കോഴിക്കോട്: ടിപി വധക്കേസില്‍ പാര്‍ട്ടിക്കോടതി വിധി നീതിന്യായ കോടതിയെ പരിഹസിക്കുന്നതായി. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ കോടതിയുടെ കണ്ടെത്തലുകളെയും വിധിന്യായത്തെയും തള്ളിക്കൊണ്ടാണ് കെ.സി.രാമചന്ദ്രനെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി സിപിഎംകോടതിവിധി പുറത്തുവന്നിരിക്കുന്നത്. കൊലപാതക കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച സിപിഎം നേതാക്കളായ പി.കെ.കുഞ്ഞനന്തന്, ട്രൗസര്‍ മനോജ് എന്നിവരെ പാര്‍ട്ടി കോടതി കുറ്റവിമുക്തരാക്കിയിരിക്കുകയാണ്.
ടി പി വധക്കേസ് കുറ്റപത്രത്തിലെ നിരവധി പഴുതുകളിലൂടെ പി.മോഹനനടക്കമുള്ള സിപിഎം നേതാക്കള്‍ രക്ഷപ്പെട്ട സാഹചര്യത്തിലും ശിക്ഷിക്കപ്പെട്ട നേതാക്കള്‍ക്കാണ് പാര്‍ട്ടി കോടതി ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് സിപിഎം ഗൂഢബന്ധത്തിലൂടെയാണ് കേസന്വേഷണം ഒടുവില്‍ അട്ടിമറിക്കപ്പെട്ടത്. ദുര്‍ബലമായ പ്രോസിക്യൂഷന് നടപടികളും സാക്ഷികളുടെ കൂട്ടത്തോടെയുള്ള മൊഴിമാറ്റവും ഉണ്ടായിട്ടും സിപിഎമ്മിലെ പ്രമുഖരായ മൂന്ന് നേതാക്കള്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ വിചാരണക്കോടതിയുടെ സുപ്രധാനമായ വിധിന്യായത്തെ അപഹസിച്ചുകൊണ്ടാണ് പ്രകാശ് കാരാട്ട് തലവനായ പാര്‍ട്ടിക്കോടതിയുടെ കണ്ടെത്തല്‍. രാമചന്ദ്രന്റെ വ്യക്തിവിരോധമാണ് കൊലപാതകത്തിന് കാരണമെനാണ് നിഗമനം. എന്നാല്‍ ആര്‍എംപി രൂപീകരണത്തിന് ശേഷം ആര്‍എംപി നേതാവ് എന്‍. വേണുവിന്റെയടക്കം വീട്ടുപണിയുടെ കരാര്‍ രാമചന്ദ്രനായിരുന്നുവെന്ന കെ.കെ.രമയുടെ വെളിപ്പെടുത്തല്‍ മാത്രംമതി പാര്‍ട്ടിയുടെ വിധിന്യായം ദുര്‍ബലമാക്കാന്‍.
വിചാരണക്കോടതിയുടെ സുപ്രധാന നിഗമനം കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമില്ല എന്നതായിരുന്നു. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയതിന് പിന്നില്‍ ഏറാമല, ഒഞ്ചിയം ഭാഗങ്ങളില്‍ ഉണ്ടായ രാഷ്ട്രീയ വൈരാഗ്യമായിരുന്നുവെന്നും വ്യക്തമാക്കപ്പെട്ടിരുന്നു. അതേസമയം പാര്‍ട്ടി കോടതി കണ്ടെത്തിയത് കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന വികൃത വാദമാണ്.
വി.എസ്.അച്യുതാനന്ദന്റെ ഭീഷണിയെ അതിജീവിക്കാനും വടകര മണ്ഡലത്തില്‍ എങ്ങിനെയെങ്കിലും വിജയം നേടാനുമാണ് പാര്‍ട്ടിക്കോടതി ഇപ്പോള്‍ തിടുക്കത്തില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. പാര്‍ട്ടിതല അന്വേഷണത്തിന്റെ എല്ലാവിധ കീഴ്വഴക്കങ്ങളും രീതികളും ലംഘിച്ചുകൊണ്ടാണ് പാര്ട്ടിവിധിന്യായം പുറത്തുവന്നിരിക്കുന്നതെന്നും പ്രസക്തമാണ്.
പി.പി. ദിനേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: