1. വൃദ്ധന്
അകവും പുറവും പൊള്ളിക്കുന്ന വെയിലത്ത് നടക്കുകയായിരുന്നു അയാള്‍.
അപ്പോള്‍ അയാള്‍ക്ക് അപരിചിതനായ ഒരു വൃദ്ധന് എതിരെ വരുന്നുണ്ടായിരുന്നു. “എന്നാ വെയിലാ. ആ ടവ്വലെടുത്ത് തലയില്‍ കെട്ടിയിട്ട് പോയികൂടെ….”
ഇത് കേട്ട് അയാളുട കണ്ണ് നിറഞ്ഞു. സ്വന്തം അച്ഛന് പോലും പറയാത്തത്.
അയാള്‍ കൃതജ്ഞതാ പൂര്‍വം വൃദ്ധനെ നോക്കുമ്പോള്‍ ആ മനുഷ്യന് മുഖത്തൊരു ചിരി വരുത്തി നടന്ന് പോയിരുന്നു.
അന്നേരം അയാള്‍ മനസ്സില്‍ കുറിച്ചു. നാട്ടിന്‍പുറത്തെ നന്മകള്‍ക്ക് മരണമില്ലെന്ന്…
2. ഷര്‍ട്ട്
അയാള്‍ രണ്ട് ഷര്‍ട്ടുകള്‍ വാങ്ങി. ഷര്‍ട്ടുകള്‍ വാങ്ങുമ്പോഴേ തീരുമാനിച്ചിരുന്നതാണ്. ഒന്ന് തനിക്കും. ഒന്നു മകനുമെന്ന്.
ഈ ഒരു ആഹ്ലാദവുമായാണല്ലോ അയാളന്ന് വീടണഞ്ഞതും.
കയ്യിലിരുന്ന കവര്‍ കണ്ട് ഭാര്യ ചോദിച്ചു.
“ഇതെന്താ…..”
“രണ്ട് ഷര്‍ട്ട് വാങ്ങി. ഒന്നെനിക്കും. ഒന്ന് മകനും.”
“അവനെന്തിനാണിപ്പോ ഷര്‍ട്ട്. ആവശ്യത്തിന് ഷര്‍ട്ടൊക്കെ അവനില്ലേ. നിങ്ങള്‍ക്കല്ലേ ഷര്ട്ടൊന്നുമില്ലാത്തത്.”
ആലോചിച്ചപ്പോള്‍ അവള് പറയുന്നത് ശരിയാണെന്ന് തോന്നി.
ജോലി കിട്ടിയിട്ടുപോലും അവനിതുവരെ ഇന്നാ അച്ഛനൊരു ഷര്‍ട്ടെന്ന് പറഞ്ഞൊരു പൊതി നീട്ടിയിട്ടില്ലല്ലോ. അവനെപ്പോഴും അവനില്‍ മാത്രമായിരുന്നു ശ്രദ്ധ.
അല്ലെങ്കിലും അവനില്നിന്നിതുവരെ അയാളങ്ങനെയൊന്നും ആഗ്രഹിച്ചിട്ടുമില്ലല്ലോ.
എന്നാലും തനിക്കവനെപ്പോലെ കരുതാനൊക്കുമോ? മകനെന്നും മകളെന്നും പറയുവാന്‍ അവനൊരുത്തനല്ലേയുള്ളൂ.
“അച്ഛാ…..”
മകനാണ്.
“ഇന്നലെ രാത്രി കൊണ്ടുവന്ന ഷര്ട്ടിലൊരെണ്ണം ഞാനെടുത്തോട്ടേ.”
താനൊന്നും മിണ്ടാതെ നില്ക്കുമ്പോള് ഭാര്യ പറയുന്നുണ്ടായിരുന്നു.
“നിനക്കെന്തിനാണിപ്പോ ഷര്‍ട്ട്. ആവശ്യത്തിന് ഷര്‍ട്ടൊക്കെ നിനക്കില്ലേ?”
ഷര്‍ട്ട് ദേഷ്യത്താല്‍ കിടക്കയിലേക്കെറിഞ്ഞ് മകന് മുറിവിട്ട് പോകവേ അയാളോര്‍ത്തത്.
തന്റെ മകനൊരു ഷര്‍ട്ട് വാങ്ങി കൊടുക്കുവാന്‍ പോലുമുള്ള സ്വാതന്ത്ര്യം….
പിന്നെ എന്തിനെന്നറിയാതെ അയാളുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.
സമദ് പനയപ്പിള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: