തൊടുപുഴയിലെ ആദ്യ സ്വയംസേവകന് ഈ ലേഖകനാണെന്ന് ഒരു പൊതുവിശ്വാസം നിലവിലുണ്ട്. ചിലര്‍ മൂവാറ്റുപുഴ സംഘജില്ലയിലെ ആസ്ഥാനവും എന്നില്‍ ആരോപിക്കുന്നുണ്ട്. സഘത്തിന്റെയും പരിവാര്‍ പ്രസ്ഥാനങ്ങളുടേയും പരിപാടികളില്‍ പരിചയപ്പെടുത്തുമ്പോഴും അങ്ങനെ പ്രസ്താവിച്ചു കാണാം. ഇപ്പോഴും സജീവമായിട്ടല്ലെങ്കിലും പ്രവര്‍ത്തനരംഗത്തുള്ള മുതിര്‍ന്നയാളെന്ന നിലയ്ക്ക് അത് വാസ്തവമാണെങ്കിലും സംഗതി തികച്ചും ശരിയല്ല. 1951 ല്‍ തിരുവനന്തപുരത്ത് കോളേജില്‍ പഠിക്കാന്‍ പോയപ്പോഴാണ് സംഘശാഖയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായത്. അക്കാലത്തെ ഏതു സാമാന്യ വിദ്യാര്‍ത്ഥിയേയും പോലെ സംഘത്തെക്കുറിച്ച് തെറ്റിദ്ധാരണയല്ലാതെ ഒരു ധാരണയും ഇല്ലാത്ത ആളായിരുന്നു ഞാനും. ശാഖയിലെ പരിചയപ്പെടുത്തല്‍ കഴിഞ്ഞു സ്വയംസേവകര്‍ പരസ്പ്പരം പരിചയപ്പെട്ട അവസരത്തില്‍ ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഗോപാലന് എന്നയാള്‍ തൊടുപുഴക്കാരനാണെന്നും മനസ്സിലായി. കൂടുതല്‍ അടുത്തപ്പോള്‍ അദ്ദേഹം തൊടുപുഴയ്ക്കടുത്ത് മുട്ടം എന്ന സ്ഥലക്കാരനാണെന്നും രണ്ടുമൂന്നു വര്‍ഷമായി പട്ടം ശാഖയില്‍ പങ്കെടുക്കുന്ന ആളാണെന്നും അറിഞ്ഞു. പരിചയപ്പെടുന്ന ആളുടെ വീടും മറ്റു വിവരങ്ങളും മനസ്സിലാക്കിവെക്കുന്ന സ്വഭാവം, സംഘത്തില്‍ വന്ന അക്കാലത്ത് എനിക്ക് സഹജമായിരുന്നില്ല.
ഗോപാലന് പേയിങ് ഗസ്റ്റ് പോലെ താമസിച്ചിരുന്ന വീട്ടില്‍ പോയിട്ടുമുണ്ട്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം പഠിത്തം നിര്‍ത്തി മടങ്ങി. പിന്നീട് ഒരിക്കലും പ്രസ്തുത ഗോപാലനെ കാണാനോ അദ്ദേഹത്തിന്റെ എന്തെങ്കിലും വിവരം സമ്പാദിക്കാനോ കഴിഞ്ഞില്ല. തൊടുപുഴയില്‍ ശാഖ ആരംഭിച്ച കാലത്തും എന്തെങ്കിലും എത്തും പിടിയും കിട്ടുമോ എന്നന്വേഷിച്ചു ഫലമുണ്ടായില്ല. ഇന്ന് ഉണ്ടെങ്കില്‍ 80-85 വയസ്സ് പ്രായമുണ്ടാവും അദ്ദേഹത്തിന്.
ഞാന്‍ ശാഖയില്‍ വരാനും സംഘം ജീവിതത്തില്‍ കലര്‍ന്നു ചേരാനും ഇടയാക്കിയ ആള് മൂവാറ്റുപുഴ സംഘ ജില്ലക്കാരന് തന്നെയാണ്, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ഡിപ്ലോമ കോഴ്സിന് പഠിച്ചിരുന്ന കെ.ഇ.കൃഷ്ണന് എന്ന ചെറുവട്ടൂര്‍കാരന്‍. മഹാത്മാഗാന്ധി കോളേജ് മാനേജരും, അച്ഛന്റെ സഹപാഠിയുമായിരുന്ന രാഘവന് പിള്ളയുടെ വീട്ടില്‍ താമസിച്ചാണ് ഞാന്‍ പഠിച്ചത്. കറ്റച്ചകോണത്തെ (ഇന്നു കേശവദാസപുരം)കോളേജ് വളപ്പിലായിരുന്നു വസതി. രാഘവന് പിള്ള സാറിന്റെ മക്കള്‍ സ്വയംസേവകരായിരുന്നു. ആ വീട്ടിലെ പതിവ് സമ്പര്ക്കത്തിനുവന്ന കെ.ഇ.കൃഷ്ണന് എന്നെയും ശാഖയിലേക്കു ക്ഷണിച്ചു. സംഘത്തെ സംബന്ധിച്ചുള്ള പ്രാഥമികകാര്യങ്ങള്‍ അദ്ദേഹമാണ് പറഞ്ഞുതന്നത്. ഇന്നത്തെ നിയമസഭാ മന്ദിരമിരിക്കുന്ന വളപ്പിലെ പഴയ കുതിരലായം അല്‍പ്പം ഭേദഗതി ചെയ്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു താമസിക്കാന്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് ഹാളാക്കി മാറ്റി സൗകര്യപ്പെടുത്തിയിരുന്നു. വിശാലമായ ഹാളില്‍ ഒരു കട്ടില്, മേശ, കസേര, ഷെല്‍ഫ്, മേശവിളക്ക് എന്നീ സാമഗ്രികള്‍ ഒരാള്‍ക്ക് കിട്ടും. രണ്ടുരൂപ മാസവാടക. ഭക്ഷണവും അവിടെ ലഭിക്കുമായിരുന്നു. മാസം 30 രൂപ ചെലവില്‍ ഒരു കുട്ടിക്ക് അതുപയോഗിക്കാന്‍ കഴിഞ്ഞു. മിക്കവാറും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് അവിടെ കഴിയുക. അവിടെ പലപ്പോഴും പോയി കെ.ഇ.കൃഷ്ണന്റെ ആതിഥ്യം അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹവാസം ഒരുവര്‍ഷമേ കിട്ടിയുള്ളൂ. പിന്നീട് എവിടെയോ ജോലി കിട്ടിപ്പോയി. കുറേ മാസങ്ങള്‍ കഴിഞ്ഞു, കോളേജിലെ രേഖകളും സര്‍ട്ടിഫിക്കറ്റുകളുമൊക്കെ വാങ്ങാന്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ പഴയ സ്വയംസേവകരെ തേടിപ്പിടിച്ചു കണ്ടു. റെയില്‍വേയില്‍ സെക്കന്തരാബാദിലാണ് ജോലിയെന്നറിഞ്ഞു. പിന്നീട് ഒരുതവണ എഴുത്തുകുത്തുണ്ടായി.
അതിനുശേഷം ആളെക്കുറിച്ച് ഒരു വിവരവുമില്ല. വര്‍ഷങ്ങള്‍ക്കുശേഷം കുടുംബബന്ധുവായ ഒരു ചെറുവട്ടൂര്ക്കാരനുമായി സംസാരിക്കവേ, “നീയെങ്ങനെ ഈ ആറെസ്സെസ്സില് ചെന്നു കുടുങ്ങി”യെന്ന് ഹൈക്കോടതിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം അന്വേഷിച്ചു. ചെറുവട്ടൂര്കാരനായ റെയില്‍വേ എഞ്ചിനീയര്‍ ഒരു കൃഷ്ണനാണ് കാരണക്കാരന്‍ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും ഒന്നാലോചിക്കേണ്ടിവന്നു. ഒടുവില്‍ അക്കാലത്തെ കുടുംബസ്ഥരായ നായന്മാരുടെ മനോഭാവത്തോടെ “നമ്മുടെ പെലേന്‍ കൃഷ്ണന്” എന്നഭിപ്രായപ്പെട്ടു. പക്ഷേ കെ.ഇ.കൃഷ്ണനെ പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞില്ല.
തിരുവനന്തപുരത്ത് എന്റെ പഠനകാലം മുഴുവന്‍ ഏറ്റവും അടുത്തുപെരുമാറിയ സി.വി.ലക്ഷ്മണന് ഡിഗ്രിക്ക് ഒരേ ബഞ്ചിലിരുന്നു പഠിച്ചവരായിരുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ സ്വയംസേവകനായി. പരമേശ്വര്‍ജിയും രാമചന്ദ്രന് കര്ത്താസാറുമൊക്കെ സ്വയംസേവകരാകുന്ന കാലത്തും ബാലസ്വയംസേവകനായിരുന്നു. പോസ്റ്റോഫീസിന് സമീപം പുളിമൂട്ടില്‍ ഗാന്താരി അമ്മന്‍കോവില്‍ റോഡ് തുടങ്ങുന്നിടത്ത് ലക്ഷ്മണന്റെ ജ്യേഷ്ഠന് നടത്തിയിരുന്ന സംസ്കൃത പുസ്തകശാലയായിരുന്നു അവിടുത്തെ കീയറോഫ് വിലാസം. ഞങ്ങള്‍ ഒരുമിച്ചു ഡിഗ്രിയെടുത്തു. അദ്ദേഹം മുംബൈയില്‍ ജോലി ലഭിച്ചു നാടുവിട്ടു. കുറേനാളത്തേക്ക് എഴുത്തുകുത്തുകള്‍ നടന്നു. പിന്നെ വിവരമില്ല. വര്‍ഷങ്ങള്‍ക്കുശേഷം ജനസംഘത്തിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മുംബൈയില്‍നിന്നു മടങ്ങവേ സഹയാത്രികരായിരുന്നു. രണ്ടു പതിറ്റാണ്ടുകാലത്തെ വിശേഷങ്ങള്‍ കൈമാറി. പഠിക്കുമ്പോള്‍ മലയാളം രണ്ടാം ഭാഷയായി എടുത്ത് സാഹിത്യത്തില്‍ അതീവ തത്പരനായിരുന്ന ലക്ഷ്മണന് അക്കാലത്ത് സംസ്കൃത കോളേജില്‍ നടന്ന സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. മുംബൈ വാസത്തിനിടെ മലയാളസാഹിത്യവുമായി ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലത്രെ. പിന്നീട് കത്തിടപാടുണ്ടായില്ല.
കയ്യിലുണ്ടായിരുന്ന വിലാസം ഉപയോഗിച്ച്, ജന്മഭൂമിക്ക് ഓഹരികള്‍ സമാഹരിക്കാന്‍ മുംബൈയില്‍ പോയപ്പോള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത് വിഫലമായി.
ഈ മൂന്നുപേരെ കൂടാതെയും നിരവധി ആദ്യകാല പ്രവര്‍ത്തകര്‍ എവിടെയൊക്കെയോ ആയി കഴിയുന്നുണ്ടാവണം. തിരുവനന്തപുരത്തെ മറ്റൊരു പഴയകാല കാര്യകര്‍ത്താവായിരുന്നു ജി.കൃഷ്ണമൂര്‍ത്തി. ഒന്നാന്തരം സംഗീതജ്ഞന്. നൂറുകണക്കിന് വിവിധഭാഷാ ഗണഗീതങ്ങള്‍ മനോഹരമായി വടിവൊത്ത കൈപ്പടയില്‍ എഴുതി സദാ കൊണ്ടുനടക്കുമായിരുന്നു. അദ്ദേഹം പഠിപ്പിച്ച പല ഗീതങ്ങളും ഈ ആറുപതിറ്റാണ്ടിനുശേഷവും ഉള്ളില്‍ മീട്ടുന്നതിന് കഴിയുന്നു. 1948 ലെ സത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയില്വാസമനുഭവിച്ചയാളാണ്. അദ്ദേഹം പഠിത്തം കഴിഞ്ഞ് ജോലി തേടിപ്പോയി. കുറേനാളത്തേക്ക് കത്തുകള്‍ അയച്ചിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം അടിയന്തരാവസ്ഥ കഴിഞ്ഞ്, മാധവ്ജിയുടെ അനുജന് ഒപ്പം പ്രഥമവര്‍ഷ ശിക്ഷണം കഴിഞ്ഞ പി.ആര്.മേനോന് കൊല്‍ക്കത്തയിലെ ജോലി കഴിഞ്ഞു കോഴിക്കോട്ടെത്തിയപ്പോള്‍, അവിടത്തെ മലയാളി സ്വയംസേവക വൃത്തത്തില്‍പ്പെട്ട കൃഷ്ണമൂര്‍ത്തിയെപ്പറ്റി സംസാരിച്ചു. ഞങ്ങള്‍ തമ്മിലുള്ള അടുപ്പം അവര്‍ പരാമര്ശിച്ചിരുന്നത്രെ. അദ്ദേഹത്തിന്റെ വിലാസം സമ്പാദിച്ചു. ഫാസിറ്റ്(ഇന്ത്യ)എന്ന സ്ഥാപനത്തിന്റെ ചെന്നൈയിലെ ഓഫീസറാണ്.
തിരുവനന്തപുരത്തുനിന്ന് പിരിഞ്ഞശേഷം വഹിച്ച ചുമതലകളും ജന്മഭൂമി ആരംഭിച്ച കാര്യങ്ങളുമെല്ലാം എഴുതി. മടക്കത്തപാലില്‍ തന്നെ വിശദമായ മറുപടി വന്നു. ജന്മഭൂമിയുടെ പ്രവര്‍ത്തനത്തിന് സഹായം നല്കാന് സന്നദ്ധത പ്രകടിപ്പിച്ചു. അന്നത്തെ നിലയ്ക്ക് മോശമല്ലാത്ത ഓഹരി എടുക്കുകയും ചെയ്തു.
അത്യന്തം നിഷ്ഠയോടെ സംഘപഥത്തില്‍ വ്യതിചലിക്കാതെ മുന്നേറുന്ന എത്രയോ പേര് നമുക്ക് ആവേശം നല്‍കിക്കൊണ്ട് ഇന്ന് സജീവമായി തുടരുന്നവരുണ്ട്. ജീവിതം സമര്‍പ്പിച്ച പ്രചാരകന്മാരുടെ കാര്യമല്ല സൂചിപ്പിക്കുന്നത്. അവരെ പ്രത്യേക വകുപ്പില്‍ മാത്രമേ പരിഗണിക്കാനാവുകയുള്ളൂവല്ലൊ. സാധാരണ കുടുംബജീവിതം നയിച്ചുകൊണ്ടുതന്നെയുള്ളവരുടെ കാര്യമാണ്.
ഓരോ കാലത്ത് സഹപ്രവര്‍ത്തകര്‍ക്ക് ആവേശവും പ്രചോദനവും നല്കിയ അത്തരം ആളുകള്‍ ഇന്നെവിടെയാണ് എന്നറിയാന്‍ സ്വാഭാവികമായ ഔത്സുക്യം വരുന്നു. തിരുവനന്തപുരത്ത് പ്രചാരകനില്ലാതിരുന്ന രണ്ടുവര്‍ഷക്കാലത്ത് സ്വന്തം എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തെ തന്നെ അവഗണിച്ച് ശാഖകളുടെ ചുമതല ഏറ്റെടുത്ത ദിവാകര്‍ കമ്മത്ത് ഉണ്ടായിരുന്നു. പിന്നീട് പഠനം പൂര്‍ത്തിയാക്കി റാഞ്ചിയില്‍ ജോലി സ്വീകരിച്ച്, ദശകങ്ങള്‍ക്കുശേഷം തിരിച്ചുവന്ന് കോയമ്പത്തൂരില്‍ താമസമാക്കി. ആ നീണ്ട ഇടവേളയില്‍ അദ്ദേഹത്തെക്കുറിച്ചു വിവരമില്ലായിരുന്നു. റാഞ്ചിയില്‍ അതേ കമ്പനിയില്‍ ജോലി നോക്കിയിരുന്ന രണ്ടു തലശ്ശേരി സ്വയംസേവകര്‍ക്ക് അദ്ദേഹത്തിന്റെ അഡ്രസ് കൊടുത്ത് ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചിട്ടും ഫലമുണ്ടായില്ല. ഈ പംക്തികളില്‍ അദ്ദേഹത്തെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍ ആരോ കാട്ടിക്കൊടുത്തപ്പോള്‍, അദ്ദേഹം എന്റെ വിലാസം തേടിപ്പിടിച്ച് സുദീര്‍ഘവും ഹൃദയംഗമവുമായ ഒരു കത്തെഴുതി. എന്റെ മറുപടി കിട്ടിയശേഷം അദ്ദേഹം കല്ലേക്കാട് വ്യാസ വിദ്യാപീഠം സന്ദര്‍ശിക്കുകയും യൗവനകാലത്ത് താനനുഷ്ഠിച്ച തപസ്യയുടെ ഫലങ്ങളില്‍ വിദൂരമായ ഒന്നാണത് എന്ന് അകമേ കരുതി ചരിതാര്‍ത്ഥനാവുകയും ചെയ്തുവെന്ന് അടുത്ത കത്തില്‍ നിന്നറിഞ്ഞു.
അവരൊക്കെ എവിടെയാണ് എന്തു ചെയ്യുന്നുവെന്നത് ജിജ്ഞാസാ നിര്‍ഭരമായ അന്വേഷണമായിരിക്കും.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: