ആലപ്പുഴ: കെ.ആര്.ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസ് ഒടുവില്‍ ഇടതു മുന്നണിയിലേക്ക്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ ജെഎസ്എസ് സംസ്ഥാന സെന്റര്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ലോകസഭാ മണ്ഡലങ്ങളിലും പാര്‍ട്ടി കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ത്ത് നിലപാടുകള്‍ വ്യക്തമാക്കുമെന്ന് ഗൗരിയമ്മ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ഇന്നലെ രാവിലെ ഗൗരിയമ്മയെ ഫോണില്‍ ബന്ധപ്പെട്ടു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന സെന്റര്‍ യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് വൈകിട്ട് സിപിഎം നേതാക്കളുമായും ഗൗരിയമ്മ ഫോണില്‍ ചര്‍ച്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി പ്രചാരണ രംഗത്തിറങ്ങുകയും തുടര്‍ന്ന് ജെഎസ്എസിനെ ഘടകകക്ഷിയാക്കാമെന്നുമാണ് സിപിഎം നേതൃത്വം നല്‍കിയിട്ടുള്ള ഉറപ്പ്. വൈക്കം വിശ്വന് അടുത്തു തന്നെ താനുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നും എല്‍ഡിഎഫില്‍ ചേര്‍ക്കുന്നതിന് കത്ത് നല്‍കുമെന്നും ഗൗരിയമ്മ പറഞ്ഞു.
യുഡിഎഫ് വിടുന്നതിന് മുമ്പ് ഗൗരിയമ്മയെ സിപിഎം നേതാക്കള്‍ പാര്‍ട്ടിയിലേക്ക് പലവട്ടം ക്ഷണിച്ചെങ്കിലും താന്‍ ഒറ്റയ്ക്ക് പാര്‍ട്ടിയില്‍ ചേരില്ലെന്നും ജെഎസ്എസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു ഗൗരിയമ്മയുടെ നിലപാട്. എന്നാല്‍ സിപിഎം നേതൃത്വം ഇത് അംഗീകരിച്ചില്ല. ഈ സാഹചര്യത്തില്‍ ജെഎസ്എസ് മൂന്നായി പിളരുകയും ചെയ്തു. ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായി രണ്ടുദിവസങ്ങള്‍ക്കകം സിപിഎം നിലപാടില്‍ മാറ്റമുണ്ടായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: