കാഠ്മണ്ഡു: താലിബാനുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര കുറ്റവാളി ചാള്‍സ് ശോഭരാജിന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുമായും സഹകരിച്ചിരുന്നതായി ഇപ്പോള്‍ കാഠ്മണ്ഡു ജയിലില്‍ കഴിയുന്ന ശോഭരാജ് ഒരു ബ്രിട്ടീഷ് മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
തിഹാര്‍ ജയിലില്‍ കഴിയവെ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറുമായുണ്ടാക്കിയ സൗഹൃദമാണ് താലിബാന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പ്രേരണയായത്. താലിബാനുവേണ്ടി ആയുധങ്ങള്‍ വാങ്ങുന്നതിനായി ഹെറോയിന്‍ വിറ്റ് പണം സംഘടിപ്പിക്കുകയായിരുന്നു ശോഭ രാജിന്റെ ദൗത്യം.
പാര്‍ലമെന്റ് ആക്രമണ കേസില്‍ അറസ്റ്റിലായ അസറിനെ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സംഭവത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് യാത്രക്കാരെ വിട്ടയക്കുന്നതിനു പകരമായി മോചിപ്പിക്കുകയായിരുന്നു. മോചനത്തിന് തൊട്ടുപിന്നാലെ അവര്‍ കൊടുംഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് രൂപീകരിക്കുകയും ചെയ്തു.
വിവിധ രാജ്യങ്ങളിലെ കൊടുംകുറ്റവാളികളുമായുള്ള ബന്ധം മുതലെടുത്ത് ഹെറോയിന്‍ വിറ്റഴിക്കാനുള്ള ചുമതലയാണ് താലിബാന് ശോഭരാജിനെ ഏല്പ്പിച്ചിരുന്നതത്രെ. ആയുധ ഇടപാടുമായി ബന്ധപ്പെട്ട് നേപ്പാളില്‍ സംഘടിപ്പിക്കപ്പെട്ട യോഗത്തില്‍ താലിബാനെ പ്രതിനിധീകരിക്കാനും തയ്യാറെടുത്തിരുന്നതായി ഇയാള്‍ വെളിപ്പെടുത്തി. ഒരു ഭീകര സംഘടനയും കൊടുംകുറ്റവാളികളുടെ മറ്റൊരു പ്രസ്ഥാനവും തമ്മിലുള്ള അന്താരാഷ്ട്ര മയക്കുമരുന്ന്, ആയുധ ഇടപാട് തകര്‍ക്കാനുള്ള സിഐഎയുടെ ദൗത്യത്തില്‍ പങ്കാളിയായെന്ന് ശോഭരാജ് പറഞ്ഞു.
എന്നാല്‍ അറസ്റ്റിലായതോടെ സിഐഎ തന്നെ കൈവിട്ടുവത്രെ. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് റെഡ് മെര്‍ക്കുറി സംഘടിപ്പിക്കാന്‍ ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ ഏജന്റും സമീപിച്ചിരുന്നതായി ശോഭരാജ് അവകാശപ്പെട്ടു.
വിവിധ കുറ്റങ്ങളുടെ പേരില്‍ തിഹാര്‍ ജയിലിലായിരുന്ന ശോഭരാജ് 1986 ല്‍ സുരക്ഷാ ഭടന്മാര്ക്ക് മയക്കുമരുന്ന് നല്കി തടവുചാടി. യുഎസ് വനിതയെ കൊന്ന കേസില്‍ 2003 മുതല്‍ കാഠ്മണ്ഡു ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: