കാസര്‍കോട്: ജില്ലയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിന് ചൂടുപിടിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് ഇടതുവലതു വോട്ടര്‍മാരുടെ പിന്തുണ ഉറപ്പാകുന്നു. ബിജെപി തിരഞ്ഞെടുപ്പു പ്രചരണത്തന് മുന്നോടിയായി രാഷ്ട്രീയ ഭേദമന്യേ പൊതുജനങ്ങള്‍ക്കായി ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും നടത്തിയ നാട്ടുക്കൂട്ടം പരിപാടിയാണ് ബിജെപിയുടെ മുഖഛായ ഒന്നുകൂടി വര്‍ദ്ധിപ്പിച്ചത്. സ്മാര്‍ട്ട്സിറ്റിയും, കൊച്ചിമെട്രോയും അരങ്ങുതകര്‍ക്കുമ്പോള്‍ ഗ്രാമങ്ങളിലുള്ള സാധാരണക്കാരായ പട്ടിണി പാവങ്ങളുടെ കദനകഥ കേന്ദ്ര-കേരള സര്‍ക്കാര്‍ മറക്കുകയാണ്. തങ്ങള്‍ക്ക് വിഹിതം കൂടുതല്‍ കിട്ടുന്ന പദ്ധതികള്‍ നടപ്പിലാക്കാനാണ് ഓരോ മന്ത്രിമാരും താല്പര്യം കാട്ടുന്നത്. ഇപ്പോഴും മലയോര ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുന്ന കോളനി നിവാസികളും സാധാരണക്കാരുമുണ്ട്. ഇടതു വലതു മുന്നണികള്‍ ഭരിക്കുന്ന പഞ്ചായത്തുകളാണ് ഇതിലധികവും. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കുന്ന പദ്ധതികളുടെയും വികസന പ്രവര്‍ത്തനങ്ങളുടെയും തനിയാവര്‍ത്തനമാണ് ഇപ്പോള്‍ ഇവര്‍ ജനങ്ങളോട് പറയുന്നത്. അതേ സമയം തങ്ങളുടെ കോളനികളിലേയ്ക്ക് അടിസ്ഥാന സൗകര്യങ്ങളെത്തിക്കാന്‍ ശ്രമിക്കാത്ത മുന്നണികളെ അധികാരത്തിലേറ്റാന്‍ തയ്യാറല്ലെന്നും ഇവര്‍ ബിജെപിയുടെ നാട്ടുക്കൂട്ടം പരിപാടിയിലൂടെ വിളിച്ചുപറഞ്ഞു. നൂറുകണക്കിന് പരാതികളാണ് ഓരോ ദിവസവും സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്. ഇതിനെല്ലാം വ്യക്തമായ മറുപടിയുമായാണ് കെ.സുരേന്ദ്രന് നാട്ടുക്കൂട്ടം സംവാദം നയിക്കുന്നത്. ഇത്രയും വര്‍ഷമായിട്ടും ഒരു മന്ത്രിയെ പോലും ജില്ലയ്ക്ക് ലഭിച്ചിട്ടില്ല. ഭരണകര്‍ത്താക്കള്‍ ജില്ലയെ അവഗണിക്കുകയാണ് ചെയ്യുന്നത്. കാസര്‍കോട് ജില്ലയുടെ സമഗ്രവികസനമാണ് ബിജെപി വിഭാവനം ചെയ്യുന്നത്. ഇരുമുന്നണികളില്‍ നിന്നും കക്ഷികള്‍ സീറ്റിനു വേണ്ടി പാര്‍ട്ടി മാറുമ്പോള്‍ അഴിമതിക്കും സ്ത്രീസുരക്ഷയ്ക്കും വേണ്ടിയാണ് ബിജെപി വോട്ട് ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലെ സിപിഎം കേന്ദ്രങ്ങളായ കുറ്റിക്കോല്‍, ബന്തടുക്ക, കൊളം തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന പര്യടനങ്ങളില്‍ നല്ല സ്വീകരണമാണ് ബിജെപി ലോകസഭാ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: