കൊച്ചി: കൈയ്യേറ്റത്തിനിരയായ ട്രാഫിക് വാര്ഡന് പത്മിനി ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇടപ്പളളി ട്രാഫിക് പോലീസ് സ്റ്റേഷനു മുന്നില്‍ നടത്തിയിരുന്ന സമരം കമ്മീഷ്ണര്‍ ഓഫീസിന്റെ മുന്നിലേക്ക് മാറ്റി. റെവന്യൂ ടവറിന്റെ സെക്യൂരിറ്റി ഗെയിറ്റിന് മുന്നില്‍ നിന്നാണ് ഇന്നലെ സമരം തുടര്‍ന്നത്. ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ ഷംസുവുമായി സംസാരിച്ച പത്മിനി അതില്‍ തൃപ്തയാകാതെയാണ് സമരം കമ്മീഷണര്‍ ഓഫീസിന്റെ മുന്നിലേക്ക് മാറ്റിയിരിക്കുന്നത്. അതേസമയം ട്രാഫിക് വാര്‍ഡനായ പത്മിനിയുടെ നിയമനം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എല്‍ ആന്റ് ടിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ബ്രൈറ്റ് സെക്യൂരിറ്റീസ് എന്ന സ്വകാര്യ ഏജന്‍സിയാണ് വാര്ഡന്മാരെ നല്‍കിയിരുന്നത് എന്നാണ് പോലീസ് പറയുന്നത്.
പത്മിനിയെ നേരിട്ട് പരിചയമില്ലെന്നും ഒരു മാസം മുന്‍പാണ് എല്‍ ആന്റ് ടിയുമായി നേരിട്ട് കരാറിലേര്‍പ്പെട്ടത് അതിനു മുന്‍പ് ഓര്‍ബിറ്റ് എന്ന സ്ഥാപനമാണ് വാര്ഡന്മാരെ എല്‍ ആന്റ് ടിക്ക് നല്‍കിയിരുന്നത് ബ്രൈറ്റ് സെക്യൂരിറ്റീസ് ഉടമ സുരേന്ദ്രന് പറയുന്നു. ഒരു വര്‍ഷത്തേക്കാണ് കരാര്‍. കരാറെടുത്തിരുന്ന ഓര്‍ബിറ്റിനു വേണ്ടി ആളെ നല്‍കിയിരുന്നെങ്കിലും പത്മിനി അതിലുള്‍പ്പെട്ടിരുന്നില്ല. നേരിട്ട് കരാറേറ്റെടുത്തപ്പോള് പോലീസ് സ്റ്റേഷനില്‍ നിന്നും കിട്ടിയ അറ്റന്‍ഡന്‍സ് രജിസ്റ്ററിന്റെ അടിസ്ഥാനത്തിലാണ് ശമ്പളം നല്‍കിയിരിക്കുന്നത്. കഴിഞ്ഞമാസം ഇത്തരത്തില്‍ ശമ്പളം കൊടുത്തതല്ലാതെ പത്മിനിക്ക് മുന്‍പ് ബ്രൈറ്റ് ഏജന്‍സി ശമ്പളം കൊടുത്തിട്ടില്ലെന്നും പറയുന്നു. 32 പേരെയാണ് എല്‍ ആന്റ് ടി ആവശ്യപ്പെട്ടതനുസരിച്ച് നല്‍കിയിരുന്നത്. കഴിഞ്ഞ നവംബറിലാണ് ജോലിക്കിടയില്‍ പത്മിനിക്ക് യാത്രക്കാരന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. അന്ന് പത്മിനി ഇപ്പറഞ്ഞ ഏജന്‍സികളില്‍ ജോലി ചെയ്തിരുന്നതായി രേഖകളില്ല. മര്‍ദ്ദനവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരോട് പരാതിപറഞ്ഞതാണ് തന്നെ ജോലിയില്‍ നിന്നൊഴിവാക്കിയതിന്റെ കാരണം എന്നാണ് പത്മിനി പറഞ്ഞിരുന്നത്. കേസന്വേഷണം എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ നടക്കുകയാണ്.
യൂണിഫോം പരിഷ്കരണത്തിനെതിരെ ട്രാഫിക് വാര്ഡന്മാര് നടത്തിവരുന്ന സമരത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗം കൂടിയാണ് ഈ നടപടിയെന്നാണ് വാര്ഡന്മാരുടെ പരാതി. എന്നാല്‍ വാര്ഡന്മാരുടെ യൂണിഫോം മാറ്റുന്നതുമായി ബന്ധപ്പെട്ടോ പിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ടോ പോലീസിന് യാതൊരു തരത്തിലുള്ള ബന്ധവുമില്ല എന്നാണ് ഉന്നതോദ്യോഗസ്ഥര്‍ പറയുന്നത്. മെട്രോ നിര്‍മ്മാണത്തിന്റെ കരാറുകാരോട് പുതിയ ആളുകളുടെ ലിസ്റ്റ് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്. ജില്ലയില്‍ ട്രാഫിക് നിയന്ത്രണത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ട്രാഫിക് വാര്ഡന്മാരോടുള്ള ക്രൂരതക്കെതിരെ ട്രാഫിക് വാര്‍ഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന് പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. ഒരാഴ്ചയായി നടന്നു വരുന്ന സമരം തുടര്‍ന്നാല്‍ നഗരത്തിലെ കടുത്ത ഗതാഗത കുരുക്കില്‍ കൂടുതല്‍ പ്രതിസന്ധിക്ക് ഇടവരുത്തുമെന്നും പരാതി ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: