ബീജിംഗ്: രണ്ടാഴ്ചയിലേറെയായി കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന വസ്തുക്കള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയതായി ചൈന. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പരിശോധന നടത്തുന്നതിനിടെ ചൈനീസ് എയര്‍ഫോഴ്സ് വിമാനമാണ് ഈ വസ്തുക്കള്‍ കണ്ടെത്തിയത്. ഉപഗ്രഹ ചിത്രങ്ങളില്‍ പതിഞ്ഞതിന് സമാനമായ വസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്.
ഇത് വിമാനത്തിന്റേതാണോ എന്ന് പരിശോധിക്കും. ചൈനീസ് ഐസ്ബ്രേക്കര്‍ കപ്പല്‍ ഷൂലോങ് വസ്തുക്കള്‍ കണ്ടെത്തിയ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപ്രത്യക്ഷമായ വിമാനത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ഫ്രാന്‍സ് പുറത്ത് വിട്ടിരുന്നു. നേരത്തെ ഓസ്ട്രേലിയന്‍ ചൈനീസ് ഉപഗ്രഹങ്ങള്‍ക്കു ലഭിച്ച ചിത്രങ്ങള്‍ അവരും പുറത്ത് വിട്ടിരുന്നു.
ഓസ്ട്രേലിയയിലെ പെര്‍ത്ത് നഗരത്തില്‍ നിന്ന് 2300 കിലോമീറ്റര്‍ അകലെയാണ് ഈ സമുദ്രമേഖല. അവിടെ തെരച്ചിലിനായി ഇന്ത്യയും ചൈനയും ജപ്പാനും കൂടുതല്‍ നിരീക്ഷണ വിമാനങ്ങള്‍ രംഗത്തിറക്കി. തടിനിര്‍മ്മിതമായ ഭാഗങ്ങള്‍ കണ്ടെത്തിയതായി ഓസ്ട്രേലിയന്‍ നിരീക്ഷണ വിമാനങ്ങള്‍ വെളിപ്പെടുത്തിയത് അന്വേഷണത്തിന് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഏറ്റവും ദുഷ്കരമായ ഭാഗത്താണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. മാര്‍ച്ച് എട്ടിനാണ് 239 പേരുമായി മലേഷ്യയില്‍ നിന്ന് ചൈനയിലേക്ക് പോയ ബോയിംഗ് വിമാനം കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: