ചാലക്കുടി: വെള്ളാംചിറ പാലപ്പെട്ടിയില്‍ കീഴ്മഠത്തില്‍ ഗോപി കൊല്ലപ്പെട്ട സംഭവത്തില്‍ പതിനാറുകാരിയായ മകളെ സിഐ വി.ടി. ഷാജന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് ഇയാള്‍ മരിച്ചത്. സ്വാഭാവിക മരണമാണെന്നു പറഞ്ഞു ബന്ധുക്കള്‍ സംസ്കാരത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ കൊലപാതകമാണെന്ന് പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു.
തൃശൂര്‍ ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്പില് ഹാജരാക്കിയ പെണ്‍കുട്ടിക്ക് മജിസ്ട്രേറ്റ് ശാലിന വി.ജി. നായര്‍ ജാമ്യം അനുവദിച്ചു. സ്ഥിരമായി മദ്യപിക്കാറുള്ള ഗോപി കഴിഞ്ഞ ദിവസവും വീട്ടില്‍ ഭാര്യയും മക്കളുമായി വാക്കേറ്റമുണ്ടാകുകയും ഭാര്യയെ ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് മീന്‍ വെട്ടുകയായിരുന്നു മകള്‍ മീന്‍ വെട്ടിക്കൊണ്ടിരുന്ന കത്രിക ദേഷ്യത്തില്‍ വലിച്ചെറിയുകയും അത് ഗോപിയുടെ ദേഹത്ത് കൊണ്ട് മുറിവേല്‍ക്കുകയും ചെയ്തു. ഈ മുറിവാണ് മരണകാരണമായതെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയും മക്കളും ചേര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് സ്വാഭാവിക മരണമാണെന്ന് പറഞ്ഞ് സംസ്കാരം നടത്താന്‍ ഒരുക്കം നടത്തുന്നതിനിടെയാണ് പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: