ഭാരതീയ ഭാഷകളെ തകര്‍ക്കാനുള്ള ആസൂത്രിതമായ അധിനിവേശങ്ങള്‍ പാശ്ചാത്യര്‍ എന്നും നടത്തിയിട്ടുണ്ട്; ഇന്നും നടത്തിപ്പോരുന്നു. ഭാരതീയ ഭാഷകള്‍ നേരിടുന്ന അതിജീവനങ്ങളെക്കുറിച്ച് പ്രശസ്ത ഭാഷാ പണ്ഡിതന് ഡോ. ബി.സി. ബാലകൃഷ്ണന് എഴുതുന്ന പരമ്പരയുടെ ആദ്യ ഭാഗം.
ഭാരതം വിദേശാധിപത്യത്തില്‍നിന്ന് സ്വതന്ത്രമാകുന്ന കാലഘട്ടത്തില്‍ ഭാരതീയര്‍ക്ക് ഭാരതീയ ഭാഷകളെക്കുറിച്ച് ചില സ്വപ്നങ്ങളുണ്ടായിരുന്നു. ഭാരതത്തിനൊരു രാഷ്ട്രഭാഷയായി ഹിന്ദി. വിദ്യാഭ്യാസമുള്‍പ്പെടെയുള്ള എല്ലാ സമൂഹവ്യവഹാരങ്ങള്‍ക്കും സജ്ജമായ പ്രാദേശിക ഭാഷകള്‍. ഭാഷയുടെ അടിസ്ഥാനത്തില്‍ പ്രാദേശിക സംസ്ഥാനങ്ങള്‍. ഇതൊക്കെ എല്ലാവരും അംഗീകരിച്ചിരിക്കുന്നു. കുറെയൊക്കെ നടപ്പിലാക്കുന്നതായി ഭാവിക്കുകയും ചെയ്തു. വളരെ ആസൂത്രിതമായി ഈ സങ്കല്‍പ്പങ്ങള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭാഷയുടെ അടിസ്ഥാനത്തില്‍ ആദ്യമായി നിലവില്‍ വന്ന ആന്ധ്രപ്രദേശം രണ്ടാകുന്നു. ഇനി മറ്റു സംസ്ഥാനങ്ങളും ഈ വഴിക്കു നീങ്ങുമോ? ആര്‍ക്കറിയാം.
സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഭരണാധിപരായി വന്നവരില്‍ പ്രധാനപ്പെട്ടവരെല്ലാം ഇംഗ്ലീഷുഭാഷ പഠിച്ചും ഇംഗ്ലീഷുകാരെ സേവിച്ചും സമൂഹത്തില്‍ സ്ഥാനം നേടിയവരായിരുന്നു. അവരില്‍ പലരും ഇംഗ്ലീഷു ഭാഷയില്‍ രചിച്ച പുസ്തകങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വിറ്റ് പണക്കാരായവരും ആയിരുന്നു. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവും മദ്രാസിലെ രാജഗോപാലാചാരിയെയും പോലെ ഒരു നൂറുപേരെങ്കിലും ഈ വിഭാഗത്തില്‍പ്പെടും.
ഇംഗ്ലണ്ടിലെ പുസ്തക കച്ചവടക്കാര്‍ക്ക് ഭാരതം വളരെ വിലപ്പെട്ട കമ്പോളമായിരുന്നു. ആ കമ്പോളം കൈവിട്ടു പോകാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ ലോകത്തിലെ സാമ്പത്തിക സ്രോതസ്സുകളധികവും അമേരിക്ക കയ്യടക്കിയ കൂട്ടത്തില്‍ ഇംഗ്ലണ്ടിലെ പുസ്തക പ്രസാധന രംഗത്തും അവര്‍ പങ്കാളിയായി. എന്‍സൈക്ലോപേഡിയ ബ്രിട്ടാനിക്ക തുടങ്ങിയ ബൃഹത്തായ സംരംഭങ്ങളധികവും ഇപ്പോള്‍ അമേരിക്കയുടെ നിയന്ത്രണത്തിലാണ്.
ഇംഗ്ലണ്ടും അമേരിക്കയും ചേര്‍ന്നുണ്ടായ ആംഗ്ലോ-അമേരിക്കന്‍ പുസ്തക പ്രസിദ്ധീകരണസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ നിശ്ശബ്ദമായി വളരെ ബുദ്ധിപൂര്‍വം തങ്ങളുടെ കമ്പോളം വികസിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു. പ്രാദേശിക ഭാഷകളുടെ വികാസം തടയുക. ഇംഗ്ലീഷിനെ രാഷ്ട്രഭാഷയുടെ ചുമതലകള്‍ ഏല്‍പ്പിച്ച് ഹിന്ദിയെ പ്രാദേശികഭാഷയായി ഒതുക്കുക. പ്രാദേശിക ഭാഷകളില്‍ സമഗ്രവും ശാസ്ത്രീയവുമായ നിഘണ്ടുക്കളും വിജ്ഞാനകോശങ്ങളും ഉണ്ടാകാതെ തടയുക തുടങ്ങിയവയായിരുന്നു ഈ ആംഗ്ലോ-അമേരിക്കന്‍ കൂട്ടുകെട്ടിന്റെ ലക്ഷ്യം. അതില്‍ ഒട്ടൊക്കെ അവര്‍ വിജയിച്ചുകഴിഞ്ഞിരിക്കുന്നു. ഭാരതീയ ഭരണസംവിധാനത്തിന്റെ മൗനാനുവാദത്തോടെ ഈ കൂട്ടായ്മ പ്രയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ വിവരിക്കുന്നില്ല. മറ്റൊരു ലേഖനത്തിലാകാം.
ഈ ആംഗ്ലോ-അമേരിക്കന്‍ ലോബി ഭാരതത്തിന്റെ വിദ്യാഭ്യാസ സംവിധാനം വളരെ സമര്‍ത്ഥമായി തങ്ങളുടെ നിയന്ത്രണത്തിലാക്കി. പ്രീ-പ്രൈമറി തൊട്ട് ബിരുദാനന്തരബിരുദവും ഗവേഷണവും വരെയുള്ള സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന സംവിധാനം ഈ ലോബിക്ക് ധനാര്‍ജ്ജനത്തിനുള്ള ഉപാധിയായിത്തീര്‍ന്നു. യുജിസി, സാഹിത്യഅക്കാദമികള്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയുടെ അപ്രത്യക്ഷ നിയന്ത്രണം ഈ ലോബിക്കാണ്. അവരുടെ പ്രതിനിധികളായി പ്രവര്‍ത്തിക്കുന്ന ഭാരതീയ പണ്ഡിതര്‍ അവരെ നിയന്ത്രിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞില്ല. ഇപ്പോഴും അറിയുന്നില്ല. ഭാഷയുടെ പേരില്‍ മനുഷ്യരെ കുരങ്ങുകളിപ്പിക്കുന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നാമിപ്പോള്‍ ആഘോഷിക്കുന്ന ശ്രേഷ്ഠഭാഷാ പദവി.
ഹിന്ദിഭാഷയെ രാഷ്ട്രഭാഷയെന്ന പദവിയില്‍ നിന്നു പുറത്താക്കാനുപയോഗിച്ച തന്ത്രങ്ങള്‍ മറ്റൊരു ലേഖനത്തില്‍ വിവരിക്കാം. പ്രാദേശിക ഭാഷകളെ അപ്രസക്തമാക്കാന് ഈ ലോബി പല തന്ത്രങ്ങള്‍ ഉപയോഗിച്ചതില്‍ ഒന്നാണ് ലിപി നശീകരണം. നശീകരണമാണ് ലക്ഷ്യമെങ്കിലും പരിഷ്ക്കരണമെന്നാണ് പറഞ്ഞുപരത്തിയത്. ഭാഷാശാസ്ത്ര വിദഗ്ദ്ധരെന്ന പേരില്‍ ഇന്ത്യയിലേക്കയച്ച ഒരു വലിയ സംഘത്തെയാണ് ഈ ചുമതല ഏല്‍പ്പിച്ചത്. അവര്‍ ഭാരതത്തിന്റെ എല്ലാഭാഗത്തും എത്തി. ഭാരതീയ ഭാഷകളുടെ ലിപിവ്യവസ്ഥ അടിമുടി അശാസ്ത്രീയമാണെന്നും അത് ഉടനടി പരിഷ്ക്കരിക്കണമെന്നും ഭാരതീയരെ പഠിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. വിദേശത്തുപോയി പഠിക്കാനും ഗവേഷണ ബിരുദം നേടാനുള്ള സ്കോളര്‍ഷിപ്പുകളും ഫെല്ലോഷിപ്പുകളും വിസിറ്റിംഗ് പ്രൊഫസര്‍ പദവികളുമൊക്കെ കൊടുത്ത് അനുയായികളെ ഉണ്ടാക്കാനും അവര്‍ക്കുകഴിഞ്ഞു. ഈ വിദഗ്ദ്ധര്‍ കേരളത്തിലുമെത്തി. മലയാളം ലെക്സിക്കണ്‍ എഡിറ്ററായിരുന്ന ഡോ.ശൂരനാട്ടു കുഞ്ഞന്‍പിളളയെ ഭാരതീയ ലിപികളുടെ അശാസ്ത്രീയത പഠിപ്പിക്കാന്‍ ശ്രമിച്ചു. അദ്ദേഹം അവരോട് യോജിച്ചില്ല. എന്നുമാത്രമല്ല ഭാരതീയ ഭാഷകളുടെ ലിപി വ്യവസ്ഥയെക്കുറിച്ച് അദ്ദേഹം എഴുതിയ ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അവര്‍ക്ക് കൊടുക്കുകയും ചെയ്തു. അതില്‍ ചില ഭാഗങ്ങളില്‍ അടിവരയിട്ടിരുന്നു. “ഭാരതത്തില്‍ ഒരു ലിപിമാലയേയുള്ളൂ. അത് പല ഭാഷകളില്‍ പല വടിവുകളില്‍ എഴുതുന്നു. ലോകത്തു നിലവിലുള്ള ലിപി സമ്പ്രദായങ്ങളില്‍ ഏറ്റവും ശാസ്ത്രീയമായത് ഭാരതത്തിലെ എഴുത്താണ്” എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിലൊരു ഭാഷാ ശാസ്ത്രജ്ഞനെ ഞാന്‍ ദില്ലിയില്‍ വച്ചു കണ്ടു. അയാള്‍ ശൂരനാട്ടു കുഞ്ഞന്‍പിള്ളയെപ്പറ്റി പറഞ്ഞത് ‘ഒല ശെ മി കിറീാമൃശമല” (അദ്ദേഹം ഭാരതീയതയില്‍ ഭ്രാന്തുപിടിച്ചവന്‍) എന്നാണ്. അദ്ദേഹത്തെ മനസ്സിലാക്കാനുള്ള കഴിവും ബുദ്ധിയും നിങ്ങള്‍ക്കില്ല എന്നു ഞാന്‍ മറുപടിയും പറഞ്ഞു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: