തൃശൂര്‍: തെരഞ്ഞെടുപ്പിന് കേളികൊട്ട് ഉയര്‍ന്നെങ്കിലും സാംസ്ക്കാരിക തലസ്ഥാനമായ തൃശൂര്‍ ആലസ്യത്തിലാണ്. തെരഞ്ഞെടുപ്പ് വെടിക്കെട്ടിനും കുടമാറ്റത്തിനുമെല്ലാം അണിയറയില്‍ ഒരുക്കങ്ങള്‍ പോലും തുടങ്ങുവാനാവാതെ സര്വ്വത്രഅനിശ്ചിതത്വത്തിലാണ് പൂരനഗരിയിലെ ഇരുമുന്നണികളും.
മാറ്റത്തിന്റെ കുടമാറ്റത്തിനാണ് പൂരനഗരി കാതോര്‍ക്കുന്നത്. സിറ്റിംഗ് എംപിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ പി.സി.ചാക്കോ മണ്ഡലം മാറുമോ അതോ എതിര്‍പ്പുകളെ അവഗണിച്ച് ഇവിടെതന്നെ നില്‍ക്കുമോയെന്നാണ് ഏവരും ഉറ്റ്നോക്കുന്നത്. പി.സി.ചാക്കോ വീണ്ടും തൃശൂരില്‍ മത്സരിക്കുന്നതിനെതിരെ കത്തോലിക്കസഭയും കോണ്‍ഗ്രസിലെ ഒരുവിഭാഗവും രംഗത്ത് വന്നതാണ് അനിശ്ചിതത്വങ്ങള്‍ക്ക് കാരണം. ചാക്കോ വീണ്ടും നില്‍ക്കുന്നതിനെതിരെ ഉയര്‍ന്ന് വന്നിരിക്കുന്ന എതിര്‍പ്പുകളെ കണ്ടില്ലെന്ന് നടിച്ച് സ്ഥാനാര്‍ത്ഥിത്വം പിടിച്ച് വാങ്ങിയാല്‍ ഫലം എന്തായിരിക്കുമെന്ന ചിന്തയും ചാക്കോയെ അലട്ടുന്നുണ്ട്.
വരുത്തനായ സ്ഥാനാര്‍ത്ഥിയെ വീണ്ടും വേണ്ട എന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം പറയുന്നത്. ഈ സാഹചര്യത്തിലാണ് മണ്ഡലം മാറുന്നതിനെക്കുറിച്ച് ചാക്കോ ഗൗരവമായി ചിന്തിക്കുന്നത്. ഇടുക്കിയില്‍ ശക്തമായ എതിര്‍പ്പ് നേരിടുന്ന പി.ടി.തോമസുമായാണ് മണ്ഡലങ്ങള്‍ വച്ച് മാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ചാക്കോ ഇപ്പോള്‍ പ്രകടമായി തൃശൂരിലില്ല. അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ ഛല്ഹിയില് തന്റെ ചുമതലയില്‍ വരുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളുമായി ബന്ധപ്പെട്ട തിരക്കിലാണെന്നാണ് പറഞ്ഞത്. അതേസമയം സമയം പി.ടി.തോമസാകട്ടെ വിവിധ പരിപാടികളിലൂടെ തൃശൂരില്‍ ഇപ്പോള്‍ സജീവമാണ്. ശ്രീനാരായണ ഗുരുദേവന്റെ പുസ്തകപ്രകാശനം മുതല്‍ കുടിയേറ്റ കര്‍ഷകരുടെ പരിപാടികളില്‍ ഉള്‍പ്പടെ പി.ടി.തോമസ് മണ്ഡലത്തില്‍ ഇപ്പോള്‍ ഓടിനടക്കുകയാണ്. ഇത് പി.ടി.തോമസ് തൃശൂരില്‍ മത്സരിക്കുമെന്നും ചാക്കോ മണ്ഡലം മാറുമെന്ന സൂചനകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇടുക്കി ചാക്കോക്ക് പരിചിത മണ്ഡലമാണ.് നേരത്തേ ഇവിടെ വിജയിച്ചിട്ടുള്ളതുമാണ്. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചാക്കോയെ അലട്ടുന്നുണ്ട്. ചാലക്കുടിയിലേക്ക് മാറിയാലോയെന്ന് ഇടക്ക് ചിന്തിച്ചിരുന്നു. എന്നാല്‍ സിറ്റിംഗ് എംപി കെ.പി.ധനപാലനെ എവിടേക്ക് മാറ്റുമെന്ന പ്രശ്നവുമുണ്ട്. ഇടത് സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് വന്നതോടെ കാത്തോലിക്ക വോട്ടുകളുടെ ധ്രുവീകരണം ഉണ്ടായേക്കുമെന്ന ഭയവും ചാക്കോക്കുണ്ട്. യാക്കോബായ വിഭാഗക്കാരനായ ചാക്കോക്ക് തൃശൂരിലും കത്തോലിക്ക ബിഷപ്പില്‍ നിന്നാണ് എതിര്‍പ്പ് നേരിടുന്നത്. എന്ത് തീരുമാനമെടുക്കണമെന്ന ഭയാശങ്കയിലാണ് ചാക്കോ. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ കഴിഞ്ഞതവണ വെറും ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമേ ചാക്കോക്ക് ഉണ്ടായുള്ളുവെന്നതും മണ്ഡലം മാറുവാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
അതേസമയം ഇടത് മുന്നണിയില്‍ സിപിഐയുടെ സീറ്റാണ് ഇത്. 1951 ലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പു മുതല്‍ ഒരു തവണ പോലും മുടങ്ങാതെ സിപിഐക്കു സ്വന്തം സ്ഥാനാര്‍ഥിയുള്ള മണ്ഡലമാകുന്നു തൃശൂര്‍. തുടര്‍ച്ചയായി പതിനാഞ്ചു തവണയാണു സിപിഐ ഇവിടെ മല്‍സരിച്ചത്. ഒന്‍പതു തവണ ജയിച്ചു. ആറു തവണ കോണ്‍ഗ്രസ്സിനോടു തോറ്റു. ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനത്തില്‍ എത്തുവാന്‍ സിപിഐക്കും ആയിട്ടില്ല. കഴിഞ്ഞതവണ മത്സരിച്ച സി.എന്‍.ജയദേവന്, കെ.പി.രാജേന്ദ്രന്, എവൈഎഫ്ഐ നേതാവ് അഡ്വ.എ.രാജന് എന്നിവരുടെ പാനലാണ് ഉണ്ടാക്കിയിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഉടനെ പ്രഖ്യാപിക്കും.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: