കൊച്ചി: എറണാകുളം മണ്ഡലത്തില്‍ പോരാട്ടം ശക്തമായെങ്കിലും പ്രചാരണവേദികളില്‍ ഗൗരവമുള്ള വികസനചര്‍ച്ചകള്‍ക്ക് വിലക്ക്. കൊച്ചിയുടെ വികസനത്തെക്കുറിച്ച് ഇക്കുറി ഇരുമുന്നണികള്‍ക്കും കാര്യമായൊന്നും അവകാശപ്പെടാനില്ല. ഭക്ഷ്യസുരക്ഷാ ബില്ലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി. തോമസിന്റെ തുറുപ്പുചീട്ട്. രാജ്യത്ത് ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെല്ലാം പദ്ധതിയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയതായി കെ.വി. തോമസ് അവകാശപ്പെടുന്നു. യുഡിഎഫ് കണ്‍വെന്‍ഷനില്‍ ഒരു മണിക്കൂറിലേറെ സമയം കെ.വി. തോമസ് ചെലവഴിച്ചത് ഭക്ഷ്യസുരക്ഷാ ബില്ലിനെക്കുറിച്ച് പറയാനാണ്. ആവേശകരമായ പ്രസംഗത്തിനിടെ സദസില്‍നിന്നുയര്‍ന്ന ചോദ്യം കെ.വി. തോമസിനെ അമ്പരിപ്പിച്ചു. റേഷന്‍കടകളില്‍ അരിയും ഗോതമ്പും ഇപ്പോഴും കിട്ടാത്തതെന്തുകൊണ്ടാണെന്നായിരുന്നു ഒരു സ്ത്രീയുടെ സംശയം. ആദ്യം ഒന്നു പതറിയെങ്കിലും കുറ്റം സംസ്ഥാനസര്ക്കാരിന്റേതാണെന്ന് പറഞ്ഞ് കെ.വി. തോമസ് ഒഴിഞ്ഞുമാറി.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും അറിയില്ല എന്നതാണ് ഇടതുമുന്നണി നേരിടുന്ന പ്രതിസന്ധി. സ്ഥാനാര്‍ത്ഥിയെ ആദ്യം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് തന്നെ പരിചയപ്പടുത്തേണ്ട അവസ്ഥയിലാണ് സിപിഎം നേതൃത്വം. ക്രിസ്റ്റിയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുള്ള കലാപം ഇനിയും അടങ്ങിയിട്ടില്ല. കൊച്ചിയുടെ അഭിമാനപദ്ധതികളായി വിശേഷിപ്പിക്കപ്പെട്ട മെട്രോ റെയില്‍, സ്മാര്‍ട്ട് സിറ്റി പദ്ധതികളെക്കുറിച്ച് ഇരുമുന്നണികളും മൗനം പാലിക്കുന്നുവെന്നതാണ് രസകരമായ കാര്യം. വികസനപദ്ധതികളൊന്നും ചര്‍ച്ചയാകുന്നില്ലെങ്കിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും സരിതയും ലയനങ്ങളില്‍ സജീവ ചര്‍ച്ചാവിഷയമാകുന്നുണ്ട്.
മണ്ഡലത്തിലെ ലത്തീന്‍ സമുദായ വോട്ടുകളിലാണ് ഇരുമുന്നണികളുടെയും കണ്ണ്. കേന്ദ്രമന്ത്രിയെ നിലയിലുള്ള ഇമേജും സിറ്റിംഗ് എംപി എന്ന ആനുകൂല്യവും തുണക്കുമെന്ന പ്രതീക്ഷയാണ് കെ.വി. തോമസിനുള്ളത്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് തന്നെ പുതുതായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നതാണ് കെ.വി. തോമസിനനുകൂലമായ ഘടകം. എതിര്‍സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസ് നേരിടുന്ന വലിയ വെല്ലുവിളിയും ഇതുതന്നെ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി ക്രിസ്ത്യന്‍ സഭക്കുള്ളില്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ന്നിട്ടുള്ള വികാരം തങ്ങള്‍ക്കനുകൂലമാകുമെന്ന് എല്‍ഡിഎഫ് ക്യാമ്പ് കണക്കുകൂട്ടുന്നു.
ഗുജറാത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊരുങ്ങുന്നത്. രാജ്യം കാത്തിരിക്കുന്നത് മോദിയെന്ന വികസനനായകനെയാണെന്നും മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരാനാണ് തന്റെ മത്സരമെന്നുമാണ് ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന് പറയുന്നത്. ബിജെപിക്കനുകൂലമായ ഏറ്റവും പ്രധാന ഘടകവും മോദി ഫാക്ടര്‍തന്നെ.
ആദ്യഘട്ടത്തില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ സജീവ പ്രചരണത്തിനിറങ്ങാനാണ് മൂന്ന് പ്രധാന സ്ഥാനാര്‍ത്ഥികളും പദ്ധതിയിടുന്നത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രശസ്ത മാധ്യമപ്രവര്‍ത്തക അനിതാ പ്രതാപ് രംഗപ്രവേശം ചെയ്തത് വോട്ടര്‍മാര്‍ക്കിടയില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: