കേരളീയ ചുമര് ചിത്രരചനാ സമ്പ്രദായത്തില്‍ ധ്യാന ശ്ലോകങ്ങളെ ആസ്പദമാക്കി 18 അടി ഉയരം, 7 അടി വീതിയുള്ള ഏറ്റവും ഉയരം കൂടിയ ഒറ്റ പാനല്‍ ചിത്രം ഒരുക്കി ചരിത്രത്തിന്റെ ഏടുകളിലേക്ക് ചുവടു വെക്കുകയാണ് കെ.കെ.വാര്യരും അദ്ദേഹത്തിന്റെ പുത്രന് ശശി.കെ.വാര്യരും. ജീവിച്ചിരിക്കുന്നതില്‍ കേരളത്തിലെ ഏറ്റവും തല മുതിര്‍ന്ന ചുമര് ചിത്രകാരനാണ് കെ.കെ.വാര്യര്‍. പരമശിവന്റെ വിവിധ രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏക വിഷയത്തില്‍ രചിച്ച ചിത്രമാണ് അദ്ദേഹം ഉന്മീലനം ചെയ്ത ഏറ്റവും ഉയരം കൂടിയ ഈ ഒറ്റപാനല്‍ ചിത്രം. ദേവീ ദേവന്മാര്, ഋഷിമുനിമാര്‍, അസുരന്മാര് ഭക്തജനങ്ങള്‍ എന്നിവരടക്കം നാല്പതിലധികം കഥാപാത്രങ്ങളടങ്ങുന്നതാണ് ശിവം ചുമര്‍ചിത്രം.
ശിവന്റെ വിവിധ രൂപങ്ങളായ ദക്ഷിണാമൂര്‍ത്തി, ഗംഗാധരന്, നീലകണ്ഠന്, ശിവകുടുംബം (ശക്തി പഞ്ചാക്ഷരി) പ്രദോഷ നൃത്തശിവന് (നടരാജന്), അര്ധനാരീശ്വരന്, മൃത്യൂഞ്ജയന്‍, ശങ്കരനാരായണന് എന്നിവര്‍ക്കു പുറമെ, മഹാവിഷ്ണു, ദേവേന്ദ്രന്, ഗണപതി, യമന്‍, സുബ്രഹ്മണ്യന്, സരസ്വതി, പാര്‍വ്വതി, വൈഷ്ണവി, കാളി തുടങ്ങിയ ദേവീദേവന്മാര്, നാരദന്, മൃഗണ്ഡു, ഭഗീരഥന്, മാര്ക്കണേ്ഡയന് തൂടങ്ങിയ ഋഷിമുനിമാര്‍, മുയാലകന്‍ എന്നീ അസുരന്മാര് കൂടാതെ ശിവവാഹനമായ നന്ദികേശന്, ഗണപതി വാഹനമായ മൂഷികന്, സുബ്രഹ്മണ്യ വാഹനമായ മയില്‍ എന്നിവയും ഈ ചിത്രത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.
അഞ്ച് ഭാഗങ്ങളായാണ് ചിത്രം വരച്ചത്. ഏറ്റവും മുകളില്‍ ഭഗീരഥന് കഠിന തപസ്സാല്‍ ഗംഗാനദിയെ ഭൂമിയിലേക്ക് വരുത്തിയപ്പോള്‍ ശിവന് ഗംഗയെ തന്റെ ജടയിലേക്ക് സ്വീകരിക്കുന്ന രംഗവും (ഗംഗാധരന്), നടുവില്‍ ഗുരുക്കന്മാരുടെ ഗുരുവായ ദക്ഷിണാമൂര്‍ത്തിയേയും ഋഷിമാരുടെ രൂപത്തില്‍ നാല് വേദങ്ങളേയും, പിന്നെ പാലാഴി കടഞ്ഞപ്പോള്‍ ഉണ്ടായ കാളകൂട വിഷം ഭൂമിയേയും ജീവജാലങ്ങളേയും രക്ഷിക്കാനായ് സ്വയം കാളകൂടം വിഷം സേവിക്കുന്ന ശിവനേയും (നീലകണ്ഠന്) അതിന് താഴെയായി ശിവകുടുംബത്തേയും ആണ് വരച്ചിരിക്കുന്നത്. ശിവപാര്വ്വതിമാരേയും ഗണപതിയേയും സുബ്രഹ്മണ്യനേയും നാരദമഹര്‍ഷിയേയും ശിവവാഹനമായ നന്ദിയേയും ഈ രംഗത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.
അതിന് താഴെ പതിനാറ് കൈകളിലും ആയുധമേന്തി മുയാലകന്‍ എന്ന അസുരന്റെ പുറത്ത് തൃത്തം ചെയ്യുന്ന ശിവനും ചുറ്റിലുമായി ദേവീ ദേവന്മാരേയും മഹര്‍ഷിമാരേയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിന് താഴെയായി ഭക്തിയുടെ ശക്തിയാല്‍ മരണത്തെപ്പോലും തോല്പിച്ച മാര്ക്കണേ്ഡയനേയും അനുഗ്രഹം ചൊരിയുന്ന ശിവഭഗവാനും യമദേവനും മാര്ക്കണേ്ഡയന്റെ പിതാവായ മൃഗണ്ഡു എന്ന ഋഷിയും ഇരുവശങ്ങളിലായി അര്‍ദ്ധനാരീശ്വരനേയും ശങ്കരനാരായണനേയും, ചിത്രത്തിന്റെ ഏറ്റവും താഴെയായി ശിവ പൂജയും ചിത്രീകരിക്കുന്നതോടെയാണ് ശിവം ചുമര്‍ചിത്രം പൂര്‍ത്തിയാകുന്നത്.
ഏറ്റവും ഉയരം കൂടിയ ഈ ചിത്രം കെ.കെ.വാര്യരുടെയും മകന് ശശി കെ.വാര്യരൂടെയും ജീവിതത്തിലെ അനേകം നേട്ടങ്ങളില്‍ ഒന്നു മാത്രമാണ്. രവിപുരത്തുള്ള ഇന്ത്യന്‍ സ്കൂള്‍ ഓഫ് ആര്‍ട്സാണ് ചിത്രം തയ്യാറാക്കിയത്. 50 ദിവസം എടുത്തു ചിത്രം പൂര്‍ത്തീകരിക്കാന്‍. സംരക്ഷിക്കപ്പെട്ടില്ലായിരുന്നു എങ്കില്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടു പോകുമായിരുന്ന നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ചുമര് ചിത്രങ്ങളുടെ സംരക്ഷകരായാണ് ഇവരെ നാം തിരിച്ചറിയേണ്ടത്. ഇവയില്‍ പലതും സംരക്ഷിക്കപ്പെടാതെ പോകുന്ന ക്ഷേത്രങ്ങളുടെ ജീര്‍ണ്ണാവസ്ഥയില്‍ നിന്ന് വീണ്ടെടുത്തവയോ, പുതുക്കി പണിയുന്ന ക്ഷേത്രങ്ങളിലും പഴയ വീടുകളിലും സംരക്ഷിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഏറ്റെടുത്തവയോ ആണ്.
1986 മുതലാണ് കെ.കെ.വാര്യരും, ശശി കെ വാര്യരും ചുമര്‍ചിത്രങ്ങളുടെ സംരക്ഷകരാകുന്നത്. 1970ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയാണ് ചുമര്‍ചിത്രങ്ങളുടെ സംരക്ഷകരാകാന്‍ കെ.കെ.വാര്യരെയും, ശശി കെ.വാര്യരെയും പ്രരിപ്പിച്ചത്. അഗ്നിബാധയില്‍ പടിഞ്ഞാറെ ചുറ്റമ്പലത്തിലുണ്ടായിരുന്ന ശ്രീവൈകുണ്ഠമെന്ന അനന്തശയനം, സന്താനഗോപാല രംഗം ഇവ ഉള്‍പ്പെട്ട 6 ഃ 12 അടി വലിപ്പമുള്ള കൂറ്റന്‍ ചുമര്‍ചിത്രം ചുറ്റമ്പലത്തോടൊപ്പം പൂര്‍ണ്ണമായും കത്തിയമര്‍ന്ന് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു. ചൂടേറ്റു തകര്‍ന്ന ക്ഷേത്രത്തിലെ മറ്റു ചിത്രങ്ങളും കാലക്രമേണ നഷ്ടപ്പെട്ടു തുടങ്ങിയപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം കെ.കെ.വാര്യരും, ആര്‍ട്ടിസ്റ്റ് എം.കെ.ശ്രീനിവാസനും, സോമന് ചുങ്കത്തും ചേര്‍ന്ന് 18 ദിവസം കൊണ്ട് ചിത്രങ്ങളെല്ലാം പകര്‍ത്തി വരച്ച് ദേവസ്വത്തില്‍ ഏല്പിച്ചു.
മുഖമണ്ഡപത്തിന്റെ വശങ്ങളിലും ശ്രീകോവിലിന്റെ മൂന്ന് ഭാഗത്തുമുണ്ടായിരുന്ന പുരാണകഥാപാത്രങ്ങളും ദേവതാചിത്രങ്ങളും കൂടി 86 ചിത്രങ്ങളും, വീരാളി, വനമാല മുതലായ വിവിധതരം അലങ്കാര ചിത്രങ്ങളുടെ മാതൃകകളും ട്രേസിങ് പേപ്പറില്‍ പകര്‍ത്തി ഓരോ ചിത്രത്തിന്റെയും നിറങ്ങളും മറ്റു പ്രത്യേകതകളും കൃത്യമായി രേഖപ്പെടുത്തി ഒരു ആല്‍ബത്തിന്റെ രൂപത്തിലാണ് ദേവസ്വത്തിന് സമര്‍പ്പിച്ചത്. പന്നീട് 1986/89 കാലഘട്ടത്തില്‍ ക്ഷേത്ര പുനര്‍നിര്‍മ്മാണ വേളയില്‍ ഒരു ദൈവ നിയോഗം പോലെ ചുമര്‍ചിത്രങ്ങള്‍ പുനരാലേഖനം ചെയ്യുന്നതിനുള്ള ചുമതല മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍, എം.കെ.ശ്രീനിവാന് എന്നിവര്‍ക്കൊപ്പം കെ.കെ.വാര്യര്‍ക്കും ലഭിച്ചു. നറുക്കെടുപ്പിലൂടെ ശ്രീകോവിലിന്റെ തെക്കുഭാഗം പുനരാലേഖനം ചെയ്യുന്നതിന് കെ.കെ.വാര്യരെ നിയോഗിച്ചു.
ചുണ്ണാമ്പും ചായവും ചേര്‍ത്ത് രചിച്ച ചിത്രങ്ങള്‍ മനോവിഷമത്തോടെ ചുരണ്ടികളഞ്ഞുകൊണ്ടിരുന്നപ്പോള് മനോഹരങ്ങളായ ഒറിജിനല്‍ ചിത്രങ്ങള്‍ എങ്ങനെയും സംരക്ഷിക്കണം എന്ന ആശയം കെ.കെ.വാര്യര്‍ക്കും ഒപ്പം ജോലികളില്‍ സഹായിയായി എത്തിയ മകന് ശശി കെ.വാര്യര്‍ക്കും തോന്നി.
പലമാര്‍ഗ്ഗങ്ങളും പരീക്ഷിച്ച് വിജയിക്കാതെ വന്നപ്പോള്‍ വാര്യരുടെ തന്നെ വാക്കുകളില്‍ ഈശ്വരന് തോന്നിപ്പിച്ചപോലെ ഒരാശയം ഉദിക്കുകയും അതു വിജയം കാണുകയും ചെയ്തു. അങ്ങനെ ചുമരില്‍ നിന്നും ചിത്രങ്ങളെടുക്കുന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ചു. ഈ സാങ്കേതിക വിദ്യയുടെ പേറ്റന്റ് എടുക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വാര്യര്‍ പറഞ്ഞു. ആ ശ്രമഫലമായി നഷ്ടപ്പെടാതിരുന്ന ചിത്രങ്ങളില്‍ നിന്നും രണ്ട് ദേവതാ ചിത്രങ്ങളും രണ്ട് അലങ്കാര ചിത്രങ്ങളും ഗൂരുവായൂര്‍ ക്ഷേത്ര ചുമരില്‍ നിന്നും സംരക്ഷിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു.
ഏകദേശം 98ന് മുകളില്‍ ചിത്രങ്ങളോ ചിത്രഭാഗങ്ങളോ ഇത്തരത്തില്‍ സംരക്ഷിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സംരക്ഷിച്ചിരിക്കുന്ന ചിത്രങ്ങളെ കുറിച്ചെല്ലാം സമഗ്രമായ പഠനം തന്നെ നടത്താനും ഇവര്‍ ശ്രമിച്ചു. ചിത്രത്തിന്റ കാലപ്പഴക്കം, ശൈലി, വലിപ്പം, വിഷയം, ഏതു കാലത്തുണ്ടായിരുന്നു, ഓരോ ചുമര് ചിത്രങ്ങളും ഏറ്റെടുത്ത് സൂക്ഷിക്കാനുണ്ടായ സാഹചര്യം എല്ലാം പഠന വിഷയമാകുന്നു. ഏറ്റെടുത്ത് സംരക്ഷിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ഭാരതീയ പുരാവസ്തു വകുപ്പിന്റെ ആന്റിക്വിറ്റീസ് ആന്റ് ട്രഷേഴ്സ് ആക്ട് 1972 പ്രകാരം രജിസ്റ്റര്‍ ചെയ്തവയാണ്. കേരളീയ ചുമര് ചിത്രങ്ങളെപ്പറ്റി കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, വരും തലമുറക്കുമെല്ലാം അറിവു പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രങ്ങള്‍ ഏറ്റെടുത്ത് സംരക്ഷിച്ചു പോരുന്നത്.
ഇന്ന് ചുമര് ചിത്രങ്ങളുടെ സംരക്ഷണം കെ.കെ.വാര്യര്‍ക്കും, ശശി കെ.വാര്യര്‍ക്കും ജീവിത വ്രതമാണ്. എവിടെ ക്ഷേത്ര പുനര്‍ നിര്‍മ്മാണമോ ചിത്രങ്ങളുടെ പുനരാലേഖനമോ ഉണ്ടെന്നറിഞ്ഞാല്‍ അവിടെയെത്തി പഴയ ചിത്രങ്ങള്‍ പൈതൃക സമ്പത്തായി കണ്ട് ഏറ്റെടുത്ത് സംരക്ഷിച്ചു വരുന്നു. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ ജനിച്ച് ചിത്രകലാ അദ്ധ്യാപകനായി ജീവിച്ച കെ.കെ.വാര്യര്‍ക്ക് കേരള ലളിതകലാ അക്കാദമി പുരസ്കാരം(1969,74,78), ലളിതകലാ പുരസ്കാരം (2004), ദേശീയ അദ്ധ്യാപക പുരസ്കാരം, സിസിആര്‍ടി ഡല്‍ഹി (1981), ചുമര് ചിത്രകലാ റിസേര്‍ച്ചിന് കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ ഫെലോഷിപ്പ് (2000-02) തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഗുരൂവായൂര്‍ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ആര്‍ട്സ് ഡയറക്ടര്‍ എന്ന നിലയിലും കെ.കെ.വാര്യര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നും ചിത്രങ്ങളുടെയും, പുസ്തകരചനയുടെയും ലോകത്ത് പിന്മുറക്കാരനായ മകന് ശശി കെ.വാര്യരരോടൊപ്പം കെ.കെ.വാര്യരുടെയും സജീവ സാന്നിധ്യമുണ്ട്.
കെ.എം. കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: