കോട്ടയം: മില്‍മയുടെ പുതിയ ഉല്‍പ്പന്നമായ ഹോമോജനൈസ്ഡ് പാലിനോട് ഉപഭോക്താക്കള്‍ക്ക് അതൃപ്തി. മില്‍മയുടെ വിവിധ റീജിയണുകളില്‍ അടുത്തകാലത്താണ് പുതിയ ഉല്‍പ്പന്നം വിപണിയിലിറക്കിയത്. നേരത്തെ ഓറഞ്ച് കളറില്‍ ലഭിച്ചുകൊണ്ടിരുന്ന ജേഴ്സി പാല് പിന്‍വലിച്ചാണ് കടുത്ത നീലകളറിലുള്ള കവറില്‍ പുതിയ ഉല്‍പ്പനം വിപണിയിലെത്തിച്ചത്. ഈ പാലിന് രുചിയില്ലെന്നും തിളപ്പിക്കുമ്പോള്‍ പതഞ്ഞ് കിടക്കുകയുള്ളൂവെന്നുമാണ് ഉപഭോക്താക്കളുടെ പരാതി.
പുതിയപാല് വിപണിയിലെത്തിയശേഷം മില്‍മയുടെ കവര്‍പാല്‍ വില്‍പ്പനയില്‍ ഗണ്യമായ കുറവുകാണുന്നതായി മില്‍മ ബൂത്തുകാര്‍ പറയുന്നു. പലയിടത്തും നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ പകുതിയേ കവര്‍ പാല് വിറ്റുപോകുന്നുള്ളു. മില്‍മ പാല് തന്നെ വേണമെന്ന് നിഷ്കര്‍ഷയുള്ളവര്‍ നീലക്കവര്‍ ഉപേക്ഷിച്ച് കൊഴുപ്പു തീരെയില്ലാത്ത മഞ്ഞക്കവര്പാല് വാങ്ങുകയാണ്. മില്മപാല് വിതരണത്തില്‍ വലിയ കുറവു വന്നുവെന്ന് വന്‍കിട പാല്‍വിതരണക്കാരും പറയുന്നു.
2013 നവംബറില്‍ ഹോമോജനൈസ്ഡ് പാല് കോട്ടയത്തും 2014 ഫെബ്രുവരിയില്‍ പത്തനംതിട്ടയിലും വിപണിയിലെത്തി. പുതിയ ഉല്‍പ്പന്നത്തില്‍ 3.5 ശതമാനം കൊഴുപ്പുണ്ടെന്നും എന്നാല്‍ കൊഴുപ്പിനെ സാങ്കേതിക വിദ്യയിലൂടെ ചെറിയ കണികകളാക്കി പാലില്‍തന്നെ ലയിപ്പിച്ചിരിക്കുകയാണെന്നുമാണ് മില്‍മ അധികൃതര്‍ പറയുന്നത്. അതിനാലാണ് പാല് തിളപ്പിച്ചു വച്ചിരുന്നാല്‍ പാട ഉണ്ടാകാതിരിക്കുന്നത്. എന്നാല്‍, നേരത്തെ ഉണ്ടായിരുന്ന പാല് ഉപയോഗിച്ചവര്‍ക്ക് പുതിയ ഉല്‍പ്പന്നവുമായി പരിചയപ്പെടാന്‍ സമയമെടുക്കുമെന്നും അതുകൊണ്ടാണ് ഉപഭോക്താക്കള്‍ പരാതി പറയുന്നതെന്നും തിരുവനന്തപുരം അടക്കം പുതിയ ഉല്‍പ്പന്നം പുറത്തിറക്കിയിടത്ത് ഉപഭോക്താക്കള്‍ ഇവ വാങ്ങിതുടങ്ങിയിട്ടുണ്ടെന്നും മില്‍മ അധികൃതര്‍ പറഞ്ഞു.
മില്‍മ കവര്‍പാല്‍ വാങ്ങി ഉറ ഒഴിച്ച് തൈരാക്കുന്നതോടൊപ്പം വീട്ടാവശ്യത്തിനുള്ള നെയ്യും ഉപഭോക്താക്കള്‍ ഇതില്‍നിന്നും എടുത്തിരുന്നു. എന്നാല്‍ പുതിയ ഉല്‍പ്പന്നത്തില്‍ ഇത് ലഭിക്കുന്നില്ല. സ്വകാര്യ പാല് കമ്പനികളെ സഹായിക്കാനാണ് ഉപഭോക്താക്കള്‍ക്ക് താല്പര്യമില്ലാത്ത ഉല്‍പ്പന്നം അടിച്ചേല്‍പ്പിക്കുന്നതെന്നാണ് ബൂത്ത് ഉടമകള്‍ പറയുന്നത്.
അതേസമയം മില്‍മ പാലിന്റെ വിപണനത്തില്‍ കാര്യമായ വ്യത്യാസം അനുഭവപ്പെട്ടിട്ടില്ലെന്ന് നീല പായ്ക്ക്റ്റ് വാങ്ങാത്തവര്‍ മഞ്ഞ പായ്ക്കറ്റിലെ പാല് വാങ്ങുന്നുണ്ടെന്നും സ്വകാര്യ സംരംഭകര്‍ക്ക് പുതിയ പരിഷ്കാരം ഗുണകരമാകുന്നില്ലെന്നുമാണ് കോട്ടയം, പത്തനംതിട്ട ഡയറി മാനേജര്‍മാര്‍ വിശദീകരിക്കുന്നത്.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: