കെട്ടിപ്പടുക്കുമുന്‍പൊന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടുകൊള്‍വിന്‍!
കെട്ടിമറയ്ക്കെല്ലെന്‍ പാതി നെഞ്ചം കെട്ടിമറയ്ക്കെല്ലേയെന്റെ കയ്യും
എന്റെ പൊന്നോമന കേണിടുമ്പോള്‍ എന്റെയടുത്തേക്ക് കൊണ്ടുപോരൂ
ഈ കയ്യാല്‍ കുഞ്ഞിനെയേറ്റുവാങ്ങി ഈമുലയൂട്ടാന്‍ അനുവദിക്കൂ
പാടിയും പറഞ്ഞും പഴകിയ, ഒഎന്‍വി കുറുപ്പിന്റ അമ്മ എന്ന കവിതയിലെ ഈ വരികള്‍ വീണ്ടും ഓര്‍ത്തുപോവുകയാണ്…ത്യാഗത്തിന്റെ പ്രതീകമായ അമ്മമാരെ മക്കള്‍ നിര്‍ദയം തെരുവില്‍ ഉപേക്ഷിക്കുന്ന കാഴ്ചകള്‍ കാണുമ്പോള്‍. പാലൂട്ടി, താരാട്ട് പാടി, സ്നേഹവും വാത്സ്യല്യവും ആവോളം നല്കി വളര്‍ത്തിയിട്ടും വാര്‍ധക്യത്തില്‍ മാതാപിതാക്കളെ പുറംകാലുകൊണ്ട് തട്ടുന്ന പ്രവണത ഏറി വരുന്നു. 10 മക്കളുണ്ടായിരുന്നു മുവാറ്റുപുഴയില്‍ കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സല്‍മ മുഹമ്മദിന്. ജീവിതത്തിന്റെ മുക്കാല്‍ പങ്കും മക്കള്‍ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ആ പാവത്തെ നോക്കാന്‍ മക്കളാരും ഉണ്ടായില്ല. എവിടെയാണ് നമുക്ക് വഴി പിഴയ്ക്കുന്നത്. മാതാ പിതാ ഗുരു ദൈവം എന്ന് കുഞ്ഞുനാളില്‍ ചൊല്ലിത്തന്നത് കേട്ട് വളര്‍ന്നവരല്ലേ നാം എല്ലാവരും. ആദ്യത്തെ കണ്‍കണ്ട ദൈവം അമ്മയാണെന്നും നേരിലേക്ക് കൈപിടിച്ചുനയിക്കുന്നവളെന്നും അമ്മയെ കുറിച്ചുള്ള നല്ല വാക്കുകളില്‍ ചിലത് മാത്രം.
ഇന്ന് ആരും നോക്കാനില്ലാതെ നടതള്ളപ്പെടുന്ന സല്‍മയെപ്പോലുള്ള അമ്മമാരുടെ എണ്ണം പെരുകുന്നു. ഇതിനനുസരിച്ച് അനാഥാലയങ്ങളുടെ എണ്ണവും കൂടുന്നു. മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്നവര്‍ക്ക് വേണ്ടി അവരെ ഏറ്റെടുക്കാന്‍ സന്നദ്ധ സംഘടനകള്‍ തയ്യാറാകുന്നുവെങ്കില്‍ അത് നല്ല മാതൃകയാണെന്നതില് സംശയമില്ല. പക്ഷേ ഭാരതത്തിന്റെ സംസ്കാരം അനുസരിച്ച് ഈ പ്രവണത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണോ?
കൗമാരത്തില്‍ പിതാവിനാലും യൗവനത്തില്‍ ഭര്‍ത്താവിനാലും വാര്‍ധക്യത്തില്‍ പുത്രനാലും സ്ത്രീ സംരക്ഷിക്കപ്പെടണം എന്നതാണ് ഭാരതീയ സംസ്കാരം. എന്നാലിന്ന് എത്ര സ്ത്രീകള്‍ ഇത്തരത്തില്‍ സുരക്ഷിതരാണ്? പിതാവിനാലും ഭര്‍ത്താവിനാലും പുത്രനാലും ദുരിതമനുഭവിക്കുന്നവരുടെ എണ്ണം ഏറുന്നു. ചെറുത്ത് നില്ക്കാന് പോലും ശേഷിയില്ലാത്ത, മരണത്തിന്റെ പടിവാതിക്കല്‍ എത്തിനില്‍ക്കുന്ന വൃദ്ധജനങ്ങളെ തരിമ്പും മനസാക്ഷിയില്ലാതെ പുറത്താക്കുന്ന മക്കളെ എന്ത് പേരിട്ട് വിശേഷിപ്പക്കണമെന്ന് അറിയില്ല.
അമ്മയുടെ മഹത്വം മക്കളെ പറഞ്ഞ് മനസ്സിലാക്കേണ്ടതല്ല, അവര്‍ അനുഭവിച്ച് അറിയുകതന്നെ വേണം. ഭൂമിയിലെത്തി അമ്മയുടെ മാറിന്റെ ചൂടേറ്റ് വളര്‍ന്ന് കാര്യപ്രാപ്തിനേടി, സ്വന്തം ജീവിതം കരുപിടിപ്പിക്കുമ്പോള്‍ എങ്ങനെയാണ് അമ്മയും അച്ഛനും അവര്‍ക്ക് അന്യരാകുന്നത്. അതും അറിയില്ല.
ജോലി വിദേശത്താണ്, അതുകൊണ്ട് മാതാപിതാക്കളെ കൊണ്ടുപോകാന്‍ സാധിക്കില്ല. എത്ര രൂപവേണമെങ്കിലും തരാം എന്ന് പറഞ്ഞ് അവരെ വൃദ്ധസദനത്തിലാക്കുന്ന മക്കളുടെ എണ്ണവും പെരുകി വരുന്നു. ജന്മം നല്‍കിയവരെ ഒഴിവാക്കാന്‍ പതിനായിരങ്ങള്‍ മുടക്കാനും ഇവര്‍ തയ്യാറാണ്. എന്നന്നേയ്ക്കുമായുള്ള ബാധ്യത അവസാനിപ്പിച്ച്് പടിയിറങ്ങുന്ന പ്രിയമക്കളെ നോക്കി ഇറ്റുവീഴാന്‍ വെമ്പുന്ന കണ്ണുനീര്‍ത്തുള്ളികളുമായി എത്ര മാതാപിതാക്കള്‍ അവര്‍ കണ്ണില്‍ നിന്നും മറയുന്നതുവരെ അനുയാത്ര ചെയ്തിരിക്കാം.
കേരളത്തിലെ വൃദ്ധസദനങ്ങളുടെ എണ്ണവും പെരുകിക്കൊണ്ടിരിക്കുന്നു. പെറ്റമ്മയെ നോക്കാന്‍ സാധിക്കില്ലെന്ന കാരണത്താല്‍ മനോരോഗിയാണെന്ന് മുദ്രകുത്തി മാനസികാരോഗ്യ കേന്ദ്രത്തില്‍ തള്ളുന്ന മക്കളേയും കാണാം. മനോരോഗിയാണെങ്കില്‍ കൂടി രോഗം ഭേദമായാല്‍ കൂട്ടിക്കൊണ്ടുപോകാന്‍ തയ്യാറല്ലാത്ത മക്കളുമുണ്ട്. എന്തിന് രോഗത്തിന് ചികിത്സതേടി സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന എത്രയോ പേരാണ് മക്കള്‍ തിരികെ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ആശുപത്രികളില്‍ത്തന്നെ കഴിഞ്ഞുകൂടുന്നത്.
വാര്‍ധക്യ സഹജമായ രോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്ന 90 വയസ്സോളം പ്രായമുള്ള ഒരമ്മയെ കഴിഞ്ഞ ഒക്ടോബറിലാണ് ബന്ധുക്കള്‍ ഗുരുവായൂരപ്പന്റെ നടയില്‍ ഉപേക്ഷിച്ച് മടങ്ങിയത്. സ്വന്തം നാടും വീടും പോലും ഓര്‍മയില്‍ നിന്നും മാഞ്ഞുപോയ ഈ വൃദ്ധ എന്നെങ്കിലും പ്രിയപ്പെട്ടവര്‍ വന്നു തന്നെ കൊണ്ടുപോകുമെന്ന ചിന്തയില്‍ ഇന്നും ഗുരുവായൂരിലെ സാന്ദീപനി മാതൃസദനത്തില്‍ കാത്തിരിക്കുകയാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം ആറ് പേര് മക്കളായിട്ടുണ്ടെങ്കിലും ഇവരിലൊരാളുടെ വിടീന് സമീപം പ്ലാസ്റ്റിക് ഷീറ്റിട്ട് മറച്ച കൂരയില്‍ ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ വലഞ്ഞ 88 കാരി മാലതി. മലമൂത്ര വിസര്‍ജ്ജനം പോലും ഒറ്റമുറി വീട്ടില്‍ നിര്‍വഹിച്ച ഇവരെ ഒടുവില്‍ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആലപ്പുഴയില്‍ നടന്ന ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വര്‍ഷം. അമ്മയുടെ സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് ഒരു നേരത്തെ ഭക്ഷണം പോലും നല്കുന്നതില് നിന്ന് മക്കളെ പിന്തിരിപ്പിച്ചത്. മക്കള്‍ ഒരു നേരം ആഹാരം കഴിച്ചില്ലെങ്കില്‍ അവരുടെ പിന്നാലെ നടന്ന് ഒരുരുളയെങ്കിലും മകന്റെ അല്ലെങ്കില്‍ മകളുടെ വായിലേക്ക് സ്നേഹം ചാലിച്ച് നല്കാന് ഈ അമ്മയും ശ്രമിച്ചിരിക്കാം.
ദയയും മനുഷ്യത്വവും മനസ്സില്‍ നിന്നും പടിയിറങ്ങിപ്പോയ മക്കള്‍ അനേകമുണ്ടെങ്കിലും സ്വന്തമോ ബന്ധമോ ഒന്നുമില്ലാതിരിന്നിട്ടും വാര്‍ധക്യത്തില്‍ തനിച്ചായിപ്പോയവരെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിമാറ്റിയവരുമുണ്ട്. കാരുണ്യത്തിന്റെ കടല്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍. ആശ്രയമായിരുന്ന സഹോദരന് മരിച്ചപ്പോള്‍ തനിച്ചായിപ്പോയ , ചലനശേഷി നഷ്ടപ്പെട്ട കല്യാണിക്കുട്ടിയെ ഈ അമ്മയെ ഞാന്‍ നോക്കിക്കോളാം എന്നു പറഞ്ഞ് കൂടെക്കൂട്ടിയ ആന്ധ്രാസ്വദേശിനിയായ ജയഭാരതി. റെയില്‍വേ ട്രാക്കിലൂടെ ദിക്കറിയാതെ നടന്ന ചെല്ലമ്മ അന്തര്‍ജനത്തെ സ്വന്തം അമ്മയെപ്പോലെ കരുതി വീട്ടിലേക്ക് സ്വീകരിച്ച് ആ അമ്മയുടെ ആചാരം അനുസരിച്ച് ശിഷ്ടകാലം ജീവക്കാന്‍ സഹായിച്ച അമ്പലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന റസിയ ബീവി. അങ്ങനെ ആരുമില്ലാത്തവര്‍ക്ക് തുണയാവുന്ന എത്രപേര്‍.
ഇതൊക്കെ പറയുമ്പോള്‍ മറ്റ് ചിലതുകൂടി വിസ്മരിക്കാനാവില്ല. സ്വന്തം സുഖത്തിനായി മകളെ അന്യന് കാഴ്ചവയ്ക്കുന്നവള്, കേവലം നാല് വയസ്സുള്ള മകളെപ്പോലും മാതൃത്വം മറന്ന് കാമുകന് എറിഞ്ഞുകൊടുക്കുന്നവര്‍, ചോരമണം മാറാത്ത കുഞ്ഞിനെപ്പോലും വഴിയില്‍ ഉപേക്ഷിക്കുന്നവള്‍ അങ്ങനെ ത്യാഗത്തിന്റെ മൂര്ത്തിമത്ഭാവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒട്ടനവധി അമ്മമാര്‍ക്ക് അപമാനമായി തീരുന്ന, അമ്മയെന്ന സ്ഥാനം പോലും കല്പ്പിച്ചുനല്കുവാന് ആവാത്ത സ്ത്രീജന്മങ്ങളും നമുക്ക് ഇടയിലുണ്ട്.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: