കൊല്ലം: കഴിഞ്ഞ കാലവര്‍ഷക്കാലത്ത് നാമാവശേഷമായ ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളില്‍ മാതാ അമൃതാനന്ദമയി മഠം നടത്തുന്ന പുനരുദ്ധാരണ- പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ സേവനസന്നദ്ധരായി ജപ്പാനില്‍ നിന്നുള്ള യുവാക്കളും. ബാത്വാരി സോണാര്‍ ഗ്രാമത്തില്‍ മഠം നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളിലാണ് ജപ്പാനില്‍ നിന്നുള്ള 73 വിദ്യാര്‍ഥികള്‍ തങ്ങളാലാകുംവിധത്തിലുള്ള സേവനത്തിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്.
സംഘത്തിലെ 18നും 23നും ഇടയില്‍ പ്രായമുള്ളവര്‍ മന്ദാകിനി നദിയുടെ തീരങ്ങളില്‍ നിന്ന് കല്ലും മണ്ണും നീക്കം ചെയ്യുകയും മറ്റുള്ളവര്‍ അത് ചുമന്ന് നദിയുടെ 350 മീറ്ററോളം മുകളിലേക്ക് എത്തിക്കുകയും ചെയ്തു. ഇന്റര്‍നാഷണല്‍ വോളന്റീയര്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് അസോസിയേഷനില്‍ നിന്നുള്ള ഇവര്‍ തറക്കല്ലുകള്‍ പാകുന്നതിനും ഭിത്തിയില്‍ സിമന്റു തേയ്ക്കുന്നതിനുമെല്ലാം മുന്‍പന്തിയില്‍തന്നെയുണ്ടായിരുന്നു. ഭൂകമ്പപ്രതിരോധശേഷിയുള്ള രണ്ടു മുറികളുള്ള വീടുകളാണ് മഠം ഇവിടെ നിര്‍മിച്ചുവരുന്നത്.
ഉത്തരാഖണ്ഡിലെ 42 ഗ്രാമങ്ങളാണ് മഠം ദത്തെടുത്തിട്ടുള്ളത്. അവയില്‍ 38 എണ്ണം രുദ്രപ്രയാഗ് ജില്ലയിലും ബാക്കി നാലെണ്ണം ഉത്തരകാശി ജില്ലയിലുമാണെന്ന് മഠത്തിന്റെ വൈസ് ചെയര്മാന് സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.
കേദാര്‍നാഥ് ദുരന്തത്തിന് ഇരകളായവര്‍ക്കായി മഠം നടപ്പാക്കുന്ന 50 കോടിയുടെ ദുരിതാശ്വാസ-പുനരധിവാസ പദ്ധതിയും പുരോഗമിച്ചുവരികയാണ്. ദുരന്തം നടന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേദാര്‍നാഥിലെ പദ്ധതികള്‍ക്ക് മഠം തുടക്കമിട്ടിരുന്നു. രുദ്രപ്രയാഗ് ജില്ലയിലെ അഗസ്ത്യമുനിയില്‍ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന വിശ്വാസികളുടെ സംഘം ജൂലൈ ഒന്നിനു തന്നെ കര്‍മനിരതരായി.
ബത്വാരി സോണാറില്‍ ജപ്പാനില്‍ നിന്ന് സേവനത്തിനെത്തിയ 73 പേരില്‍ 43 പേരും യുവതികളാണ്. ഒട്ടും പരിചിതമല്ലാത്ത ഭൂഭാഗത്തില്പോലും കഷ്ടതകളെ അവഗണിച്ച് സേവനത്തിലേര്‍പ്പെട്ട ഇവര്‍ ഗ്രാമീണരെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്തുവെന്ന് മഠം അധികൃതര്‍ പറഞ്ഞു. വെറും ചോറും പരിപ്പും മാത്രമായിരുന്നു അവരുടെ ആഹാരം. വല്ലപ്പോഴും മാത്രമാണ് മധുരമുള്ളതെന്തെങ്കിലും അവര്‍ക്ക് ഭക്ഷിക്കാന്‍ ലഭിച്ചത്. സേവനത്തിന്റെ അവസാനദിവസം ഗ്രാമങ്ങളിലെ അഴുക്കും മാലിന്യവുമെല്ലാം നീക്കം ചെയ്തശേഷമാണ് അവര്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: