാന്‍ മലയാളത്തിനു കഴിയുമെന്ന് തെളിയിക്കേണ്ടതുണ്ട്. സര്‍വകലാശാലകൊണ്ട് ഭാഷ നന്നാവില്ലെന്നും അത് നന്നാക്കണമെന്ന് നിര്‍ബന്ധമുള്ള ജനതയാണതിനു ആവശ്യമെന്നും താത്പര്യം. ജയകുമാറിന്റെ ഉത്കണ്ഠ നമുക്ക് മനസ്സിലാകും.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: