തിരുവനന്തപുരം: എല്‍ഐസി ഏജന്റുമാര്‍ പാര്‍ലമെന്റ് ഇലക്ഷന് ബഹിഷ്കരിക്കുമെന്ന് ആള് ഇന്ത്യ എല്‍ഐസി ഏജന്റ്സ് ഫെഡറേഷന് ദേശീയ സെക്രട്ടറി ജനറല്‍ തോന്നയ്ക്കല്‍ രാമചന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഐസിയെ തകര്‍ത്തുകൊണ്ട് ഇന്ത്യയിലെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പണമുണ്ടാക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര ഗവണ്മെന്റും ഐആര്‍ഡിഎയും എല്‍ഐസി മാനേജ്മെന്റും ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
എല്‍ഐസി ഏജന്റുമാര്‍ക്ക് യാതൊരു വിധ തൊഴില്‍ പരിപക്ഷയുമില്ല. കഴിഞ്ഞ ഡിസംബര്‍ 31ന് നിലവിലുണ്ടായിരുന്ന 56 പോളിസികള്‍ പിന്‍വലിച്ചു. പകരം എട്ട് പോളിസികള്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. ഇവക്ക് നിലവിലുള്ള പല ആനുകൂല്യങ്ങളും എടുത്ത് കളഞ്ഞിരിക്കുകയാണ്. കൂടാതെ ഗവണ്മെന്റിന്റെ സര്‍വ്വീസ് ചാര്‍ജ്ജും ചുമത്തിയിട്ടുണ്ട്. ഏജന്റന്മാരുടെ ആനുകൂല്യങ്ങളും കുറക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികള്‍ക്കെതിരെ ചൊവ്വാഴ്ച എല്‍ ഐ സിയുടെ എല്ലാ ഡിവിഷന് ഓഫീസുകളുടെ പടിക്കല്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഉപവാസവും ധര്‍ണയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന് ദേശീയ വൈസ് പ്രസിഡന്റ് ശശിധരന്‍പിള്ള, ഡിവിഷന് ഭാരവാഹി സുധീര്‍കുമാര്‍, ജില്ലാ ഭാരവാഹി മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: