മൂന്നാമൂഴത്തിനിറങ്ങുമ്പോള് കാസര്‍കോട് ലോക്സഭാ മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥി പി.കരുണാകരന് എംപിയെ ഏറ്റവുമധികം അലട്ടുന്നതെന്തായിരിക്കും ?. നീലേശ്വരം പള്ളിക്കരയിലെ ദേശീയ പാതയോരത്തെ എംപിയുടെ വീടിന്റെ ഉമ്മറത്തിരുന്നാല്‍ ലെവല്‍ക്രോസില്‍ നിരനിരയായി വാഹനങ്ങള്‍ കാത്തുകിടക്കുന്നത് കാണാം. ഒ.രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് അനുവദിച്ച റെയില്‍വേ മേല്‍പ്പാലത്തിന് രണ്ട് തവണ എംപിയായിരുന്നിട്ടും തൂണുയര്ത്താന് പോലും കരുണാകരനായില്ല. സ്വന്തം വീടിന് മുന്നിലെ മേല്‍പ്പാലത്തിന്റെ ഗതിയാണ് മണ്ഡലത്തിലെ മറ്റ് വികസനകാര്യത്തിലും ദൃശ്യമാകുന്നത്. ദേശീയപാതാ വികസനത്തില്‍ സ്വന്തം സ്ഥലം നഷ്ടപ്പെടാതിരിക്കാന്‍ എംപി നടത്തിയ ചരടുവലിയില്‍ എതിര്‍വശത്തുള്ള ക്ഷേത്രത്തിന്റെ പള്ളിയറ ഉള്‍പ്പെടെയാണ് ഇല്ലാതാകാന്‍ പോകുന്നത്. ഇതിനെതിരെ സത്യാഗ്രഹമുള്‍പ്പെടെ നടന്നു കഴിഞ്ഞു.
എംപിയുടെ അനാസ്ഥയും കഴിവുകേടും ഏറ്റവുമധികം ദൃശ്യമാകുന്നത് റെയില്‍വേ മേഖലയിലാണ്. ഒന്‍പത് സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചത് നേട്ടമായി എംപി ഉയര്‍ത്തിക്കാണിക്കുന്നു. എന്നാല്‍ പ്രഖ്യാപനം മാത്രമാണുണ്ടായതെന്നും അടിസ്ഥാന സൗകര്യങ്ങള്‍ പോലും വികസിച്ചിട്ടില്ലെന്നും സ്റ്റേഷനുകള്‍ കാണുന്ന ആര്‍ക്കും ബോധ്യപ്പെടും. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം കീറിമുറിച്ച് കടന്നുപോകുന്ന റോഡ് റെയില്‍വെയിലെ അപൂര്‍വ്വതകളിലൊന്നാണ്. രാജധാനിക്ക് സ്റ്റോപ്പില്ലാത്ത ജില്ല കാസര്‍കോടിന് പുറമെ മലപ്പുറം മാത്രമാണുള്ളത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റിനായുള്ള ക്യൂ റോഡ് വരെ നീളും. ജനസാധാരണ് ടിക്കറ്റ് കൗണ്ടര്‍ അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നബാര്‍ഡ് പാക്കേജാണ് നേട്ടമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇരകളുടെ പുനരധിവാസത്തിനായി കേന്ദ്രത്തിന് സമര്‍പ്പിച്ച പാക്കേജ് ചവറ്റുകൊട്ടയില്‍ തന്നെയാണ് ഇപ്പോഴും. കാസര്‍കോടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി സ്ഥാപിക്കപ്പെട്ട കേന്ദ്ര സര്‍വ്വകലാശാലയുടെ കോഴ്സുകള്‍ മറ്റ് ജില്ലകളിലേക്ക് കടത്തുകയാണ്. താനറിയാതെയാണ് ഇതെന്ന് തുറന്ന് സമ്മതിക്കുന്ന എംപിയുടേത് കഴിവുകേടാണെന്നും വിമര്‍ശനമുയരുന്നു. ഭാഷാ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലും എംപി ഇടപെടാന്‍ മടിച്ചു. മറാഠി വിഭാഗത്തെ പട്ടികവര്‍ഗ്ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് എംപിയുടെ നേട്ടമായി ചിത്രീകരിക്കുകയാണിപ്പോള്‍.
എംപിയെന്ന നിലയില്‍ പ്രത്യേക നേട്ടമൊന്നും അവകാശപ്പെടാനില്ലെങ്കിലും പി.കരുണാകരന് മൂന്നാംവട്ടവും പാര്‍ട്ടി അവസരം നല്കിയതെന്തിന് ?. ലോക്സഭയില്‍ അനുഭവ പരിചയമുള്ള നേതാവിനെ ആവശ്യമുള്ളതിനാലെന്ന് പാര്‍ട്ടി മറുപടി പറയുമ്പോള്‍ ഇതിന് മറ്റൊരുവശം കൂടിയുണ്ട്. ബേഡകത്തെ വിമതരും നീലേശ്വരത്തെ വിഎസ് പക്ഷവും വെല്ലുവിളിയാകുമ്പോള്‍ പുതിയൊരാളെ പരീക്ഷിക്കാന്‍ സിപിഎം ധൈര്യപ്പെടുന്നില്ലെന്നതാണ് സത്യം. കരുണാകരനല്ലെങ്കില് കണ്ണൂര്‍ ലോബിയിലെ ചിലരാണ് രംഗത്തിറങ്ങുക. ഇത് പാര്‍ട്ടിക്കുള്ളില്‍ ചേരിതിരിവുണ്ടാക്കും. എല്ലാവരും ഉള്‍ക്കൊള്ളുന്ന നേതാക്കള്‍ ജില്ലയിലുമില്ല. വിഎസ്സിനെതിരെ കരുണാകരന് കമ്മീഷന് പാര്‍ട്ടിക്ക് നല്കിയ റിപ്പോര്‍ട്ടിനെച്ചൊല്ലി അണികള്‍ക്കിടയില്‍ പ്രതിഷേധമുള്ളത് ഇതിനിടയിലും തലവേദനയാണ്. ബേഡകത്തെ വിഭാഗീയത ചര്‍ച്ച ചെയ്യാന്‍ പോലും പാര്‍ട്ടി ഭയക്കുകയാണ്. തുടര്‍ച്ചയായി ഏഴ് തവണ ഇടത് സ്ഥാനാര്‍ത്ഥി ജയിച്ചുവരുന്ന മണ്ഡലമെന്നതാണ് ആത്മവിശ്വാസം.
കെ സുരേന്ദ്രനെ നേരത്തെതന്നെ രംഗത്തിറക്കി ബിജെപി കേരളത്തില്‍ താമര ആദ്യം വിരിയുമ്പോള്‍ കാസര്‍കോട് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: