കാസര്‍കോട്: ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോഴും കോണ്‍ഗ്രസിന് ഇപ്പോഴും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പേടി. കഴിഞ്ഞ ലോകസഭാ മത്സരത്തിലെ പരാജയഭീതിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു. ഇടതുമുന്നണിയെ സഹായിച്ച് ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനോട് മത്സരിച്ച് ജയിക്കാന്‍ ജനപ്രിയനായ നേതാവിനെയാണ് കോണ്‍ഗ്രസ് തിരയുന്നത്. ഏറെ പിടിവലിക്കൊടുവില്‍ ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി പ്രസിഡണ്റ്റ്വി.എം.സുധീരന് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസിന് ഒരു തെരഞ്ഞെടുപ്പ് കൂടിയെത്തുമ്പോഴും കാസര്‍കോട് നിന്നും ജയിക്കാമെന്ന വിശ്വാസമൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമില്ല. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് പ്രചരണത്തില്‍ ഏറെ മുന്നിലാണ്. ബിജെപി ജയിച്ചാല്‍ ജില്ലയില്‍ ക്യാബിനറ്റ് പദവിയുള്ള ഒരു മന്ത്രിയുണ്ടാകുമെന്നുറപ്പാണ്. നിലവിലെ പി.കരുണാകരന് എംപി തന്നെയാണ് ഇടത് സ്ഥാനാര്‍ത്ഥി. ഇതിനിടയില്‍ അഞ്ചോളം നേതാക്കള്‍ക്കുചുറ്റും കറങ്ങുകയാണ് കോണ്‍ഗ്രസിണ്റ്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം. ഏറ്റവുമൊടുവില്‍ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കി തോറ്റു മടങ്ങുകയെന്ന പതിവ് ഇത്തവണയും കോണ്‍ഗ്രസ് തെറ്റിക്കാനിടയില്ല. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ കൂടുവിട്ട് കൂടുമാറിയുള്ള പാര്‍ട്ടി നിലപാട് പ്രവര്‍ത്തകരെ നിര്‍ജീവമാക്കിയിട്ടുണ്ട്, ഒപ്പം പ്രതിഷേധവും. പാലക്കാട്ട് കഴിഞ്ഞ തവണ കോണ്‍ഗ്രസുകാര്‍ തന്നെ തോല്‍പ്പിച്ച സതീശന് പാച്ചേനി, ടി.സിദ്ദിഖ,് മുന്‍ എം.പിയും ഐസിസി അംഗവുമായിരുന്ന എം.രാമറൈയുടെ മകനും ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സുബ്ബയ്യറൈ, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്, ഡിസിസി പ്രസിഡണ്ട് സി.കെ.ശ്രീധരന്. എന്നിവരുടെ പേരുകളാണ് അവസാനഘട്ട പരിഗണനയിലുള്ളത്. ഇതില്‍ ടി.സിദ്ദിഖിനാണ് മുന്‍ഗണനയുള്ളത്. ഐ ഗ്രൂപ്പ് വക്താവായ കെ.സുധാകരണ്റ്റെ പേര് ആദ്യം ഉന്നയിച്ചിരുന്നെങ്കിലും അവസാനം ലിസ്റ്റില്‍ നിന്ന് പുറത്തായി. ഐ ഗ്രൂപ്പിന് സ്വാധീനമുള്ള ജില്ലയില്‍ എതിര്‍ഗ്രൂപ്പുകാരനായ സതീശന് പാച്ചേനിയെ നിര്‍ത്തുന്നതില്‍ ജില്ലാ നേതൃത്വത്തിന് എതിര്‍പ്പുണ്ട്. സുബ്ബയ്യറൈയുടെ പേര് എല്ലാ തെരഞ്ഞെടുപ്പിലും ഉയര്‍ന്നു വരാറുള്ളതും നിഷേധിക്കപ്പെടുന്നതുമാണ്. ഇത്തവണ കണ്ടറിയണം. കാസര്‍കോടിണ്റ്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെയൊന്നും തിളക്കം അവകാശപ്പെടാന്‍ കോണ്‍ഗ്രസിനില്ല. ഇതുവരെ മൂന്ന് തവണ മാത്രമാണ് ജയിക്കാനായത്. രാമചന്ദ്രന് കടന്നപ്പള്ളിയും (൧൯൭൦, ൧൯൭൭), ഐ.രാമറൈയുമാണ് (൧൯൮൪) കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചവര്‍. കഴിഞ്ഞ ഏഴ് ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ച്ചയായി കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങി. അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയില്‍ ഒരു എംഎല്‍എ പോലും കോണ്ഗ്രസിനില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. യുഡിഎഫിണ്റ്റെ രണ്ട് എംഎല്‍എമാരും ലീഗ് പ്രതിനിധികളാണ്. കാസര്‍കോട് സീറ്റിന് വേണ്ടി മുസ്ളിംലീഗ് നേരത്തെ അവകാശവാദമുന്നയിച്ചിരുന്നുവെങ്കിലും പിന്മാറുകയായിരുന്നു. ചരിത്രത്തോടൊപ്പം കോണ്‍ഗ്രസ്സിനെതിരെയുള്ള ജനവികാരവും ശക്തമായ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യവും മറികടക്കാന്‍ കോണ്‍ഗ്രസിന് നന്നേ പ്രയാസപ്പെടേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: