കല്‍പ്പറ്റ: സ്ത്രീ തൊഴിലാളികളുടെ ജീവിതം അടുത്തറിയാന്‍ നോര്‍വീജിയന്‍ വിദ്യാര്‍ഥിനികള്‍ വയനാട്ടില്‍. ഒസ്ലോ യൂനിവേഴ്സിറ്റി കോളേജില്‍ ഡവലപ്പ്മെന്റ് സ്റ്റഡീസ് ഐച്ഛികവിഷയമാക്കി ബിരുദത്തിനു പഠിക്കുന്ന മരിയ ബ്ലോം ഹെല്മേഴ്സണ്, മോന ഉല്നസ് പ്ലാടിക്കര്, അറോറ മരിയ നോം, യുദാ മരിയ ബുറോസ് എന്നിവരാണ് പ്രൊജക്ട് വര്‍ക്കിന്റെ ഭാഗമായി വയനാട്ടിലെത്തിയത്. യൂനിവേഴ്സിറ്റിയിലെ പ്രൊഫ.ബിബി വാന്ഡ്സെംബിന്റെ നേതൃത്വത്തിലെത്തിയ വിദ്യാര്‍ഥിനികള്‍ വയനാട്ടിലെ സ്ത്രീ തൊഴിലാളികളുടെ ശാക്തീകരണത്തില്‍ കുടുംബശ്രീയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചെലുത്തുന്ന സ്വാധീനമാണ് പഠനവിധേയമാക്കിയത്. മാനന്തവാടി, കേണിച്ചിറ, പുല്പള്ളി, ബത്തേരി, പുത്തൂര്‍വയല്‍, മൊതക്കര എന്നിവിടങ്ങളിലെ കുടുംബശ്രീ സ്വയം സഹായ സംഘാംഗങ്ങള്‍, തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കള്‍ എന്നിവരുമായി ഇടപഴകിയായിരുന്നു പഠനം. 20നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീ തൊഴിലാളികളെയാണ് വിവരശേഖരണത്തിനു ഉപയോഗപ്പെടുത്തിയത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്യുന്ന വനിതകളില്‍ ആദിവാസികള്‍ നാമമാത്രമാണെന്ന് വിദ്യാര്‍ഥിനികള്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ ആദിവാസി സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ സമൂഹത്തിന്റെ ഇതര വിഭാഗങ്ങളിലുള്ളവരുടെ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നോര്‍വേയിലെ ആദിവാസി ജനത മുഖ്യധാരയുടെ ഭാഗമാണെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
ഒസ്ലോ യൂനിവേഴ്സിറ്റി കോളേജില്‍ ഡവലപ്പ്മെന്റ് സ്റ്റഡീസില്‍ ബിരുദത്തിനു പഠിക്കുന്ന ഒന്നാം വര്‍ഷക്കാരില്‍ 91 പേരുണ്ട്. ഇതില്‍ 11 പേരാണ് പ്രൊജക്ട് വര്‍ക്കിന്റെ ഭാഗമായി രണ്ടാഴ്ച മുന്‍പ് കേരളത്തിലെത്തിയത്. ഇവരില്‍ നാലു പേര് ‘വിമന്‍ ആന്‍ഡ് മൊബിലിറ്റി’ എന്ന വിഷയത്തില്‍ കോഴിക്കോട് ജില്ലയിലും മൂന്നു പേര് ‘ചില്‍ഡ്രന്‍ ആന്‍ഡ് ഡിസെബിലിറ്റീസ്’ എന്ന വിഷയത്തില്‍ തിരുവനന്തപുരം ജില്ലയിലുമാണ് പഠനം നടത്തുന്നത്. മാര്‍ച്ച് 21നാണ് മടക്കയാത്ര.
ജോലി കിട്ടിയശേഷം തവണകളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ സര്‍ക്കാര്‍ കുറഞ്ഞ പലിശയ്ക്ക് അനുവദിക്കുന്ന വായ്പ ഉപയോഗപ്പെടുത്തിയാണ് നോര്‍വേയില്‍ പൊതുവെ ഉപരിപഠനമെന്ന് വയനാട്ടിലെത്തിയ വിദ്യാര്‍ഥിനികള്‍ പറഞ്ഞു. പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരും വിദ്യാര്‍ഥികളില്‍ നിരവധിയാണ്. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യോഗ്യതകള്‍ക്കനുസരിച്ച് സ്ഥിരം ജോലിക്കും പ്രയാസമില്ലെന്ന്-നോര്‍വേ വിമാനത്താവളത്തില്‍ ചെക്കിംഗ് സ്റ്റാഫായി പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന യുദാ മരിയ പറഞ്ഞു. പ്രൊജക്ട് വര്ക്കുകളിലുടെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കണ്ടെത്തലുകളും നിര്‍ദേശങ്ങളും സമൂഹനന്മയ്ക്ക് ഉപയോഗപ്പെടുത്തുന്നതിനു സര്‍വകലാശാലകളുടെ കൂട്ടായ ഇടപെടല്‍ ഉണ്ടാകണമെന്ന് വിദ്യാര്‍ഥിനികള്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: