ഇന്ന് ആഗോള വനിതാദിനം. ഈ വനിതാദിവനത്തിലെ സന്ദേശം കി്ശൃശിഴ ഇവമിഴല എന്നാണ്. ലോകം ഇന്നും അസമമാണ്. സ്ത്രീകളുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടതും ഇപ്പോഴത്തെ മാറ്റമില്ലാത്ത സ്ഥിതിവിശേഷം (ടമേ്െ ഝൗീ) വെല്ലുവിളിച്ച് സ്ത്രീകള്‍ മുന്നേറണമെന്നും ആഹ്വാനമുണ്ട്. മാതൃകാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും സന്ദേശത്തില്‍ പറയുന്നു.
സന്ദേശം നല്കല് ഒരു വെറും ചടങ്ങ് മാത്രമാണ്. അത് പ്രായോഗികമാക്കാനുള്ള ആത്മാര്‍ത്ഥത പുരുഷലോകത്തിനില്ല. ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളെ അവകാശരഹിതരായ ന്യൂനപക്ഷമായിട്ടാണ് പുരുഷലോകം രൂപീകരിച്ചിരിക്കുന്നത്. ഇന്നും അവര്‍ തീരുമാനങ്ങളെടുക്കുന്നതില്‍ പങ്കാളിയല്ല. അത് സ്വന്തം ജീവിതത്തെ ബാധിക്കുന്നതായാലും. നായര്‍ സമുദായത്തിനൊഴികെ മറ്റ് സമുദായങ്ങള്‍ക്ക് ഇന്ന് ഉടമസ്ഥാവകാശം അനുവദനീയമല്ല. ലോകത്തെ 1.3 ദശലക്ഷം സ്ത്രീകള്‍ ഇന്നും പൂര്‍ണ ദരിദ്രരാണ്. സ്ത്രീകളും പുരുഷന്മാരും ഒരേ ജോലി ചെയ്യുമ്പോഴും അവരുടെ ശമ്പളം തുല്യമല്ല. അതുകൊണ്ടുതന്നെ അവരുടെ വരുമാനം കുറവാണ്.
ഇന്‍സ്പയറിംഗ് ചേഞ്ച്- മാറ്റത്തിനുള്ള ശ്രമം അതാണ് വെറും സന്ദേശമായി ഒതുങ്ങുന്നത്. കഴിഞ്ഞവര്‍ഷത്തെ സന്ദേശം എന്തായിരുന്നു എന്നോ? സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ സമയമായി എന്നായിരുന്നു. എന്നിട്ട് സ്ത്രീകള്‍ക്കെതിരെ-പ്രായഭേദമെന്യേ- ബാലികമാര്‍ തൊട്ട് വൃദ്ധകള്‍ വരെ- ലൈംഗിക-ശാരീരികാക്രമണത്തിന് വിധേയരാകുന്നു. ബലാല്‍സംഗം, പെണ്‍വാണിഭം, ഗാര്‍ഹികപീഡനം, ലൈംഗികാതിക്രമം എല്ലാം ഇന്ന് സമൂഹം അവഗണിച്ചു തുടങ്ങുന്ന സാധാരണ സംഭവങ്ങളായി മാറുകയാണ്. രക്ഷിക്കേണ്ടവര്‍ പോലും അക്രമികളാകുന്ന ഈ കാലഘട്ടത്തില്‍ അച്ഛന് മകളെയും സഹോദരന് സഹോദരിയെയും അമ്മാവന് മരുമകളെയും മുത്തച്ഛന് പേരക്കുട്ടിയെയും ബലാല്‍സംഗം ചെയ്യുന്നു. വര്‍ധിച്ചുവരുന്ന- ജീവിതശൈലിയായി മാറുന്ന- പെണ്‍വാണിഭത്തിലേക്ക് സ്വന്തം അമ്മ പോലും മകളെ വില്‍ക്കുന്നു. പറവൂര്‍ പെണ്‍കുട്ടിയും വരാപ്പുഴ പെണ്‍കുട്ടിയും തന്നെ ഉദാഹരണങ്ങള്‍.
യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞിരിക്കുന്നത് സമത്വവും പുരോഗതിയും സ്ത്രീകളുടെ ഫണ്ടമെന്റല്‍ റൈറ്റുകളാണ് എന്നാണ്. അവര്‍ മനുഷ്യവിഭവശേഷിയാണ്. അവര്‍ക്ക് വിഭവസമാഹരണത്തിനും സമ്പത്ത് വര്‍ധനക്കും പുരോഗതിക്കും സുസ്ഥിര സമൂഹത്തിനും രൂപം കൊടുക്കാന്‍ ത്രാണിയുള്ളവരാണ്. സ്ത്രീകള്‍ വിഭവസമാഹരണശേഷിയുള്ളവരും മറ്റും ആയതിനാല്‍ സമൂഹത്തില്‍ പലതലത്തിലും അവര്‍ക്ക് സംഭാവന നല്കാന് സാധിക്കും.
പക്ഷെ പുരുഷസമൂഹം അവരുടെ മാനുഷിക വിഭവശേഷിയെ നശിപ്പിച്ച് അവരെ ലൈംഗികോപകരണമാക്കി അവരുടെ സമ്പാദ്യത്തില്‍ പോലും അവര്‍ക്ക് അവകാശം നല്‍കാതെ രണ്ടാംകിടക്കാരാക്കുകയാണ്. സ്വന്തം കാര്യത്തില്‍ പോലും തീരുമാനമെടുക്കാനാവാത്ത സ്ത്രീയുടെ ബുദ്ധിശക്തി മരവിക്കും. ഇന്ന് സ്ത്രീകള്‍ വിദ്യാഭ്യാസം നേടി ജോലി നേടി സമൂഹത്തില്‍ ദൃശ്യത നേടിയെങ്കിലും മാനസികസമത്വം നേടിയില്ല. സ്ത്രീകള്‍ തലപ്പത്തുള്ള കോര്‍പ്പറേറ്റുകള്‍ വന്‍വിജയമാണെന്ന് ശീമാട്ടിയും ഒഇഎന്നും മറ്റും തെളിയിക്കുന്നു.
പക്ഷെ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ സാന്നിധ്യമില്ല. രാജ്യസഭയിലും ലോക്സഭയിലും അസംബ്ലികളിലും അവരുടെ സാന്നിധ്യം നാമമാത്രം. സ്പീക്കര്‍ സ്ത്രീയായതുകൊണ്ടോ ഷീലാ ദീക്ഷിത് കേരളാ ഗവര്‍ണര്‍ ആയതുകൊണ്ടോ സാമൂഹ്യപുരോഗതിയോ സ്ത്രീ ശാക്തീകരണമോ നടക്കുന്നില്ല. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്കുന്ന ബില്‍ പോലും ഇന്നും ശീതീകരണമുറിയിലാണ്.
സ്ത്രീകള്‍ ശരീരം മാത്രമാകുമ്പോള്‍ വണ്ടികള്‍, വഴികള്‍, രാത്രികള്‍ എല്ലാം അവര്‍ക്കന്യമാണ്. ട്രെയിനില്‍ ഒറ്റയ്ക്ക് യാത്രചെയ്താല്‍ സൗമ്യയുടെയോ ജയശീലയുടെയോ അവസ്ഥ നേരിട്ടേക്കാം. സ്ത്രീ നിരന്തരം ലൈംഗികദാഹികളാലും മദ്യപരാലും വേട്ടയാടപ്പെടുകയാണ്. യുഎന്‍ വനിതകള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ ക്യാമ്പെയിന് വേണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. ഇന്ത്യ ലോകത്തെ താമസിക്കാന്‍ കൊള്ളാത്ത രണ്ടാമത്തെ രാജ്യമാണെന്നും ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ 7.1 ശതമാനം കൂടുകയാണെന്നും ബലാല്സംഗങ്ങളില് ഒന്‍പത് ശതമാനം വര്‍ധനയുണ്ടെന്നും സിആര്‍ബി പറയുന്നു.
ഈ വനിതാദിനത്തില്‍ ശക്തയായ പത്രപ്രവര്‍ത്തക എന്ന നിലയില്‍ എനിക്ക് ഉല്ബോധിപ്പിക്കാനുള്ളത് സ്ത്രീകള്‍ അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും അവനവന്റെ ന്യായമായ അവകാശങ്ങള്‍ സ്വായത്തമാക്കണമെന്നും സമൂഹത്തില്‍ തലയുയര്‍ത്തിനിന്ന് തന്റെ കഴിവുകള്‍ ആരെയും ഭയപ്പെടാതെ തെളിയിക്കണമെന്നുമാണ്. സ്ത്രീകള്‍ ഇഴജന്തുക്കളല്ല. പുരുഷന്മാരെപ്പോലെ ബുദ്ധിപരതയും ശരീരഘടനയും ശരീരബലവും ഉള്ളവരാണ്. അത് യഥാവിധി ഉപയോഗിക്കാനുള്ള തന്റേടമാണ് സ്ത്രീ ആര്‍ജിക്കേണ്ടത്. തന്റേടം എന്നു പറഞ്ഞാല്‍ ‘തന്റെ ഇടം.’
ലീലാ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: