തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങിയാല്‍ ഇഎസ്ഐ ആനുകൂല്യം നല്‍കില്ലെന്ന് ഇഎസ്ഐ ഡയറക്ടറേറ്റിന്റെ ഉത്തരവ്. ഇതുമൂലം ആയിരക്കണക്കിന് ഇഎസ്ഐ ഗുണഭോക്താക്കളായ രോഗികള്‍ മരുന്നുവാങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിലായി.
സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് മരുന്നു വാങ്ങുമ്പോള്‍ കൂടിയ വില നല്‍കേണ്ടിവരുന്നെന്നും അത് വലിയ സാമ്പത്തിക ബാധ്യതയാകുന്നെന്നുമാണ് ഇഎസ്ഐ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നത്. നീതി മെഡിക്കല്‍ സ്റ്റോര്‍, കാരുണ്യ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നു മരുന്നുകള്‍ വാങ്ങിയാല്‍ സാമ്പത്തിക ബാധ്യത കുറയുമെന്നാണ് ഉത്തരവ്. നീതി മെഡിക്കല്സ്റ്റോറിലും കാരുണ്യ സ്റ്റോറിലും മറ്റും മരുന്നുകള്‍ക്ക് സ്വകാര്യ കടകളേക്കാള്‍ വിലക്കുറവാണ്. സഹകരണ മെഡിക്കല്‍ സ്റ്റോറില്‍ 60 രൂപയും ലൈഫ് കീയര്‍ സ്റ്റോറുകളില്‍ 40 രൂപയുമുള്ള മരുന്നുകള്‍ക്ക് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ ഇരട്ടിയിലധികം വിലയാണ് ഈടാക്കുന്നത്. ഈ തുക രോഗികള്‍ ഇഎസ്ഐയില്‍ ക്ലയിം ചെയ്യുമ്പോള്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് ഇഎസ്ഐ ഡയറക്ടറുടെ വാദം.
ഇഎസ്ഐ അംഗങ്ങളില്‍ നിന്ന് മാസവിഹിതമായി ശമ്പളത്തിന്റെ നിശ്ചിത ശതമാനം വാങ്ങിയാണ് രോഗികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിവരുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഒരുപോലെ ചികില്‍സ തേടാനുള്ള സൗകര്യവും ഗുണഭോക്താക്കള്‍ക്കുണ്ട്. കോടിക്കണക്കിന് രൂപയാണ് വിഹിതം പിരിക്കുന്നതിലൂടെ ഇഎസ്ഐ യില്‍ എത്തുന്നത്.
ഇഎസ്ഐ ആശുപത്രികളില്‍ നിന്നും രോഗികള്‍ക്ക് അത്യാവശ്യം വേണ്ട മരുന്നുകള്‍ നല്‍കണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ അത്യാവശ്യത്തിനുള്ള മരുന്നുകള്‍പോലും ഇഎസ്ഐ ആശുപത്രികളില്‍ ഇല്ല. മെഡിക്കല്‍ സ്റ്റോറുകളിലേക്ക് കുറിപ്പെഴുതി നല്കുകയാണ്പതിവ്. നീതി,കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളിലും എല്ലാ മരുന്നുകളും ഇല്ലാത്ത സാഹചര്യത്തിലാണ് രോഗികള്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കുന്നത്. പുതിയ ഉത്തരവിലൂടെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് മരുന്ന് വാങ്ങുന്നത് നിരുത്സാഹപ്പെടുത്തുമ്പോള്‍ മരുന്ന് കിട്ടാതെ രോഗികള്‍ ദുരിതത്തിലാകുന്ന സ്ഥിതിയുണ്ടാകുന്നു.
ഇഎസ്ഐ ആശുപത്രികളില്‍ നിന്ന് അവശ്യ മരുന്നുകള്‍ കൊടുക്കാതിരിക്കുകയും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നു വാങ്ങുന്നതിന് വിലകുറയുകയും ചെയ്യുന്ന സമീപനം രോഗികളെ വലയ്ക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ സ്റ്റോറുകളിലും ഇഎസ്ഐ ഡിസ്പെന്‍സറികളിലും ആവശ്യത്തിനുള്ള മരുന്ന് ലഭ്യമാക്കിയശേഷം പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുത്തിയാല്‍ മതിയെന്നാണ് ഇഎസ്ഐ ഗുണഭോക്താക്കള്‍ ആവശ്യപ്പെടുന്നത്.
ഇഎസ്ഐ ആശുപത്രികളില്‍ ചികില്‍സ തേടുന്ന രോഗികള്‍ ക്ലയിം വാങ്ങാന്‍ മാസങ്ങളോളം നടക്കേണ്ട അവസ്ഥയുംഉണ്ടാകുന്നു. തുച്ഛമായ പണമാണ് നല്‍കേണ്ടതെങ്കിലും രോഗികളെ കാലങ്ങളോളം നടത്തിക്കുന്ന സ്ഥിതി ഗുരുതരമാണ്.
രാജേഷ് പേട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: