വെറും ഏഴു വര്‍ഷം മതിയോ ഒരാളുടെ ജീവിതം മാറ്റിമറിക്കാന്‍… എങ്കില്‍ ഈ വനിതയെ ഒന്നു പരിചയപ്പെടാം…കഴിവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് ഏത് മേഖലയിലും ശോഭിക്കാനാകുമെന്ന് തെളിയിക്കുകയാണ് റാണി എന്ന വീട്ടമ്മ. തന്റെ ജീവിതത്തിലുണ്ടായ വഴിത്തിരിവുകളെക്കുറിച്ച് ചോദിച്ചാല്‍ ഋപുഞ്ചിരിയോടെ പറയും, അതൊക്കെ അങ്ങനെയങ്ങ് സംഭവിച്ചതാ… അല്ലാതെന്നാ പറയാനാ… കോട്ടയം പാലായിലെ പൂവരണി സ്വദേശിയാണ് 32 കാരിയായ ഈ വീട്ടമ്മ. സ്ത്രീകളായാല്‍ വിവാഹത്തിനുശേഷം ഭര്‍ത്താവിനേയും വീട്ടുകാരേയും പരിചരിച്ച് ജീവിക്കണമെന്ന പഴഞ്ചന്‍ മാമൂലുകളെ പാടെ തൂത്തെറിഞ്ഞാണ് റാണി ജീവിതത്തിന്റെ വിജയഗാഥ ആരംഭിച്ചത്.
റാണിയുടെ ജീവിതത്തിലെ വഴിത്തിരിവുകള്‍ എന്താണെന്നല്ലേ… അന്നും ഇന്നും പുരുഷകേന്ദ്രീകൃത മേഖലയാണ് ഫോട്ടോഗ്രഫി. നാട്ടുഭാഷയില്‍ പടം പിടുത്തമെന്ന് പറയുമെങ്കിലും ഏറെ ബുദ്ധിമുട്ടകളും പ്രയാസങ്ങളുമുള്ള മേഖലയാണല്ലോ ഇത്. ഫോട്ടോഗ്രഫിയോടുള്ള അതിയായ താല്‍പ്പര്യം ഒന്നുകൊണ്ടുമാത്രമാണ് ഏഴു വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ വീട്ടമ്മ അതിലേക്ക് ഇറങ്ങിത്തിരിച്ചത്. ഫോട്ടോഗ്രാഫറായിരുന്ന ഭര്‍ത്താവാണ് ഏക പ്രചോദനമെങ്കിലും ഫോട്ടോഗ്രഫിയുടെ സാങ്കേതികമായ ഒരു കാര്യങ്ങളും അടിസ്ഥാനപരമായി റാണി അഭ്യസിച്ചിട്ടില്ല. ഈ മേഖലയില്‍ ഭര്‍ത്താവിനൊപ്പം പിച്ചവെച്ചുതുടങ്ങിയ റാണി ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടിക്കഴിഞ്ഞിരിക്കുന്നു.
ഫോട്ടോഗ്രഫിയുടെ എല്ലാ മേഖലകളെക്കുറിച്ചും അറിയാനും, പഠിക്കാനും അവര്‍ ശ്രമിച്ചു. ഇപ്പോള്‍ വീഡിയോ മിക്സിങ്, എഡിറ്റിങ്, ഫോട്ടോഷോപ്പ്, ആല്‍ബം വര്‍ക്ക് എന്നുവേണ്ട എല്ലാത്തിലും കയ്യൊപ്പ് പതിച്ചു കഴിഞ്ഞു. ഭര്‍ത്താവ് സാംജി വീഡിയോവര്‍ക്കുകളാണ് ചെയ്യുന്നത്. സാംജി വീഡിയോ പിടിക്കുമ്പോള്‍ റാണി ഫോട്ടോ എടുക്കും, അതാണ് പതിവ്. വിവാഹം, മാമോദിസ, മെയിലാഞ്ചികല്യാണം, ആദ്യകുര്‍ബാന എന്നുവേണ്ട പാലായിലെ ഒട്ടുമിക്ക പരിപാടികളിലും റാണി ഉണ്ടാകും. പൊതുപരിപാടികളിലും നിറസാന്നിധ്യമാണ് ഇവര്‍.
ഫോട്ടോഗ്രഫി വേറിട്ടവഴിയാണെങ്കിലും അതു മാത്രമല്ല റാണിയുടെ മേഖല. മികച്ച ബ്യൂട്ടീഷ്യന്‍ കൂടിയാണ് ഈ പാലാക്കാരി. സ്വന്തമായി ഒരു ബ്യൂട്ടിപാര്‍ലര്‍ ഇല്ലെങ്കിലും വിവാഹത്തിന് തയ്യാറെടുക്കുന്ന ഒരു പെണ്‍കുട്ടിയെ ഭംഗിയായി ഒരുക്കിയെടുക്കാന്‍ തനിക്ക് സാധിക്കുമെന്ന് റാണി പറയുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള പൂര്‍ണ പിന്തുണയോടെയാണ് റാണി എല്ലാത്തിനും ഇറങ്ങിത്തിരിക്കുന്നത്. നാട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും അകമഴിഞ്ഞ സ്നേഹവും പിന്തുണയും വേറെ. മേക്കപ്പ് മാത്രമല്ല, വസ്ത്ര നിര്‍മ്മാണം, ബൊക്കെ, കാര്‍ ഡെക്കറേഷന്‍ എന്നിങ്ങനെ കല്യാണസംബന്ധമായ എല്ലാ കാര്യങ്ങളും ഈ വീട്ടമ്മയുടെ കയ്യില്‍ ഭദ്രം. എത്ര ഫോട്ടോകള്‍ എടുത്തു എന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരു മറുപടി പറയാന്‍ റാണിക്കാവില്ല. കാരണം എണ്ണിയാല്‍ ഒടുങ്ങാത്തത്ര വേദികളും, പരിപാടികളും ഈ വീട്ടമ്മയുടെ വിജയഗാഥയിലുണ്ട്…സ്വന്തമായി ഒരു സ്റ്റുഡിയോയും, ബ്യൂട്ടിപാര്‍ലറുമാണ് റാണിയുടെ ഇനിയുള്ള സ്വപ്നം…
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: