കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യ സുരക്ഷാ നിയമം തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള തട്ടിപ്പാണെന്നു സിപിഐ നേതാവ് സി.ദിവാകരന്. രാജ്യത്തെ ഒരു സംസ്ഥാനത്തു പോലും ഈ നിയമം നടപ്പാക്കിയിട്ടില്ലെന്നും കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായത്തെ ഭക്ഷ്യസുരക്ഷാ നിയമം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ എറണാകുളം പാര്‍ലമെന്റ് മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു സി. ദിവാകരന്.
പി. ചിദംബരത്തിന്റെ സാമ്പത്തിക ശാസ്ത്രം മണ്ണടിഞ്ഞിരിക്കുന്നു. സാമ്പത്തിക തകര്‍ച്ചയുടെ ഫലമായി ഉണ്ടായ വിലക്കയറ്റത്തില്‍ ജീവിക്കാന്‍ കഴിയാത്ത ജനങ്ങളെ കോണ്‍ഗ്രസ് ആത്മഹത്യയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ ഭരണത്തിന്റെ ഫലമായി ടെലികോം വകുപ്പ് മുതല്‍ പ്രതിരോധ വകുപ്പ് വരെ അഴിമതി കൊടുകുത്തി വാഴുന്നു. ഐപിഎല്‍ കുംഭകോണത്തില്‍ ശശി തരൂരിനെ രക്ഷപെടുത്തിയത് താനാണെന്നു വരെ തരൂരിന്റെ ഭാര്യയായിരുന്നു സുനന്ദാ പുഷ്കര്‍ വെളിപ്പെടുത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പി. രാജീവ് എംപി അധ്യക്ഷത വഹിച്ചു. സിപിഎം നേതാക്കളായ തോമസ് ഐസക്ക് എംഎല്‍എ, എം.എം. ലോറന്‍സ്, എസ്. ശര്‍മ, കെ. ചന്ദ്രന്‍പിള്ള, എം.സി. ജോസഫൈന്, സിപിഎം ജില്ലാ സെകട്ടറി സി.എം. ദിനേശ് മണി, ഉഴവൂര്‍ വിജയന്, സെബാസ്റ്റ്യന്‍ പോള്‍, മേഴ്സി വില്ല്യം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: