കൊല്ലം: വളരുമ്പോറും പിളരും, പിളരുന്തോറും വളരും എന്ന കേരളകോണ്‍ഗ്രസിനെ പറ്റിയുള്ള ആപ്തവാക്യം പക്ഷേ ഇടതുപക്ഷരാഷ്ട്രീയപാര്ട്ടിയായ ആര്‍എസ്പിക്ക് ഒട്ടും ഭൂഷണമല്ല. കാരണം പിളര്‍ന്ന് പിളര്‍ന്ന് പ്രതാപം വറ്റിപ്പോയ പാര്‍ട്ടിയായി ആര്‍എസ്പി മാറുമ്പോള്‍ ഏറ്റവുമൊടുവില്‍ സ്വന്തം സീറ്റില്‍ പോലും ഒറ്റക്ക് നിന്നു മത്സരിക്കേണ്ട ഗതികേടിലായിരിക്കുന്നു ആര്‍എസ്പി.
ആര്‍എസ്പി എന്ന പ്രസ്ഥാനത്തിന്റെ ആദിമരൂപം കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. മാത്യുസ് മാഞ്ഞൂരാന് സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് രൂപീകരിച്ച കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്നീട് റവല്യുഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരപ്പെടുകയായിരുന്നു. 1940കളില്‍ ആരംഭിച്ച കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ട് തൊഴിലാളികളെയും യുവജനങ്ങളെയും സംഘടിപ്പിക്കുകയും പോരാട്ടസമരങ്ങളില്‍ അണിനിരത്തിയതുമാണ്. കെഎസ്പിയിലെ നേതാക്കളായിരുന്ന എന്‍.ശ്രീകണ്ഠന്‍നായര്‍, ടി.കെ.ദിവാകരന്, കെ.ബാലകൃഷ്ണന് തുടങ്ങിയ പല നേതാക്കളും പില്ക്കാലത്ത് ആര്‍എസ്പിയുടെ നെടുംതൂണുകളായി മാറി.
തികച്ചും ഒരു പ്രാദേശികപാര്ട്ടിയാണ് ആര്എസ്പിയെങ്കിലും ദേശീയ അന്തര്‍ദേശീയ കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുകയും കമ്യൂണിസ്റ്റ് പാര്‍ട്ടി ശൈലിയില്‍ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കേരളത്തിലെ മൂന്നുജില്ലകളില്‍ ഉറച്ച വേരുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു ആര്‍എസ്പി. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ ചില നിയോജകമണ്ഡലങ്ങള്‍ ആര്‍എസ്പിയുടെ ശക്തികേന്ദ്രങ്ങളാണ്. ചവറ, കൊല്ലം, ഇരവിപുരം, കുന്നത്തൂര്‍, മാരാരിക്കുളം, ആര്യനാട് എന്നീ സീറ്റുകളില്‍ ആര്‍എസ്പിയാണ് നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. ഇതിപ്പോള്‍ കുന്നത്തൂരും ഇരവിപുരവും മാത്രമായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.എ.അസീസും യുവജനവിഭാഗം നേതാവ് കോവൂര്‍ കുഞ്ഞുമോനുമാണ് നിലവില്‍ പാര്‍ട്ടി എംഎല്‍എമാര്‍. ചവറയില്‍ ആര്‍എസ്പി-ബിയാണ് ഔദ്യോഗികവിഭാഗത്തെ തോല്‍പ്പിച്ചത്. പ്രമുഖ ആര്‍എസ്പി നേതാവായിരുന്ന ബേബിജോണിന്റെ മകന് ഷിബുബേബിജോണാണ് അവിടെ നിന്നുള്ള സഭാ പ്രതിനിധി. ദേശീയതലത്തില്‍ തന്നെ സംഘടനാരൂപമുണ്ടായിരുന്ന ആര്‍എസ്പി 1970ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് പങ്കാളിത്തമുള്ള മുന്നണിയില്‍ ചേര്‍ന്നത് കേന്ദ്രകമ്മിറ്റി വിലക്കി. ഭരണവര്‍ഗത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസുമായുള്ള സഹകരണം നയവിരുദ്ധമാണെന്നായിരുന്നു നിലപാട്. ഇതില്‍ പ്രതിഷേധിച്ച് കേരള യൂണിറ്റ് സംസ്ഥാനത്ത് മാത്രമായി പ്രവര്‍ത്തിക്കാന്‍ ഉറച്ചു. അതിന്റെ ഫലമായി എന്‍.ശ്രീകണ്ഠന്‍നായര്‍, ടി.കെ.ദിവാകരന്, ബേബിജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി ശക്തിപ്പെട്ടു. ഇതിനിടെ പി.പരമേശ്വരന്റെ നേതൃത്വത്തില്‍ ദേശീയ ആര്‍എസ്പിയും സംഘടിക്കപ്പെട്ടു. ഈ വിഭാഗം സിപിഎമ്മുമായിട്ടാണ് യോജിച്ചുപോന്നത്. ഇതിനിടെ സംസ്ഥാനപാര്‍ട്ടിയായി അംഗീകാരം ലഭിച്ച ആര്‍എസ്പി ഇടതുപക്ഷവുമായി യോജിച്ചപ്പോള്‍ എന്‍.ശ്രീകണ്ഠന്‍നായര്‍ ഗ്രൂപ്പ് എതിര്‍പ്പുമായി രംഗത്ത് വന്നു. തല്‍ഫലമായി 1981ല്‍ പിളര്‍പ്പുണ്ടായി. ശ്രീകണ്ഠന്‍നായര്‍ ഗ്രൂപ്പ് ആര്‍എസ്പി (ശ്രീകണ്ഠന്‍നായര്‍), എന്‍ആര്‍എസ്പി എന്നി പാര്‍ട്ടികള്‍ പിന്നീട് യുഡിഎഫില്‍ ചേര്‍ന്നു. അതേസമയം ബേബിജോണിന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പി എല്‍ഡിഎഫിനോടാണ് ചേര്‍ന്നുനിന്നത്. അതിനിടെ ദേശീയസംഘടനയില് പ്രാതിനിധിവും ബേബിജോണ്‍ വിഭാഗത്തിന് ലഭിച്ചു. ഇതോടെ മറ്റ് രണ്ട് ചെറിയപാര്ട്ടികള് ഇല്ലാതായി. 1998ലാണ് പിളര്പ്പി വീണ്ടുമുണ്ടായത്. രോഗബാധിതനായ ബേബിജോണിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കി പകരം വി.പി.രാമകൃഷ്ണപിള്ള മന്ത്രിയായി. ബേബിജോണിന്റെ അനുയായികള്‍ക്ക് ഇതി സഹിക്കാനായില്ല. അങ്ങനെ അവര്‍ ആര്‍എസ്പി ബിക്ക് രൂപം നല്കി. അധികാരരാഷ്ട്രീയത്തിന്റെ പോരില്‍ ആര്‍എസ്പി ബിയിലെ പ്രമുഖരായ ബാബുദിവാകരനും എ.വി.താമരാക്ഷനും പ്രത്യേകം പാര്‍ട്ടികളുണ്ടാക്കിയെങ്കിലും അതെല്ലാം പിന്നീട് നിഷ്പ്രഭമായ കാഴ്ചയാണ് രാഷ്ട്രീയകേരളം കണ്ടത്.
ഐക്യത്തിന്റെ രാഷ്ട്രീയവുമായി 1980ല്‍ ഇടതുപാളയത്തില്‍ ചേക്കേറിയതിന് ശേഷം ആര്‍എസ്പിക്ക് നഷ്ടങ്ങളെ സംഭവിച്ചിട്ടുള്ളൂ. സീറ്റിന്റെ കാര്യത്തില്‍ കാര്യമായ പരിക്കുകള്‍ നേരിടുമ്പോഴും അതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോയി കൊണ്ടിരുന്നപ്പോഴും സിപിഎം വിധേയത്വം മൂലം എല്‍ഡിഎഫില്‍ തുടരാന്‍ യാതൊരു വൈമനസ്യവും കാണിക്കാത്ത പാരമ്പര്യമാണ് ആര്എസ്പിയുടെത്. എന്നാല്‍ കൊല്ലം പാര്‍ലമെന്റ് സീറ്റ് നിഷേധത്തിന്റെ പാശ്ചാത്തലത്തില്‍ ഇതെല്ലാം മാറിയിട്ടുണ്ട്. കൊല്ലം പാര്‍ലമെന്റ് സീറ്റിന് വേണ്ടി കഴിഞ്ഞ രണ്ട് തവണയായി ആര്‍എസ്പി നേതൃത്വം എല്‍ഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു. എന്നാല്‍ ഏകപക്ഷീയമായി സീറ്റില്‍ മത്സരിക്കാന്‍ സിപിഎം തയ്യാറെടുക്കുകയാണ് പതിവ്. ഇത്തവണ എഎല്‍എ കൂടിയായ എം.എ.ബേബിയെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കി ചുവരെഴുത്ത് ആരംഭിച്ചതോടെയാണ് ആര്‍എസ്പിയുടെ നിയന്ത്രണം വിട്ടത്. ആര്‍എസ്പി നേതാവും നേരത്തെ എംപിയും മന്ത്രിയുമെല്ലാമായിരുന്ന എന്‍.കെ.പ്രേമചന്ദ്രനെയാണ് ആര്‍എസ്പി സ്ഥാനാര്‍ത്ഥിയാക്കി ഇറക്കിയിരിക്കുന്നത്.
കൊല്ലത്ത് എത്തിയപ്പോള്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആര്‍എസ്പിയെ വിശേഷിപ്പിച്ചത് കൊല്ലത്ത് എത്തിയപ്പോള്കൊല്ലത്ത് ചവറ മുതല്‍ ചവറ വരെയുള്ള പാര്‍ട്ടി എന്നാണ്. ആ വിശേഷണവും കൂടുതലായിരുന്ന എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: