വ്യാജനിര്മിതികളുണ്ടാവുന്നതെങ്ങനെ?
ഭൗതികജീവിതത്തിന്റെ കൈകള്‍ക്ക് എത്താത്ത ഇടങ്ങളില്‍നിന്ന് സംസാരത്തെ നിരീക്ഷിക്കുവാനും സംരക്ഷിക്കുവാനും മാതാ അമൃതാനന്ദമയി എന്ന സ്നേഹവാരിധി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദഭാവങ്ങളിലലിഞ്ഞു നില്ക്കുമ്പോള് അമ്മയല്ലാതെ മറ്റൊന്നുമില്ല എന്ന പരമസത്യത്തിന്റെ നിറസാന്നിദ്ധ്യമാണ് ബോധ്യപ്പെടുക. പക്ഷേ, ആ സത്യം തിരിച്ചറിയുവാനാവാത്ത ഐഹിക പ്രാരാബ്ദങ്ങളുടേയും ഇച്ഛാഭംഗങ്ങളുടേയും നടുക്കടലിലായ ചിലരുമുണ്ട് എന്ന ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിയിക്കും വിധമായിരുന്നു ഇക്കഴിഞ്ഞ വാരങ്ങളില്‍ അമൃതാനന്ദമയി ദേവിക്കും മഠത്തിനും നേര്‍ക്ക് ആസൂത്രിതമായി പ്രചരിപ്പിക്കപ്പെട്ട അപവാദങ്ങള്‍.
ഗെയ്ല് ട്രെഡ്വെല് എന്ന അമ്മയുടെ മുന്‍കാല വിദേശ ശിഷ്യ ആശ്രമ ജീവിതാനന്തരം സ്വദേശത്ത് തിരികെ പോയതിനുശേഷം നീണ്ട പതിനഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മറ്റൊരാളെക്കൊണ്ട് എഴുതിച്ചു പ്രസിദ്ധീകരിച്ച പുസ്തകത്തിലെ അതി നീചമായ പരാമര്‍ശങ്ങള്‍ സ്വാഭാവികമായും ശിഷ്യഗണങ്ങളേയും ഹിന്ദുജന സമൂഹത്തിനു തന്നെയും നടുക്കവും വേദനയും രോഷവുമുണ്ടാക്കിയെന്നത് വസ്തുതയാണ്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത ബാലിശമായ ദുരാരോപണങ്ങള്‍ ഹൈന്ദവ ആദ്ധ്യാത്മിക ആചാര്യന്മാര്ക്കു നേരെയും സ്ഥാപനങ്ങള്‍ക്കെതിരെയും ഹിഡന്‍ അജണ്ട വെച്ച് നിര്മിക്കപ്പെടുന്നതാണെന്ന് തിരിച്ചറിയാന്‍ ഇന്ന് ഹിന്ദുസമൂഹത്തിനാവും.
പവിത്രവും വിവരണാതീതവുമായ ആദ്ധ്യാത്മികാനുഭൂതിയും കാരുണ്യം വഴിയുന്ന നിസ്വാര്‍ത്ഥ സേവന മനസ്ഥിതിയും ജനഹൃദയത്തില്‍ സുസ്മിതവും സവിസ്മയവുമായ പുണ്യചരിതയായി അമ്മ പ്രശോഭിക്കവെ, ഇത്തരം നിര്‍ലജ്ജ പ്രവര്‍ത്തികളുടെ ലക്ഷ്യവും സ്പോണ്‍സര്‍ഷിപ്പുമൊക്കെ ആര്‍ക്കൊക്കെയാണെന്ന് ജനസമക്ഷം വെളിവാക്കുകയാണ് പ്രമുഖ സാംസ്ക്കാരിക പ്രവര്‍ത്തകനായ ഹരികുമാര്‍ ഇളയിടത്ത്. ഭാഷാ വിനിമയത്തിന്റെ സര്ഗസാന്നിദ്ധ്യത്തെക്കടന്നുപോകുന്ന സൂഫി നുറുങ്ങു കഥകള്‍ ആമുഖമായിച്ചേര്ത്ത് ഹൈന്ദവതയ്ക്ക് നേരെയുള്ള മതമൗലികവാദത്തിന്റെ അവഹേളനശ്രമങ്ങളുടെ കുന്തമുനയൊടിക്കുവാന് ഗ്രന്ഥകാരന് നിഷ്പ്രയാസം സാധിച്ചിരിക്കുന്നു എന്നു പറയാം.
ലോകത്തെ ഒരു കിളിക്കൂടായി സങ്കല്പ്പിച്ചു പ്രവര്‍ത്തിച്ച ആര്‍ഷ സംസ്കൃതിയുടെ പിന്തുടര്ച്ചയെ അകന്നിരുന്ന് കല്ലെറിയുന്നവര്‍ക്കുള്ള സമയോചിതവും യുക്തിഭദ്രവുമായ മറുപടിയായ ഈ രചന ഒരുറച്ച ഹൈന്ദവചേതനയുടെ പ്രതിഫലനമാണ്.
അമ്മ അധിക്ഷേപിക്കപ്പെടുന്നതിലെ മതവും രാഷ്ട്രീയവും
ഹരികുമാര്‍ ഇളയിടത്ത്
വില 30 രൂപ
കുരുക്ഷേത്ര പ്രകാശന്, കൊച്ചി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: