തളിപ്പറമ്പ്: മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.എ. ചന്ദ്രന് ക്രിസ്ത്യന്‍ മുസ്ലിം മത പ്രചാരകനായി മാറിയത് വന്‍പ്രതിഷേധത്തിന് കാരണമായി. കേരളത്തിലെ പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഒരു ചടങ്ങിനെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നാട്ടുകാരുടെ ഇടയില്‍ ക്രിസ്തുവിന്റെ പടവും ബൈബിള്‍ വചനവും ഖുറാന് വചനവുമുള്ള കാര്‍ഡ് വിതരണം ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്. പ്രശ്നം പ്രദേശത്ത് വിവാദമായിരിക്കുകയാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയവരോട് പ്രസിഡന്റ്ധിക്കാരപരമായി പ്രതികരിച്ചതായും പരാതിയുണ്ട്.
തൃച്ചംബരം ക്ഷേത്രത്തിലെ മഹോത്സവത്തിന്റെ ഭാഗമായുള്ള കലാ-സാംസ്ക്കാരിക പരിപാടിയുടെ ഉദ്ഘാടകനായിരുന്നു മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.എ. ചന്ദ്രന്. ചടങ്ങിന്റെ ഉദ്ഘാടനം കഴിഞ്ഞയുടന്‍ വേദിയുടെ മുന്നിലിരുന്ന ഒരു ചെറിയ പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കുറേ കാര്‍ഡ് കുട്ടിയുടെ കൈവശം കൊടുത്ത ശേഷം എല്ലാവര്ക്കും കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു.
ശ്രീകൃഷ്ണ സേവാ സമിതി പ്രസിഡന്റും ഹിന്ദു സംഘടനാ പ്രവര്‍ത്തകനുമായ ഇ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. കാര്‍ഡുകള്‍ വിതരണം ചെയ്ത് കഴിയുമ്പോഴേക്കും പ്രസിഡന്റും പരിവാരങ്ങളും ക്ഷേത്രത്തില്‍ നിന്നും പോയിരുന്നു. ഇതു സംബന്ധിച്ച് ഫോണില്‍ അന്വേഷിച്ചവരോട് ചന്ദ്രന്റെ പ്രതികരണം മോശമായിരുന്നു. പ്രസിഡന്റിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഞാന്‍ ഇത്തരം കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയിട്ട് നാളേറെയായെന്നും ഇനിയും പോകുന്നിടത്തെല്ലാം വിതരണം ചെയ്യുമെന്നും പ്രതികരിച്ചെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.പി. ഗംഗാധരന് പറഞ്ഞു. ഗാന്ധിജിയുടെയും കൃഷ്ണന്റെയും പടം വിതരണം ചെയ്യുന്നത് നിങ്ങള്‍ എന്തുകൊണ്ട് തടയുന്നില്ല എന്നും എംഎല്‍എ ചോദിച്ചു.
പ്രശ്നം തളിപ്പറമ്പില്‍ ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.എ. ചന്ദ്രനെതിരെ കേസ്സെടുക്കണമെന്ന് ബിജെപി നേതാവും തൃച്ചംബരം നിവാസിയുമായ പി.കുഞ്ഞിരാമന് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തൃച്ചംബരം സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: