വിവാദത്തിന്റേയും സംവാദത്തിന്റേയും പുസ്തകം
പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ഏതുതരം ഇടപെടലുകളും കേരളത്തില്‍ വിവാദങ്ങളുടെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കുവാന്‍ ഭാരതസര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ.മാധവ ഗാഡ്ഗിലിന്റെയും തുടര്‍ന്ന് അതിനെ മയപ്പെടുത്തുവാന്‍ ഡോ.കസ്തൂരി രംഗനും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ഇക്കുറി വിവാദങ്ങള്‍ മാത്രമല്ല സൃഷ്ടിച്ചത്. മലയോര കര്‍ഷകരെ കുടിയിറക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് ഈ റിപ്പോര്‍ട്ടുകള്‍ എന്നുള്ള മറയില്ലാത്ത പ്രചാരണത്തില്‍ ഒരുപറ്റം സാധാരണക്കാര്‍ ആക്രമാസക്തരാകുകയും ജനജീവിതത്തെ തന്നെ തകരാരിലാക്കുകയും ചെയ്തു. എന്നാലീ റിപ്പോര്‍ട്ടുകളുടെ വാസ്തവമെന്താണ്? മലയോര ജില്ലകളില്‍ ജനവാസം തടയപ്പെടുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊന്നും നിയതമായ ഒരുത്തരം മിക്ക പേരും അറിയാതെ പോയി.
ഇത്തരമൊരു കലങ്ങിയ സാഹചര്യത്തിലാണ് രണ്ടു റിപ്പോര്‍ട്ടുകളുടെ താരതമ്യപഠനവും വിശകലനവുമായി ‘ഗാഡ്ഗിലും കസ്തൂരിരംഗനും പശ്ചിമഘട്ട സംരക്ഷണവും’ പ്രസിദ്ധീകരിക്കപ്പെടുന്നത്. എ.വിനോദ് എഡിറ്റ് ചെയ്ത പുസ്തകത്തില്‍ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.പി.എസ്.വിജയന്, പരിസ്ഥിതി പ്രവര്ത്തകന് സി.ആര്.നീലകണ്ഠന്, എസ്.രാമനുണ്ണി, ഫാ.പോള്‍ തേലക്കാട്ട്, എ.വിനോദ്, വിവേകാനന്ദ പൈ, കെ.പി.നിതീഷ് കുമാര്‍, കാവാലം ശശികുമാര്‍, ടി.പി.രാജന് എന്നിവര്‍ റിപ്പോര്‍ട്ടുകളെ അനുകൂലിച്ചും പ്രതികൂലിച്ചും വിശകലനം ചെയ്യുന്നു. ഗ്രന്ഥത്തില്‍ പ്രൊഫ.മാധവഗാഡ്ഗില്‍, ഡോ.കസ്തൂരിരംഗനയച്ച കത്തിന്റെ വിശദരൂപവും ചേര്‍ത്തിരിക്കുന്നു. അനുബന്ധമായി വയനാട് കല്‍പ്പറ്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘പീപ്പി’ന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ കേരളത്തിലെ ജില്ല തിരിച്ചുള്ള താരതമ്യ രേഖാചിത്രങ്ങളും ചേര്‍ത്തിരിക്കുന്നു.
ഗാഡ്ഗിലും കസ്തൂരിരംഗനും
പശ്ചിമഘട്ട സംരക്ഷണവും സങ്കലനം
എ.വിനോദ്
കുരുക്ഷേത്ര പ്രകാശന്, കൊച്ചി
പേജ്-152
വില: 130/-
മനുഷ്യപക്ഷമായ ശാസ്ത്രം
മണ്ണും പുഴയും ഉള്‍വനവും എന്നുവേണ്ട ജീവന്റെ അടിസ്ഥാനമായതൊക്കെയും നിസ്സങ്കോചം മനുഷ്യാസക്തിയുടെ കളങ്കിത ഹസ്തങ്ങളില്‍ പെട്ട് ഞെരിഞ്ഞ്, അതിജീവനത്തിന്റെ തീവ്രസമരങ്ങള്‍ ശക്തിപ്രാപിക്കുന്ന സമകാലികാവസ്ഥയിലാണ് ഈ രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമായ ഡോ.അനില്‍കുമാര്‍ വടവാതൂരിന്റെ ഏറ്റവും പുതിയ ഗ്രന്ഥമായ ‘ശാസ്ത്രവിചാരം’ പുറത്തിറങ്ങുന്നത് എന്നത് യാദൃശ്ചികമായിരിക്കില്ല. കാരണം, അത്രയ്ക്കും പരിക്ഷീണിതമായ ഒരവസ്ഥയില്‍ ധാര്‍മിക ഹൃദയത്തില്‍നിന്നും ഉരുവംകൊണ്ട നേര്‍ക്കാഴ്ചകള്‍ പുറംലോകത്തെക്കെത്തിക്കുന്നതില് ഉചിതമായ സമയമാണ് പ്രസാധകര് തെരഞ്ഞെടുത്തിരിക്കുന്നു എന്നതാണത്.
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല ശേഖരമായ ആര്‍ട്ടിക് ധ്രുവത്തിലെ മഞ്ഞുമലകള്‍ ആഗോളതാപനത്തിന്റെ ശക്തിയില്‍ ഉരുകിയൊലിച്ചുതീര്ന്നാല് എന്താണവസ്ഥ എന്ന ചോദ്യത്തോടെയാരാംഭിക്കുന്ന ഒന്നാമത്തെ ലേഖനം മുതല്‍ കുമിഞ്ഞു കതിരണിഞ്ഞ പാടശേഖരങ്ങള്‍ നികലുന്നതിനെക്കുറിച്ചും ചൊവ്വാ ഗ്രഹത്തിലെ പര്യവേക്ഷണത്തെ ശാസ്ത്രീയമായി വിശകലനം ചെയ്തും ഗുജറാത്തിലെ ‘ആനന്ദി’ന്റെ വിജയഗാഥയെക്കുറിച്ചും കാലാവസ്ഥാ കരാറിന്റെ കാര്യത്തില്‍ വികസിത രാഷ്ട്രങ്ങള്‍ അവികസിത രാഷ്ട്രങ്ങളുടെ മേല്‍ ഗോപ്യമായി തങ്ങളുടെ അജണ്ട അടിച്ചേല്‍പ്പിക്കുന്നതിനെയും ശക്തമായ ഭാഷയില്‍ ലേഖകന്‍ അപലപിക്കുന്നു.
ഇരുപത്തിയഞ്ച് ലേഖനങ്ങളിലായി പ്രതിപാദിക്കുന്ന വ്യത്യസ്തവും ഭാരതത്തിന്റെ സുവര്‍ണ കാലഘട്ടത്തിലെ ജനസാമാന്യത്തിന്റെ പ്രകൃതിയോടുള്ള ദീര്‍ഘവീക്ഷണം പുനരവതരിപ്പിക്കുകയും ചെയ്യുന്ന ഈ ഗ്രന്ഥം അന്വേഷണ ബുദ്ധികള്‍ക്ക് ശാസ്ത്രത്തിന്റെ നിഗൂഢതകളിലേക്ക് അനായാസം കടന്നുചെല്ലുവാന്‍ അവസരമൊരുക്കുന്നു.
ശാസ്ത്രവിചാരം
ഡോ.അനില്‍ കുമാര്‍, വടവാതൂര്‍
കുരുക്ഷേത്ര പ്രകാശന്, കൊച്ചി
പേജ്-120
വില: 85/-
തുളസി
പ്രതികരിക്കാൻ ഇവിടെ എഴുതുക: