അതിശയോക്തിയുടെ പിന്‍ബലമോ അര്‍ത്ഥശങ്കയുടെ വേവലാതിയോ ഒട്ടുമില്ലാതെ തന്നെ പറയാം ‘സുമന്’ കരുണയുടെ തെളിനീരുറവയാണെന്ന്.
താന്‍ മരിക്കുന്നതിന് മുമ്പ് മാനസിക വിഭ്രാന്തിയുള്ള തന്റെ മകളുടെ മരണം ആവശ്യപ്പെടുന്ന ഒരച്ഛന്റെ വെപ്രാളമാണ് ഡോ. വത്സലാ മന്നാലി എന്ന സൈക്യാട്രിസ്റ്റ് തുടങ്ങിവെച്ച സംരംഭമായ സുമന് റിസര്‍ച്ച് ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍. 1997 ലെ വിജയദശമിനാളിലാണ് കോഴിക്കോട് ചാലപ്പുറത്തെ വാടക കെട്ടിടത്തില്‍ സുമന്റെ പ്രവര്‍ത്തനാരംഭം. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ കോര്പ്പറേഷന് പരിധിയില്‍ തന്നെയുള്ള പൊറ്റമ്മല്‍-പാലാഴി റോഡരികിലെ ഒരു പഴയ വീട്ടിലേക്ക് പ്രവര്‍ത്തനം മാറ്റി.
മാനസിക വൈകല്യമുള്ള സ്ത്രീകളെ സംരക്ഷിക്കുകയെന്ന കര്‍ത്തവ്യം ഡോ. വത്സലാ മന്നാലി സ്വയമേറ്റെടുത്തപ്പോള്‍ സമാനമനസ്കരായ കുറച്ച് സ്ത്രീകളും ഈ ആശയത്തെ തുറന്ന മനസ്സോടെ സ്വീകരിച്ചു.
ലാഭം മാത്രം കൊതിക്കുകയും മൂല്യബോധം നഷ്ടപ്പെടുകയും ചെയ്യുന്ന ആധുനിക ലോകത്ത് മാനസിക വൈകല്യമുള്ള സ്ത്രീകള്‍ സ്വന്തം കുടുംബത്തിന് പോലും ഭാരമായി തീരുകയാണ്. ഒരു സാധാരണ കുടുംബത്തില്‍ ഈ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണവുമാണ്. തങ്ങളുടെ കാലശേഷം ഇത്തരത്തിലുള്ള മക്കളുടെ, പ്രത്യേകിച്ച് പെണ്മക്കളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് മനസ്സ് നീറുന്ന രക്ഷിതാക്കള്‍ക്ക് സുമന് ആശ്വാസമാകുന്നത് അതുകൊണ്ട് തന്നെയാണ്. ഇത്തരക്കാര്‍ക്ക് വേണ്ടിയുള്ള ഈ പകല്‍ സമയ അഭയകേന്ദ്രം തെളിനീരുറവയാകുന്നത് സമൂഹത്തിന് അഭിമാനവുമാണ്.
മാനസിക വൈകല്യമുള്ള സ്ത്രീകള്‍ക്ക് മാനസികാരോഗ്യത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക, ഇവരെ മാന്യതയും ധൈര്യവും തന്റേടവുമുള്ള ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുക, സ്വാശ്രയശീലം വളര്‍ത്തുക, അവഗണനയില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നിവയാണ് സുമന്റെ ഉദ്ദേശ്യം. മാനസിക വൈകല്യമുള്ള സ്ത്രീകളുടെ പരിരക്ഷ സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്ന ബോധ്യപ്പെടുത്തല്‍ കൂടിയാണ് സുമന്. ലാഭമോ നഷ്ടമോ ഇല്ലാത്തതാണ് പ്രവര്‍ത്തനം. കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ നൂറിലധികം പേര് സുമന്റ സന്മനസ്സ് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അസുഖം മാറി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോയവരുടെ നിരതന്നെയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് മൂന്നരവരെയാണ് പ്രവര്‍ത്തന സമയം. ദിവസവും രാവിലെ യോഗ പരിശീലനത്തോടെ തുടക്കം. പതിമൂന്നോളം പേരാണ് ഇപ്പോഴിവിടെയുള്ളത്. ഇതില്‍ ചിലരെ രക്ഷിതാക്കള്‍ തന്നെ കൊണ്ടുവരികയും വൈകീട്ട് തിരിച്ചുകൊണ്ടു പോവുകയും ചെയ്യും. മറ്റ് ചിലര്‍ ബസ്സില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് വരുന്ന അവസ്ഥയിലും എത്തിയിട്ടുണ്ട്. മുതിര്‍ന്ന സ്ത്രീകളും ഇതില്‍പ്പെടും.
നോട്ട്പുസ്തകം, കുട, മെഴുകുതിരി, അച്ചാര്‍ എന്നിവയുടെ നിര്‍മ്മാണം, തുന്നല്‍ എന്നീ ജോലികളിലാണ് സുമന് പരിശീലനം നല്‍കുന്നത്. നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്ക് ചെറിയ തുക പ്രതിഫലവും നല്കുന്നു. ഉല്‍പ്പന്നങ്ങള്‍ സ്കൂളുകളിലും പൊതു വിപണിയിലുമാണ് വില്‍ക്കുന്നത്.
സ്വന്തം വീട്ടില്‍ നല്ല സ്വഭാവ രൂപീകരണത്തിനുള്ള ശ്രമവും സുമന് നടത്തുന്നുണ്ട്. വീട്ടില്‍ നല്ല ശീലക്കാരായി നിന്നാല്‍ ‘മാര്‍ക്ക്’ കൂടുതല്‍ നല്കി പ്രോത്സാഹിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്. രക്ഷിതാക്കളെ കൊണ്ട്, തന്നെ കുറിച്ച് നല്ലത് പറയിപ്പിക്കാന്‍ ഇവിടത്തെ അംഗങ്ങള്‍ പരിശ്രമിക്കുമെന്ന് കൂടി അറിയുമ്പോള്‍ മാനസികവൈകല്യമുള്ള ഇത്തരം സ്ത്രീകളില്‍ സുമന് നടത്തുന്ന സ്വാധീനം ബോധ്യപ്പെടുത്തുന്നു. ഒരു മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സാസൗകര്യം ഇവിടെ സൗജന്യമായി ലഭിക്കുന്നുണ്ട്.
സ്വന്തം മകളുടെ പെരുമാറ്റത്തിലും മനഃസ്ഥിതിയിലും ആശാവഹമായ പുരോഗതിയുണ്ടെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍, ഇവിടെ കഴിഞ്ഞ 17 വര്‍ഷമായി പ്രതിഫല തുകയുടെ വലുപ്പത്തെക്കുറിച്ച് ഒട്ടും വേവലാതിയില്ലാതെ ഇത്രയും കാലം പ്രവര്‍ത്തിച്ച ചീഫ് ഇന്‍സ്ട്രക്ടര്‍ പി.എം. ഉഷയുടെയും അക്കൗണ്ടന്റ് വി.എ. പ്രീതയുടെയും മനസ്സില്‍ ആത്മസംതൃപ്തി നിറയുകയാണ്. സര്‍ക്കാരില്‍ നിന്ന് നാളിതുവരെ ധനസഹായമൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഉദാരമതികളും സന്മനസ്സുള്ളവരുമാണ് സുമനെ താങ്ങിനിര്‍ത്തുന്നത്. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സഹായത്തോടെ സുമന് റിസര്‍ച്ച് ആന്റ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ കെട്ടിടം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുമുണ്ട്.
ദിശാബോധവും അര്‍പ്പണബോധവും സമ്മേളിച്ചിരിക്കുന്ന സുമന്റെ പ്രവര്‍ത്തനത്തില്‍ മുഴുസമയം വ്യാപൃതരാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഡോ. ഒ.സി. ഇന്ദിരയും സെക്രട്ടറി ഡോ. ലക്ഷ്മി വി. നായരും. കഴിഞ്ഞ കാലത്തെ നിഴലുകള്‍ തട്ടിമാറ്റി മാനസിക വൈകല്യമുള്ള സ്ത്രീകളെ വെളിച്ചത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള സുമന്റെ സന്മനസ് ഇരുള്‍നിറഞ്ഞ വര്‍ത്തമാനകാല സമൂഹത്തില്‍ വെള്ളിനക്ഷത്രം തന്നെ. എന്നാല്‍ മഹത്തായ ഈ സംരംഭത്തിന് നേരെ സര്‍ക്കാറിന്റെ സാമൂഹ്യക്ഷേമ വകുപ്പ് എന്നാണാവോ സഹായഹസ്തം നീട്ടുകയെന്ന ചോദ്യം അവശേഷിക്കുകയുമാണ്.
ദിനേശ് പള്ളിക്കര
E-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: